എന്ത് എണ്ണ തേച്ചാലും എന്തെല്ലാം പരിഹാരങ്ങള്‍ നോക്കിയാലും ചിലുടെ മുടി കൊഴിച്ചിലിന് യാതൊരു ശമനവും ഉണ്ടാകാറില്ല. ഒരു ആരോഗ്യപ്രശ്‌നമെന്നതിനേക്കാള്‍ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു മാനസിക പ്രശ്‌നം കൂടിയായി മുടി കൊഴിച്ചിലിനെ കണക്കാക്കണം. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാരണങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ കഴിയേണ്ടത് അത്യാവശ്യമാണ്. ഈ കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ, മുടി കൊഴിച്ചിലിനെ ഫലപ്രദമായി നേരിടാനും കഴിയുകയുള്ളൂ. 

നിത്യജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് മുടി കൊഴിച്ചില് ഏറ്റവുമധികം കാരണമാകുന്നത്. അത്തരത്തിലുള്ള അഞ്ച്  കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ഡയറ്റില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലുണ്ടാക്കാറുണ്ട്. ഉദാഹരണത്തിന് കലോറികള്‍ കുറച്ചുകൊണ്ടുള്ള ഡയറ്റ് സ്വീകരിക്കുന്ന സമയത്ത് ഈ പ്രശ്‌നം നേരിട്ടേക്കാം. നമ്മള്‍, നമ്മുടെ ശരീരഭാരം അനുസരിച്ച് ആവശ്യമായ പ്രോട്ടീന്‍ ഭക്ഷണത്തില്‍ നിന്ന് നേടിയിരിക്കണം. ഇല്ലാത്ത പക്ഷവും മുടി കൊഴിച്ചിലുണ്ടാകാം. പ്രോട്ടീന്‍ മുടിക്ക് വളരെ അത്യാവശ്യമായി വേണ്ട ഘടകമാണെന്ന് എപ്പോഴും ഓര്‍ക്കുക. 

രണ്ട്...

ചില വിറ്റാമിനുകളുടെ കുറവും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. വിറ്റാമിന്‍ ബി-12, ഡി എന്നിവയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. മുടിയുടെ വളര്‍ച്ചയേയും, തലയോട്ടിയുടെ ആരോഗ്യത്തേയും നിലനിര്‍ത്തുന്ന രണ്ട് ഘടകങ്ങളാണ് ഇവ. വിറ്റാമിന്‍ ബി-12 ലഭിക്കാന്‍ ഇറച്ചിയും പാലുത്പന്നങ്ങളുമാണ് കഴിക്കേണ്ടത്. ഭക്ഷണത്തിലൂടെ ആവശ്യത്തിന് വിറ്റാമിന്‍ സംഘടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് ഡോക്ടറെ കണ്ട ശേഷം ഗുളികകളിലൂടെ നേടിയെടുക്കാവുന്നതുമാണ്. 

മൂന്ന്...

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളിലും മുടി കൊഴിച്ചില്‍ ഉണ്ടാകാറുണ്ട്. ഇത്തരം ഗുളികകള്‍ ഉണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുടി കൊഴിച്ചിലുണ്ടാകാന്‍ കാരണമാകുന്നത്. 

നാല്...

ഗര്‍ഭിണിയായിരിക്കുമ്പോഴും ചിലരില്‍ മുടി കൊഴിച്ചില്‍ പതിവാകാറുണ്ട്. ഇതും നേരത്തേ സൂചിപ്പിച്ചത് പോലെ ഹോര്‍മോണില്‍ വരുന്ന വ്യത്യാസം മൂലമാണ് സംഭവിക്കുന്നത്. പ്രസവത്തിന് ശേഷം ഏതാനും മാസങ്ങള്‍ കൂടിയും ഇത് ഒരുപക്ഷേ തുടര്‍ന്നേക്കാം.

അഞ്ച്...

മുടി എത്തരത്തിലെല്ലാമാണ് കെട്ടിവയ്ക്കുന്നത് എന്ന കാര്യവും വളരെ പ്രധാനമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇതും മുടി കൊഴിച്ചിലിനെ സ്വാധീനിക്കുന്ന ഒരു ഘടകം തന്നെയാണ്. ഉദാഹരണത്തിന് പോണി ടെയില്‍ സ്‌റ്റൈല്‍ സ്ഥിരമായി പിന്തുടരുന്ന ഒരാളില്‍ മുടി എളുപ്പത്തില്‍ നശിക്കാനുള്ള സാധ്യത കൂടുതലാണത്രേ. കഴിവതും മുടി സ്വസ്ഥവും സ്വതന്ത്രവുമായി ഇടുന്നതാണ് ഏറ്റവും നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.