ലോകത്തിലെ ഏറ്റവും വലിയ കടല്‍ മത്സ്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ് തിമിംഗല സ്രാവ്. വലിപ്പം കൊണ്ടും നീളം കൊണ്ടുമെല്ലാം വമ്പനാണ് ഇവന്‍. എന്നാല്‍ വംശനാശഭീഷണി നേരിടുന്നതിനാല്‍ തന്നെ, അപൂര്‍വ്വമായേ ഇവയെ കാണാന്‍ കിട്ടൂ. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്, മത്സ്യബന്ധനത്തിന് പോയ ഒരു സംഘത്തിന്റെ വലയില്‍ ഇത്തരത്തിലൊരു വമ്പന്‍ കുടുങ്ങിയിരുന്നു. എന്നാല്‍, 'റെഡ് ലിസ്റ്റി'ല്‍ ഉള്‍പ്പെട്ടിരിക്കുന്ന തിമിംഗല സ്രാവിനെ അവര്‍ തിരിച്ച് കടലിലേക്ക് തന്നെ വിട്ടു. 

ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രകൃതിയോടും മറ്റ് ജീവജാലങ്ങളോടും മനുഷ്യനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് മത്സ്യത്തൊഴിലാളികളുടെ വീഡിയോ എന്ന് പലരും കുറിക്കുന്നു. 

വലയില്‍ കുരുങ്ങിയതിന്റെ വെപ്രാളത്തില്‍ വാലും ദേഹവും ഇട്ട് വിറപ്പിച്ചുകൊണ്ടിരിക്കുന്ന വമ്പന്‍ തിമിംഗലസ്രാവിനെ സാവധാനം കയറില്‍ കെട്ടി തിരിച്ച് കടലിലേക്കിറക്കുന്നതാണ് വീഡിയോയിലുള്ളത്. വളരെയധികം പാടുപെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഇത് ചെയ്തതെന്നും വീഡിയോയിലൂടെ വ്യക്തിമാണ്.

'ഇന്‍ സീസണ്‍ ഫിഷ്' എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ വൈറലായിരിക്കുന്നത്. പരിസ്ഥിതി വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും ആരോഗ്യകരമായ സംവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഒരു സംഘമാണ് 'ഇന്‍ സീസണ്‍ ഫിഷ്' എന്ന അക്കൗണ്ടിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതായാലും ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോ, കേരളത്തിനും കോഴിക്കാടിനും, നമ്മുടെ ആകെ മത്സ്യത്തൊഴിലാളികള്‍ക്കുമെല്ലാം ഒരുപോലെ അഭിമാനിക്കാവുന്ന ഒന്നാണ്.

വീഡിയോ കാണാം...