'സ്ട്രോബെറി ലെഗ്‌സ്' മാറ്റാനുള്ള വഴികൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തെറ്റായ ഷേവിംഗ് രീതികളും ചർമ്മം മോയിസ്ചറൈസ് ചെയ്യാതിരിക്കുന്നതുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം.
തികഞ്ഞ സൗന്ദര്യസങ്കൽപ്പം ആവശ്യപ്പെടുന്ന സോഷ്യൽ മീഡിയ യുഗത്തിൽ, സാധാരണമായ ചർമ്മപ്രശ്നങ്ങൾ പോലും ജെൻ സി യുവതയ്ക്ക് വലിയ സമ്മർദ്ദമായി മാറുകയാണ്. ഷേവിംഗിന് ശേഷം കാലുകളിൽ കാണപ്പെടുന്ന 'സ്ട്രോബെറി ലെഗ്‌സ്' പോലുള്ള പാടുകൾ ഈ തലമുറക്കിടയിലെ ഏറ്റവും പുതിയ സൗന്ദര്യ ഭീതിയായി മാറിക്കഴിഞ്ഞു. കാലുകളിലെ കറുത്ത കുത്തുകൾ അഥവാ 'സ്ട്രോബെറി ലെഗ്‌സ്' ആണ് ഇപ്പോൾ ജെൻ സിയുടെ പ്രധാന ചർച്ചാവിഷയം.
സോഷ്യൽ മീഡിയയിൽ കാണുന്ന താരങ്ങളുടെയും ഇൻഫ്ലുവൻസർമാരുടെയും തികഞ്ഞ, പാടുകളില്ലാത്ത കാലുകളുമായി സ്വന്തം കാലുകൾ താരതമ്യം ചെയ്യുമ്പോൾ, സ്ട്രോബെറി ലെഗ്‌സ് എന്ന അവസ്ഥ ജെൻ സി-കളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു അവസ്ഥയാണെങ്കിലും, ഇൻഫ്ലുവൻസർമാർ നൽകുന്ന സന്ദേശം ഇത് മാറ്റിയെടുത്തേ മതിയാകൂ എന്നതാണ്.
'സ്ട്രോബെറി ലെഗ്‌സ്' മാറ്റാനുള്ള വഴികൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഷുഗർ സ്ക്രബ്ബുകൾ, ആസിഡ് ടോണറുകൾ, മറ്റ് കെമിക്കൽ എക്സ്ഫോളിയന്റുകൾ എന്നിവയുടെ ഉപയോഗത്തെക്കുറിച്ചുള്ള ദശലക്ഷക്കണക്കിന് വീഡിയോകളാണ് ജെൻ സി കാണുന്നത്. പലരും ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ, സാലിസിലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. എന്നാൽ, ഈ ആസിഡുകൾ അമിതമായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ ചുവന്ന പാടുകൾ, ചൊറിച്ചിൽ, അല്ലെങ്കിൽ ചർമ്മത്തിന്റെ സംരക്ഷണ പാളികൾക്ക് തകരാർ വരുത്താൻ സാധ്യതയുണ്ട്.
സ്ട്രോബെറി ലെഗ്‌സ് ഒരു വലിയ രോഗമല്ല. മറിച്ച്, തെറ്റായ ഷേവിംഗ് രീതികളും, ചർമ്മം മോയിസ്ചറൈസ് ചെയ്യാതിരിക്കുന്നതുമാണ് ഇതിന് പ്രധാന കാരണം. നിങ്ങളുടെ ചർമ്മം സ്വാഭാവികമായി മൃദുവായി നിലനിർത്താനും 'സ്ട്രോബെറി ലെഗ്‌സ്' എന്ന അവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്ന മാർഗങ്ങൾ ഇതാ;
1. പഞ്ചസാരയും, ഉപ്പും ഉപയോഗിച്ചുള്ള എക്‌സ്‌ഫോളിയേഷൻ
ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും രോമകൂപങ്ങളിലെ തടസ്സം മാറ്റാനും ഇത് സഹായിക്കുന്നു. പഞ്ചസാരയോ ഉപ്പോ അൽപം ഒലിവ് ഓയിലോ അല്ലെങ്കിൽ വെളിച്ചെണ്ണയോ ചേർത്ത് മിക്സ് ചെയ്യുക. നനഞ്ഞ കാലുകളിൽ ഇത് പുരട്ടി 2-3 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാം.
2. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ചർമ്മത്തിന്റെ പി.എച്ച് നില സന്തുലിതമാക്കാനും ഒരു മൈൽഡ് എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കാനും സഹായിക്കും. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിൽ കുറച്ച് തുള്ളി വെള്ളം ചേർത്ത് മിനുസമുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് പാടുകളുള്ള ഭാഗത്ത് പുരട്ടി 5-10 മിനിറ്റ് വച്ചശേഷം കഴുകിക്കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം.
3. കറ്റാർ വാഴ ജെൽ
കറ്റാർ വാഴ ചർമ്മത്തിലെ ചുവപ്പ് കുറയ്ക്കാനും എരിച്ചിൽ മാറ്റാനും ഈർപ്പം നൽകാനും സഹായിക്കുന്നു. ശുദ്ധമായ കറ്റാർ വാഴ ജെൽ നേരിട്ട് കാലുകളിൽ പുരട്ടുക. 10-15 മിനിറ്റിനുശേഷം കഴുകിക്കളയാം. ദിവസേന ഇത് ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ടെക്സ്ചർ മെച്ചപ്പെടുത്തുകയും പാടുകൾ കുറയ്ക്കുകയും ചെയ്യും.
4. വെളിച്ചെണ്ണ
ചർമ്മം ഈർപ്പമുള്ളതാക്കി നിലനിർത്തുന്നത് രോമകൂപങ്ങൾ അടഞ്ഞുപോകാതെ സംരക്ഷിക്കാൻ സഹായിക്കും. കുളിച്ച ശേഷം, നനവ് മാറും മുമ്പ് വെളിച്ചെണ്ണ, ബദാം ഓയിൽ അല്ലെങ്കിൽ ജോജോബ ഓയിൽ പോലുള്ള എണ്ണകൾ ചർമ്മത്തിൽ മസാജ് ചെയ്യുക. ദിവസവും ഇത് ഉപയോഗിക്കുന്നത് മൃദലമായ ചർമ്മം നൽകും. ഈ വീട്ടുവൈദ്യങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയും, ശരിയായ ഷേവിംഗ് രീതികൾ പിന്തുടരുകയും ചെയ്താൽ സ്ട്രോബെറി ലെഗ്‌സ് കുറയ്ക്കാൻ സാധിക്കും.
സ്ട്രോബെറി ലെഗ്‌സ് ഒഴിവാക്കാൻ ഷേവ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ:
1. ഷേവ് ചെയ്യുന്നതിന് മുമ്പ് 5 മുതൽ 10 മിനിറ്റ് വരെ ചൂടുവെള്ളത്തിൽ കുളിക്കുകയോ അല്ലെങ്കിൽ ആ ഭാഗം ചൂടുവെള്ളത്തിൽ കഴുകുകയോ ചെയ്യുക.
ഷേവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഒരു സ്ക്രബ് ഉപയോഗിച്ച് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത്, മൃതകോശങ്ങളെ നീക്കം ചെയ്യാനും റേസർ സുഗമമായി നീങ്ങാനും സഹായിക്കും.
2. മൂർച്ചയുള്ളതും വൃത്തിയുള്ളതുമായ റേസർ മാത്രം ഉപയോഗിക്കുക. മൂർച്ച കുറഞ്ഞ റേസർ ഉപയോഗിക്കുന്നത് ചർമ്മത്തിൽ മുറിവുണ്ടാക്കുകയും ചെയ്യും, ഇത് രോമകൂപങ്ങൾക്ക് ചുറ്റും വീക്കമുണ്ടാക്കും. ഒരിക്കലും ഡ്രൈ ഷേവ് ചെയ്യരുത്. ഷേവിംഗിനായി കട്ടിയുള്ള മോയിസ്ചറൈസിംഗ് ഷേവിംഗ് ജെല്ലോ ക്രീമോ ഉപയോഗിക്കുക.
3. ആദ്യമായി ഷേവ് ചെയ്യുമ്പോൾ രോമം വളരുന്ന ദിശയിൽ മാത്രം റേസർ നീക്കുക. ഇത് 'ഇൻഗ്രോൺ ഹെയർ' ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരേ ഭാഗത്ത് വീണ്ടും വീണ്ടും റേസർ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് ചർമ്മത്തിന് അനാവശ്യമായ ക്ഷതങ്ങൾ ഉണ്ടാക്കും.
4. ഷേവ് ചെയ്ത ശേഷം ആ ഭാഗം തണുത്ത വെള്ളത്തിൽ കഴുകുന്നത് തുറന്ന രോമകൂപങ്ങൾ അടയാൻ സഹായിക്കും. ഷേവ് ചെയ്ത് ചർമ്മം ഉണങ്ങിയ ഉടൻ തന്നെ ഒരു മോയിസ്ചറൈസർ ഉപയോഗിച്ച് കാലുകൾ നന്നായി മസാജ് ചെയ്യുക. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തും.
ഈ ലളിതമായ ശീലങ്ങൾ നിങ്ങളുടെ ഷേവിംഗ് ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് 'സ്ട്രോബെറി ലെഗ്‌സ്' വരാതെ തടയാൻ സഹായിക്കും.


