തണുപ്പുകാലത്ത് ചർമ്മത്തിന് മൃദുത്വവും ഈർപ്പവും നൽകാൻ വീട്ടിൽ തന്നെ മോയ്സ്ചറൈസറുകൾ ഉണ്ടാക്കാം. കറ്റാർവാഴ ജെല്ലും വിറ്റാമിൻ ഇ ഓയിലും ചേർക്കുന്നത് ലൈറ്റ് മോയ്സ്ചറൈസറായി ഉപയോഗിക്കാം. കടുത്ത വരൾച്ച മാറ്റാൻ, ഷിയാ ബട്ടറും വെളിച്ചെണ്ണയും നല്ലതാണ്.
തണുപ്പുകാലത്ത് ചർമ്മം വരണ്ട്, ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയം ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ കടകളിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഫലപ്രദമായ പ്രകൃതിദത്ത മോയ്സ്ചറൈസറുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം.
കറ്റാർവാഴയും വിറ്റാമിൻ ഇ ഓയിലും ചേർന്ന ലൈറ്റ് മോയ്സ്ചറൈസർ
വരണ്ടതും എന്നാൽ അധികം എണ്ണമയം ഇഷ്ടമില്ലാത്തതുമായ ചർമ്മക്കാർക്ക് ഈ മിശ്രിതം ഉപയോഗിക്കാം.
ചേരുവകളും ഗുണങ്ങളും:
- കറ്റാർവാഴ ജെൽ : 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. ഇതിന് തണുപ്പ് നൽകാനുള്ള കഴിവുണ്ട്. വിന്ററിൽ ഉണ്ടാകുന്ന ചൊറിച്ചിലിനും ചുവപ്പ് നിറത്തിനും ആശ്വാസം നൽകും.
- വിറ്റാമിൻ ഇ ഓയിൽ: ഒരു ക്യാപ്സ്യൂളിൽ നിന്നോ അല്ലെങ്കിൽ വിറ്റാമിൻ ഇ ഓയിൽ ബോട്ടിലിൽ നിന്നോ ഒരു ടീസ്പൂൺ എടുക്കാം. ഇതിലെ ആൻ്റിഓക്സിഡൻ്റുകൾ ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ ബലപ്പെടുത്തുന്നു.
- വെളിച്ചെണ്ണ/ബദാം ഓയിൽ: 1 ടീസ്പൂൺ ഈ എണ്ണകളിൽ ഏതെങ്കിലും ചേർക്കുക. ഇത് ഫാറ്റി ആസിഡുകൾ നൽകി ഈർപ്പം നിലനിർത്താൻ സഹായിക്കും.
എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് ക്രീം രൂപത്തിലാക്കുക. ഇത് വായു കടക്കാത്ത, വൃത്തിയുള്ള പാത്രത്തിൽ സൂക്ഷിക്കാം.
ഷിയാ ബട്ടറും വെളിച്ചെണ്ണയും ചേർന്ന 'ഡീപ്പ്' ക്രീം
അമിതമായി വരണ്ട, അല്ലെങ്കിൽ പൊളിഞ്ഞിരിക്കുന്ന ചർമ്മക്കാർക്ക് ഈ കട്ടിയുള്ള ക്രീം മികച്ചതാണ്. ഇത് ചർമ്മത്തിൽ ഒരു സംരക്ഷണ കവചം തീർക്കുന്നു.
ചേരുവകളും ഗുണങ്ങളും:
- ഷിയാ ബട്ടർ : 2 ടേബിൾ സ്പൂൺ ഷിയാ ബട്ടർ ഉപയോഗിക്കുക. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവ ധാരാളമുണ്ട്. ഇത് വീക്കം കുറയ്ക്കാനും ഈർപ്പം ലോക്ക് ചെയ്യാനും സഹായിക്കും.
- വെളിച്ചെണ്ണ: 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇത് ചർമ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് പോഷണം നൽകുന്നു.
- ബദാം ഓയിൽ/ജോജോബ ഓയിൽ: 1 ടീസ്പൂൺ ഈ എണ്ണകളിൽ ഏതെങ്കിലും ചേർക്കുന്നത് ക്രീമിൻ്റെ ഗുണമേന്മ വർദ്ധിപ്പിക്കും.
ഷിയാ ബട്ടറും വെളിച്ചെണ്ണയും ഡബിൾ ബോയിലർ രീതിയിൽ (ചൂടുവെള്ളത്തിന് മുകളിൽ വെച്ച്) ലയിപ്പിക്കുക. ഇത് തണുത്ത ശേഷം മറ്റു എണ്ണകൾ ചേർത്ത് നന്നായി അടിച്ചെടുത്ത് (Whip) ക്രീം രൂപത്തിലാക്കുക.
ഗ്ലിസറിനും റോസ് വാട്ടറും (ക്ലാസിക് വിന്റർ ഹൈഡ്രേറ്റർ)
പണ്ടുമുതലേ തണുപ്പുകാലത്ത് ഉപയോഗിച്ച് വരുന്നതും വേഗത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ലോഷനാണിത്.
ചേരുവകളും ഗുണങ്ങളും:
- ഗ്ലിസറിൻ: 2 ടേബിൾ സ്പൂൺ ഗ്ലിസറിൻ എടുക്കുക. ഇത് ഒരു ഹ്യുമെക്ടൻ്റ് ആണ്. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് ചർമ്മത്തിൽ നിലനിർത്താൻ ഇത് സഹായിക്കും.
- റോസ് വാട്ടർ: 2 ടേബിൾ സ്പൂൺ റോസ് വാട്ടർ ചേർക്കുക. റോസ് വാട്ടർ ഗ്ലിസറിൻ കട്ടിയുള്ളതിനാൽ ലോഷൻ ലളിതമാക്കാനും ചർമ്മത്തിന് ഉന്മേഷം നൽകാനും സഹായിക്കും.
- നാരങ്ങാനീര് (ഓപ്ഷണൽ): എണ്ണമയമുള്ള ചർമ്മക്കാർക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർക്കാം.
രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ മിശ്രിതം പുരട്ടുന്നത്, രാവിലെ ചർമ്മത്തിന് മൃദുത്വം നൽകാൻ മികച്ചതാണ്. ഈ ഹോം മോയ്സ്ചറൈസറുകൾക്ക് കൃത്രിമ പ്രിസർവേറ്റീവുകൾ ഇല്ലാത്തതിനാൽ, ഇവ കുറഞ്ഞ അളവിൽ മാത്രം തയ്യാറാക്കാനും, വൃത്തിയുള്ള പാത്രങ്ങളിൽ സൂക്ഷിക്കാനും ശ്രദ്ധിക്കുക.


