നീണ്ട തലമുടി ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ താരനും മുടി കൊഴിച്ചിലുമാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. പ്രത്യേകിച്ച് മഴക്കാലത്ത് തലമുടി കൊഴിച്ചില്‍ കുറച്ച് കൂടുതലായി കാണപ്പെടാം. ഈ സമയത്ത് തലമുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. 

തലമുടി കൊഴിച്ചില്‍ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ഉലുവ നല്ലതാണ് എന്നാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് റുജുത ദിവേകര്‍ പറയുന്നത്. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ. മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഗുണങ്ങൾ ഉലുവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉലുവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. താരനെ പ്രതിരോധിക്കാൻ ഉലുവ മികച്ചതാണ്. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. 

മുടി തഴച്ച് വളരാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം...

ഒന്ന്...

ചെറുചൂടു വെള്ളിച്ചെണ്ണയില്‍ ഉലുവ ഇടുക. തണുത്തതിന് ശേഷം ശിരോചർമ്മത്തിൽ പുരട്ടാം. 15 മിനിറ്റ് മസാജ് ചെയ്യാം. 45 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റു രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടുക. 45 മിനിറ്റിന് ശേഷം മുടി കഴുകാം. ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ താരനും മുടികൊഴിച്ചിലും നിശ്ശേഷം മാറും.

 

മൂന്ന്...

ഉലുവയും മുട്ടയുടെ മഞ്ഞയും മിശ്രിതമാക്കി മുടിയില്‍ പുരട്ടാം. 20 മിനിറ്റ് ശേഷം കഴുകി കളയാം. ഇത് മുടിയുടെ തിളക്കത്തിനും നല്ലതാണ്. 

നാല്... 

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടാം. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും മുടിയ്ക്ക് കറുപ്പ് നിറം നല്‍കാനും സഹായിക്കും. 

Also Read: അകാല നര അകറ്റാനും തലമുടി വളരാനും കറിവേപ്പില മാജിക് !