മധുരൈ: ഇന്ത്യയിലെ ആദ്യത്തെ 'ട്രാന്‍സ്‌ജെന്‍ഡര്‍ ലൈബ്രറി' മധുരൈയില്‍ തുറന്നു. വിശ്വനാഥപുരത്തെ 'ട്രാന്‍സ്‌ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററി'ന്റെ ഭാഗമായാണ് ഇത്തരമൊരു ലൈബ്രറിയും തുടങ്ങിയിരിക്കുന്നത്. 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്നവരുടെ ജീവിതവും അവരനുഭവിക്കുന്ന കഷ്ടതകളും പുറംലോകത്തെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ 2016ലാണ് 'ട്രാന്‍സ്‌ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍' തുടങ്ങിയത്. നിരവധി പരിപാടികളാണ് സെന്ററിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്നത്. ഇതിന്റെ തുടര്‍പ്രവര്‍ത്തനം എന്ന നിലയ്ക്കാണ് ഇപ്പോള്‍ ലൈബ്രറിയും തുടങ്ങിയിരിക്കുന്നത്. 

'ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ ഈ ലൈബ്രറി ഉപകരിക്കും. അതുപോലെ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്...'- റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ പ്രിയ ബാബു പറഞ്ഞു. 

2011ലെ കണക്ക് പ്രകാരം, 4,90,000 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ 21,000 പേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്.