ഒറ്റ പ്രസവത്തില്‍ സമൃദ്ധി എന്ന കടുവ ജന്മം നല്‍കിയത് അഞ്ച് കുഞ്ഞുങ്ങള്‍ക്ക്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഔറംഗാബാദ് മൃഗശാല അധികൃതര്‍ അറിയിച്ചു. 

 അമ്മയെയും കുഞ്ഞിനെയും സിസിടിവി ക്യാമറയിലൂടെ നിരീക്ഷിച്ചാണ് പരിചരണം നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അധികൃതർ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റര്‍ സംവിധാനം കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്.

 

 

രാവിലെ അഞ്ചു മണിയ്ക്കാണ് കടുവ പ്രസവിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. സമൃദ്ധിയും പങ്കാളി സിദ്ധാര്‍ത്ഥും അഞ്ച് കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി മാറിയിരിക്കുന്നുവെന്നും ആശംസകൾ നേരുന്നുവെന്നും മൃഗശാല അധികൃതര്‍ പറഞ്ഞു.

 

 

 2016 ല്‍ ഇതേ ജോഡികള്‍ ഒരു ആണ്‍ കുഞ്ഞിനും രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിൽ ഒരു ആണ്‍ കുഞ്ഞ് കടുവയ്ക്കും മൂന്ന് പെണ്‍ കുഞ്ഞുങ്ങൾക്കും സമൃദ്ധി ജന്മം നൽകിയിരുന്നു.