കനത്ത പ്രളയത്തില്‍ മരവിച്ചുപോയിരിക്കുകയാണ് ബീഹാര്‍, അസം, മിസോറാം എന്നീ സംസ്ഥാനങ്ങള്‍. അന്‍പതോളം പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായതാണ് റിപ്പോര്‍ട്ട്. ലക്ഷക്കണക്കിന് പേര്‍ പ്രളയത്തോടെ ദുരിതത്തിലായി. കിടപ്പാടവും ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും അഭയവുമില്ലാതെ കഴിയുകയാണിവര്‍. 

ഇതിനിടെ അസമിലെ കസിരംഗ ദേശീയോദ്യാനവും പ്രളയജലത്തില്‍ മുങ്ങിപ്പോയി. കാണ്ടാമൃഗങ്ങളുടെ വാസകേന്ദ്രമായിരുന്നു ഇവിടം. രണ്ട് കാണ്ടാമൃഗങ്ങളുള്‍പ്പെടെ പല മൃഗങ്ങളും ചത്തുപോയി. വെള്ളക്കെട്ടില്‍ മുങ്ങിയ ഒരു കുഞ്ഞുകാണ്ടാമൃഗത്തെ ഫോറസ്റ്റ് ഗാര്‍ഡുകള്‍ രക്ഷിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണിപ്പോള്‍. 

മനുഷ്യരുടെ ജീവനൊപ്പം തന്നെ മൃഗങ്ങളുടെ ജീവനും വിലകല്‍പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞതിലുള്ള സന്തോഷം അറിയിച്ചുകൊണ്ടാണ് വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. ഹൃദയം തൊടുന്ന കാഴ്ചയെന്നും, കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നും പലരും വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കി.