കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന നടനും നര്‍ത്തകനുമായ നകുല്‍ തമ്പിയുടെ നിലയില്‍ ഇപ്പോഴും പുരോഗതിയില്ല. അപകടം നടന്ന് ഒരു മാസം തികയുമ്പോഴും നകുല്‍ അബോധാവസ്ഥയില്‍ തന്നെ തുടരുകയാണ്. തലച്ചോറിനേറ്റ സാരമായ പരിക്കാണ് നകുലിന് വലിയ തിരിച്ചടിയായത്. അതേസമയം ഡോക്ടര്‍മാര്‍ പ്രത്യാശ പകരുന്നുണ്ടെന്ന് തന്നെയാണ് നകുലിന്റെ സഹോദരന്‍ ഗോകുല്‍ പറയുന്നത്. 

'അവന് ഇടുപ്പെല്ലിനും നല്ല പരിക്കുണ്ട്. ബോധം വീണ്ടെടുക്കാനായാല്‍ അതിന് വേണ്ട സര്‍ജറിയിലേക്കും കടക്കാനാകും. അവന്റെ നില പതിയെ മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വാക്കുകളില്‍ കൂടി മനസിലാക്കാനാവുന്നത്. പക്ഷേ പരിപൂര്‍ണ്ണമായി എപ്പോള്‍ ഭേദപ്പെടും എന്നൊന്നും പറയാനാകാത്ത അവസ്ഥയാണ്...'- ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

നൃത്തത്തിലും അഭിനയത്തിലുമുള്ള മികവ് തെളിയിച്ച പ്രതിഭയാണ് ഇരുപതുകാരനായ നകുല്‍. 'പതിനെട്ടാം പടി' എന്ന ചിത്രത്തിലെ വേഷം നകുലിനെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാക്കിയിരുന്നു. 

കഴിഞ്ഞ അഞ്ചാം തീയ്യതിയാണ്, സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോയ ശേഷം തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നകുല്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്കും ഇടുപ്പെല്ലിനുമായിരുന്നു സാരമായ പരിക്ക്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിന്ന് മധുര, വേലമ്മാള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇവിടെ ചികിത്സയിലാണ് നകുല്‍. 

അച്ഛനും അമ്മയും മൂത്ത സഹോദരനുമടങ്ങുന്ന കൊച്ചുകുടുംബമാണ് നകുലിന്റേത്. അപകടം സംഭവിച്ച് ഇതിനോടകം തന്നെ കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം കുടുംബം ചിലവിട്ടുകഴിഞ്ഞു. ഇനി മുന്നോട്ടുള്ള ചികിത്സയ്ക്ക് നകുലിനെ സ്‌നേഹിക്കുന്നവരുടെഭാഗത്തുനിന്നുള്ള സഹായമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ക്രൗഡ് ഫണ്ടിംഗ് സൈറ്റായ 'Ketto.org' വഴി സഹായമെത്തിക്കാവുന്നതാണ്. ഇതിന്റെ ലിങ്കും നകുലിന്റെ സഹോദരന്‍ ഗോകുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. 

അഹാന കൃഷ്ണ, സാനിയ ഇയ്യപ്പന്‍ തുടങ്ങിയ താരങ്ങളും സിനിമാമേഖലയിലെ, നകുലിന്റെ മറ്റ് സുഹൃത്തുക്കളുമെല്ലാം സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 

ഗോകുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...