ഭംഗിയായി ഒരുങ്ങിനടക്കാനാഗ്രഹിക്കാത്ത പെണ്‍കുട്ടികളുടെ എണ്ണം താരതമ്യേന വളരെ കുറവായിരിക്കും. ഇതിന് നിറപ്പകിട്ടുള്ള വസ്ത്രങ്ങളോ, കനമേറിയ ആഭരണങ്ങളോ, കട്ടിയുള്ള മേക്കപ്പോ വേണമെന്നില്ല. പഴയകാലത്തില്‍ നിന്ന് വ്യത്യസ്തമായി 'സിമ്പിള്‍' ഫാഷനുകള്‍ തെരഞ്ഞെടുക്കാനാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഏറെയിഷ്ടപ്പെടുന്നത്. 

പെണ്‍കുട്ടികള്‍ മാത്രമല്ല, ഏത് പ്രായത്തിലുള്ള സ്ത്രീയും പുരുഷനുമെല്ലാം ഒരു പോലെ ഭംഗിയായി നടക്കാന്‍ താല്‍പര്യപ്പെടുന്ന കാലമാണിത്. എന്നാല്‍ ഇതിന് വേണ്ടി ഒരുപാട് പണം ചിലവാക്കാനും നമുക്കാവില്ല. അപ്പോള്‍ കുറഞ്ഞ ചിലവില്‍ വ്യത്യസ്തതയോടെ പുതുമയോടെ സ്വയം അവതരിപ്പിക്കുക എന്നത് തന്നെയാണ് ഫാഷനായി നിര്‍ണ്ണയിക്കപ്പെടുന്നത്. 

അത്തരത്തില്‍ ചുരുങ്ങിയ ചിലവില്‍ 'ക്ലാസ് ലുക്ക്' നല്‍കുന്ന ഒരു ആഭരണത്തെക്കുറിച്ചാണ് ഇനി പറയുന്നത്. നമുക്കറിയാം മിക്കവാറും നമ്മുടെ ഫാഷന്‍ ട്രെന്‍ഡുകളൊക്കെത്തന്നെ ബോളിവുഡില്‍ നിന്നാണ് തുടങ്ങുന്നത്. എന്നാല്‍ ബോളിവുഡിന്റെ സ്‌റ്റൈലുകളെല്ലാം നമ്മുടെ പോക്കറ്റിന് താങ്ങാറുമില്ല. ഈ ആഭരണത്തിന്റെ കാര്യത്തില്‍ അങ്ങനെയുള്ള ആശങ്കകളൊന്നും വേണ്ട, സംഗതി സിമ്പിള്‍, കാഴ്ചയക്ക് ക്ലാസ്, വില 'റീസണബിള്‍'. 

'ലെയേഡ് നെക്ലേസ്' എന്നറിയപ്പെടുന്ന നെക്ലേസിനെപ്പറ്റിയാണ് പറയുന്നത്. സ്വര്‍ണ്ണത്തിലും പ്ലാറ്റിനത്തിലും ഡയമണ്ടുകള്‍ പതിപ്പിച്ച് വില കൂടിയ 'ലെയേഡ് നെക്ലേസു'കളുണ്ട്. മുകളിലുള്ള ചിത്ത്രതില്‍ കരീന കപൂര്‍ ധരിച്ചിരിക്കുന്നത് അത്തരത്തിലൊന്നാണ്. എന്നാല്‍ ഇതിന്റെ ധാരാളം അനുകരണങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. സാധാരണ മെറ്റല്‍ ചെയിനുകള്‍ തന്നെ പല ലെയറുകളായി ചെയ്തിട്ടുള്ളവയാണിവ. 

200 രൂപ മുതല്‍ അങ്ങോട്ടാണ് ഇതിന്റെ ഓണ്‍ലൈന്‍ വില. മുത്തുകളോ, നക്ഷത്രമോ ഡോള്‍ഫിനോ ഒക്കെ പോലുള്ള രൂപങ്ങളോ ഡിസൈന്‍ ചെയ്ത് ഇടയ്ക്ക് പിടിപ്പിച്ച് അതിമനോഹരമായ 'ലെയേഡ് നെക്ലേസ്' കാഴ്ചയ്ക്ക് ഒട്ടും തന്നെ കനം തോന്നിക്കുന്നതല്ല. ജീന്‍സും ടോപ്പും ഷേര്‍ട്ടും ഉള്‍പ്പെടെ ഏത് തരം വസ്ത്ത്രതിനൊപ്പവും ഇത് ഇണങ്ങുമെന്നതും ശ്രദ്ധേയമാണ്. 

'ലെയേഡ് നെക്ലേസ്' ധരിക്കുമ്പോള്‍ അധികവും കമ്മല്‍ ഒഴിവാക്കുന്നതാണ് ഭംഗി. അല്ലെങ്കില്‍ നെക്ലേസിനോട് ചേര്‍ന്നിണങ്ങി നില്‍ക്കുന്ന കമ്മലുകള്‍ തെരഞ്ഞെടുക്കാം. കോളേജിലോ സ്‌കൂളിലോ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കോ, ജോലി ചെയ്യുന്നവര്‍ക്കോ, വീട്ടമ്മമാര്‍ക്കോ എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡിസൈന്‍. ഫാന്‍സി ആഭരണങ്ങളിഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും തനിക്കായി തെരഞ്ഞെടുക്കാവുന്ന ഒരു പുത്തന്‍ സമ്മാനം എന്നുപറയാം.