അഴകാര്‍ന്ന തലമുടി ആഗ്രഹിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. എന്നാല്‍ പലര്‍ക്കും തലമുടി പരിചരിക്കാന്‍ കഴിയാറില്ല എന്നതാണ് സത്യം. തലമുടി കൊഴിച്ചിലും താരനുമാണ് പലരുടെയും പ്രധാന പ്രശ്നം. ഇതിന് ചില നാടന്‍ വഴികള്‍ പരീക്ഷിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നതാണ് കറ്റാര്‍വാഴ. 

നിരവധി പ്രയോജനങ്ങളുള്ള ഒരു അദ്ഭുത സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാനുള്ള ഗുണങ്ങളടങ്ങിയ കറ്റാർവാഴയെ പ്രകൃതിയുടെ വരദാനം എന്നു തന്നെ വിശേഷിപ്പിക്കാം. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ കറ്റാര്‍വാഴ തലമുടിക്കും ചര്‍മ്മത്തിനും ഒരുപോലെ പ്രയോജനമാണ്. 

കറ്റാർവാഴ ജെൽ മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയിലെ ചൊറിച്ചിൽ തടയുന്നതിനും താരൻ അകറ്റുന്നതിനും സഹായിക്കും. മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. ഒപ്പം മുടിയുടെ തിളക്കത്തിനും കറ്റാര്‍വാഴ ഗുണകരമാണ്. ഇതിനായി കറ്റാർവാഴ ഈ അഞ്ച് രീതിയില്‍ ഉപയോഗിക്കാം...

ഒന്ന്...

അര കപ്പ് കറ്റാര്‍വാഴ ജെല്ലും അര കപ്പ് ഇഞ്ചിനീരും മിശ്രിതമാക്കുക. ശേഷം ഇത് തലമുടിയില്‍ നന്നായി പുരട്ടി മസാജ് ചെയ്യാം. 40 മിനിറ്റിന് ശേഷം കഴുകി കളയാം. 

രണ്ട്...

ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ശിരോചര്‍മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. മുടിയുടെ തിളക്കത്തിനും മുടി വളരാനും ഇത് സഹായിക്കും. 

 

മൂന്ന്...

ഒരു ടീസ്പൂണ്‍  കറ്റാര്‍വാഴ ജെല്ലും സവാളയുടെ നീരും മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. 30 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. താരന്‍ അകറ്റാനും തലമുടി വളരാനും ഇത് സഹായിക്കും. 

നാല്... 

അര കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ മൂന്ന് ടീസ്പൂണ്‍  ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ നന്നായി പുരട്ടി മസാജ് ചെയ്യാം. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.  

അഞ്ച്...

രണ്ട് ടീസ്പൂണ്‍ ആവണക്കെണ്ണയും ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. മുടി വളരാന്‍ സഹായിക്കുന്ന ഒരു കൂട്ടാണിത്. ഒപ്പം താരന്‍ അകറ്റാനും ഇത് ആഴ്ചയില്‍ ഒരുതവണ ചെയ്യുന്നത് നല്ലതാണ്. 

Also Read: മുഖത്തെ കറുത്ത പാടുകൾ മാറ്റാം; കറ്റാര്‍വാഴ കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ...