വെള്ളയും കറുപ്പും ചാരനിറത്തിലും ബ്രൗണ്‍ നിറത്തിലുമെല്ലാം നമ്മള്‍ പൂച്ചകളെ കണ്ടിട്ടുണ്ട്. എന്നാല്‍ മഞ്ഞനിറത്തിലൊരു പൂച്ചയെ ആരെങ്കിലും കണ്ടവരുണ്ടോ? ഇനിയിപ്പോള്‍ ഈ ചോദ്യത്തിന് 'യെസ്' എന്ന ഉത്തരം തരാം. 

കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്ബുക്കില്‍ ഒരു മഞ്ഞപ്പൂച്ചയിങ്ങനെ കറങ്ങിനടക്കുന്നുണ്ട്. ഒറ്റനോട്ടത്തില്‍ 'പികാച്ചു' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും ഈ മഞ്ഞപ്പൂച്ച. 

സംഗതി പൂച്ചയുടെ ഉടമസ്ഥയായ പെണ്‍കുട്ടിക്ക് പറ്റിയൊരു അബദ്ധമാണ്. തായ്‌ലാന്‍ഡുകാരിയായ സുപമാസ് എന്ന പെണ്‍കുട്ടിയുടേതാണ് പൂച്ച. ഇതിന്റെ കാലുകളില്‍ എന്തോ ഫംഗല്‍ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മഞ്ഞള്‍ തേച്ച് സുഖപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു സുപമാസ്. 

കൂട്ടത്തില്‍ വെറുതെ ഒരു രസത്തിന് പൂച്ചയുടെ ദേഹമാകെയും മഞ്ഞള്‍ സ്‌ക്രബ്ബര്‍ ഉരച്ചു. അല്‍പസമയം കഴിഞ്ഞപ്പോഴേക്ക് നല്ല 'ബ്രൈറ്റ് യെല്ലോ' നിറമായി പൂച്ചയ്ക്ക്. പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ സുപമാസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആദ്യം പങ്കുവച്ചത്. 

കൗതുകം തോന്നി നോക്കിയവരൊക്കെ എന്താണ് പൂച്ചയുടെ മഞ്ഞനിറത്തിന് പിന്നിലെ കാരണം എന്നും അന്വേഷിച്ചു. മിക്കവരും 'മഞ്ഞപ്പൂച്ച' ചിത്രങ്ങള്‍ സ്വന്തം വാളിലും പങ്കുവച്ചു. അങ്ങനെ വൈറലായിരിക്കുകയാണ് ഇപ്പോള്‍ സുപമാസിന്റെ പൂച്ച.

Also Read:- വളർത്തു നായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ തലയിലേക്ക് പൂച്ച ചാടി; മധ്യവയസ്ക്കന്‍ ബോധരഹിതനായി; വീഡിയോ...