കൊച്ചി: ഫാഷന്‍ ലോകത്തെ പുത്തൻ ആശയങ്ങൾ റാംപിൽ എത്തിച്ച് യുവ ഡിസൈനർമാർ. എറണാകുളം ജെഡി ഫാഷൻ ടെക്നോളജിയിലെ  ഡിസൈനർമാർ ചേർന്നാണ് റാംപിൽ വിസ്മയം തീർത്തത്. കൊച്ചിയിൽ വച്ചായിരുന്നു ഫാഷൻ ഷോ അരങ്ങേറിയത്.

'ക്യുറേറ്റര്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയായിരുന്നു ഫാഷൻ ഷോ. ഫാഷൻ ഡിസൈനിംഗിൽ പുതുമ തേടുന്ന യുവ ഡിസൈനർമാർ 21 വ്യത്യസ്ത കളക്ഷനുകളാണ് അവതരിപ്പിച്ചത്. ജയ്പൂരിന്റെ വാസ്തുകലയുടെ സ്വാധീനവും പരമ്പരാഗത വിദ്യകളും ഉപയോഗിച്ച് റോ സില്‍ക്കില്‍ തീര്‍ത്ത നൂതന പാര്‍ട്ടി കളക്ഷനോടെയാണ് ഫാഷന്‍ ഷോ ആരംഭിച്ചത്.

വിജയനഗര സാമ്രാജ്യ കാലഘട്ടത്തിലെ സാരികളിലും വസ്ത്രധാരണ രീതികളിലും ആധുനികത കലര്‍ത്തിയുള്ള സൃഷ്ടികളും ശ്രദ്ധേയമായി. 1920 കാലഘട്ടത്തിലെ വനിതകളെ ഓര്‍മ്മപ്പെടുത്തുന്ന പാറ്റേണുകളും റാംപിൽ അണിനിരന്നു. ഡിസൈനര്‍ മികവിനൊപ്പം ധാര്‍മ്മികതയുൾപ്പെടെയുള്ള മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും യുവ ഡിസൈനര്‍മാര്‍ ശ്രദ്ധ ചെലുത്തി.