പ്രസവത്തോട് അനുബന്ധിച്ച് കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഏഴു മാസം അവധി അനുവദിച്ചിരിക്കുകയാണ് ഫിൻലാൻഡ്. കുഞ്ഞിന്റെ വളർച്ചയുടെ ആദ്യ കാലഘട്ടത്തിൽ അമ്മയുടേതെന്ന പോലെ അച്ഛന്റെ പങ്കും വളരെ പ്രധാനമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 

ഇന്ത്യയിൽ നിലവിൽ ഗവൺമെന്റ് ജീവനക്കാർക്കും ചില സ്വകാര്യ മേഖലാ ജീവനക്കാർക്കും 15 ദിവസം വരേയൊക്കെ പറ്റേണിറ്റി ലീവ് ലഭിക്കാറുണ്ട്. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും അവധിയെടുത്തു കുഞ്ഞിന്റെ ഒപ്പം സമയം ചെലവഴിക്കുന്ന അച്ഛന്മാർ തുടർന്നും ശിശു പരിപാലനത്തിൽ ശ്രദ്ധിക്കാറുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ഇതോടെ പ്രസവാവധിയുടെ കാര്യത്തിൽ ലിംഗ തുല്യത നടപ്പാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫിൻലാൻഡ്. പുതിയ നയം അനുസരിച്ചു പങ്കാളികൾക്കു വേണമെങ്കിൽ ലീവുകൾ അങ്ങോട്ടും ഇങ്ങോട്ടും ട്രാൻസ്ഫർ ചെയ്യാം. സിംഗിൾ പേരന്റാണെങ്കിൽ 14 മാസം വരെ അവധിയെടുക്കാം.