വളർത്തു പൂച്ച കടിച്ചെടുത്ത് വീട്ടിൽ കൊണ്ട് വന്നത് ഇരട്ടത്തലയുള്ള പാമ്പിനെ. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം.  വീട്ടുകാരിൽ വലിയ ഞെട്ടലാണ് ഇത് ഉണ്ടാക്കിയത്. 'സതേൺ ബ്ലാക്ക് റേസർ'  (Southern black racer) എന്നയിനം പാമ്പിനെയാണ് കണ്ടെത്തിയതെന്ന് ഫ്ളോറിഡ ഫിഷ് ആൻഡ് വൈൽഡ്ലൈഫ് കൺസർവേഷൻ കമ്മീഷൻ റിപ്പോർട്ട് ചെയ്തു.

ഫ്‌ളോറിഡ നിവാസിയായ കേ റോജേഴ്‌സിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ച പാമ്പിനെ പിടിച്ച് വീട്ടില്‍ കൊണ്ടുവരികയായിരുന്നു. മകളാണ് ഇക്കാര്യം തന്നെ വിളിച്ചറിയിച്ചതെന്നും എന്നാൽ ആദ്യം ഇത് വിശ്വസിച്ചിരുന്നില്ലെന്നും കേ റോജേഴ്‌സ് പറയുന്നു. തനിക്ക് വിശ്വാസം വരാത്തത് കൊണ്ട് മകൾ ഫോണിൽ പാമ്പിന്റെ ചിത്രങ്ങൾ അയച്ച് തരികയായിരുന്നു. ചിത്രം കണ്ടപ്പോള്‍ ഞെട്ടിപോയെന്നും കേ റോജേഴ്‌സ് പറഞ്ഞു.

വളര്‍ത്തു പൂച്ചയായ ഒലിവാണ് പാമ്പിനെ വീട്ടിനകത്ത് കൊണ്ടുവന്നത്. വീട്ടിലെ ചവിട്ടിയിലാണ് പൂച്ച പാമ്പിനെ കൊണ്ടുവന്നിട്ടത്. പാമ്പിനെ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് ഇത് അപൂര്‍വ്വയിനം പാമ്പാണെന്ന് മകള്‍ക്ക് മനസിലായതെന്നും അവർ പറയുന്നു.

ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന പാമ്പിന് രണ്ട് തലകളുണ്ടാകാൻ കാരണം 'ബൈസെഫാലി' എന്ന പ്രതിഭാസമാണ്. ഭ്രൂണ വികസനസമയത്ത് രണ്ട് മോണോസൈഗോട്ടിക് ഇരട്ടകളെ വേർതിരിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ തലകൾ ഒരൊറ്റ ശരീരത്തിൽ കൂടിച്ചേരുന്നു. ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ സംഭവിച്ച മാറ്റങ്ങളാകാം അപൂര്‍വ്വയിനം പാമ്പിന് കാരണമെന്ന് ഫ്‌ളോറിഡ ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ പറയുന്നു. ഇത്തരത്തിലുള്ള പാമ്പുകൾ അധികകാലം ജീവിക്കുന്നത് അപൂര്‍വ്വമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.