മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിത്തെറിച്ച് അപകടമുണ്ടായ സംഭവങ്ങള്‍ എത്രയോ നമ്മള്‍ വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇതേ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുക തന്നെയാണ്. അല്‍പമൊരു കരുതലോ ശ്രദ്ധയോ ഇക്കാര്യത്തില്‍ സൂക്ഷിച്ചിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടമെന്നേ ഓരോന്നും കേള്‍ക്കുമ്പോള്‍ തോന്നാറുള്ളൂ, അല്ലേ? 

അതുതന്നെയാണ് ഈ പതിന്നാലുകാരിക്കും സംഭവിച്ചത്. ഖസക്കിസ്ഥാനിലെ ബസ്‌തോബ് എന്ന സ്ഥലത്താണ് ആല്വ അസെറ്റ്കിസി, തന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. രാത്രിയില്‍ മൊബൈല്‍ ഫോണുമായി കിടക്കയിലേക്ക് വീഴുന്നത് ഇപ്പോള്‍ കൗമാരക്കാരുടെ പതിവാണ്. ആല്വയും ഇതേ ശീലം പിന്തുടര്‍ന്നിരുന്നയാളായിരുന്നു. 

അന്ന് രാത്രിയും അവള്‍ ഫോണില്‍ പാട്ട് വച്ച് ഉറങ്ങാനായി കിടന്നു. ചാര്‍ജ് കുറവായിരുന്നതിനാല്‍ ഫോണ്‍ ചാര്‍ജില്‍ കുത്തിയ ശേഷം തലയിണയ്ക്കടുത്തായി വച്ചു. രാത്രി ഏറെയായിട്ടും ഫോണ്‍ ചാര്‍ജില്‍ നിന്ന് മാറ്റിയിരുന്നില്ല. അങ്ങനെ അമിതമായി ചൂടായ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഒറ്റയ്‌ക്കൊരു മുറിയില്‍ കിടന്നിരുന്നതിനാല്‍ തന്നെ ആല്വയ്ക്ക് പറ്റിയ അപകടത്തെപ്പറ്റി വീട്ടിലെ മറ്റാരും അറിഞ്ഞില്ല. 

രാവിലെ മകളെ ഉണര്‍ത്താനായി വന്നുനോക്കിയ അമ്മയാണ് അവളെ അനക്കമറ്റ നിലയില്‍ കണ്ടത്. അടുത്തുതന്നെ പൊട്ടിത്തെറിച്ചത് പോലെ അവളുടെ സ്മാര്‍ട്ട്‌ഫോണും കിടക്കുന്നു. അവര്‍ ഉടന്‍ തന്നെ മറ്റുള്ളവരുടെ സഹായത്തോടെ മകളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകളായി എന്ന വിവരം അറിയിക്കാന്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് സാധിച്ചുള്ളൂ. 

ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തലക്കേറ്റ പരിക്കാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപ്രതീക്ഷിതമായ ദുരന്തത്തില്‍ മകള്‍ നഷ്ടപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം ഇനിയും അംഗീകരിക്കാനാവാത്ത അവസ്ഥയിലാണ് അവളുടെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. 

സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുമോ? സംശയിക്കേണ്ട...

ആല്വയുടേത് പോലെ എത്രയോ പേരുടെ ജീവന്‍ ഇതുപോലെ ഫോണ്‍ പൊട്ടിത്തെറിച്ച് നഷ്ടപ്പെട്ടിട്ടുണ്ട്. എത്രയോ പേര്‍ക്ക് ചെവിക്കും കണ്ണിനും മുഖത്തിനുമെല്ലാം സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പലതും നമ്മള്‍ മാധ്യമങ്ങളിലൂടെ വായിക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇപ്പോഴും പലര്‍ക്കും സംശയമാണ്. സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കുമോയെന്ന്. 

സംശയിക്കേണ്ട, 'സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറി'- നടക്കാന്‍ സാധ്യതയുള്ള ഒരപകടം തന്നെയാണ്. ഫോണിലെ 'ലിഥിയം അയേണ്‍ ബാറ്ററി' അമിതമായി ചൂടാകുന്നതോടെയാണ് പൊട്ടിത്തെറി സംഭവിക്കുന്നത്. പല ഫോണുകളിലെ ബാറ്ററിയും ലിഥിയം അയേൺ ബാറ്ററികളാണ്. ഫോണിൽ മാത്രമല്ല, മറ്റ് ഉപകരണങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ബാറ്ററി പൊട്ടിത്തെറിക്കുന്നതോടെ ഫോൺ നശിക്കുമെന്ന് മാത്രമല്ല, ഫോണിന്‍റെ സമീപത്തുള്ളതെന്തോ അവയേയും അത് സാരമായി ബാധിക്കും. 

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ അറിയേണ്ടത് എന്തെന്നാല്‍, എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ഫോണ്‍ പൊട്ടിത്തെറിക്കാം എന്നല്ല പറഞ്ഞുവരുന്നത്. എന്നാല്‍ അതിനുള്ള ഒരു വിദൂരസാധ്യത നിങ്ങള്‍ കാണണമെന്നാണ്. അതായത്, ചില മുന്‍കരുതലുകള്‍ നിങ്ങളെപ്പോഴും സ്വീകരിച്ചിരിക്കണമെന്ന്. 

എന്തെല്ലാം മുന്‍കരുതലുകളാകാം...

സ്മാര്‍ട്ട് ഫോണ്‍ ആണെങ്കിലും അതിന്റെ ബാറ്ററിയാണെങ്കിലും എങ്ങനെയെല്ലാം ഇതുപയോഗിക്കാം, ഏതെല്ലാം അവസരങ്ങളില്‍ ഇത് അപകടങ്ങളുണ്ടാക്കും എന്നിങ്ങനെയുള്ള കൃത്യമായ മാര്‍ഗനിര്‍ദേശം, യഥാര്‍ത്ഥത്തില്‍ ഇവ വാങ്ങിക്കുമ്പോള്‍ തന്നെ ഓരോ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ മാത്രമാണ് അതില്‍ നിന്ന് നമ്മളെടുക്കുന്നുള്ളൂ. സത്യത്തില്‍ നമുക്കേറ്റവും ആവശ്യമായത് അപകടങ്ങളൊഴിവാക്കാനുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ തന്നെയല്ലേ?

അതിനാല്‍ ഇനിയെങ്കിലും ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അതെത്തരത്തിലെല്ലാം സൂക്ഷിക്കണമെന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി മനസിലാക്കിവയ്ക്കുക. ഇതിന് പുറമെ ചില കാര്യങ്ങള്‍ കൂടി അറിയാം. അതില്‍ പ്രധാനം ബാറ്ററിയുടെ ആരോഗ്യം തന്നെയാണ്. താഴെ വീണ ഫോണിന് മറ്റ് പ്രശ്‌നങ്ങളൊന്നും പറ്റിയില്ലെങ്കില്‍ വീണ്ടും നമ്മള്‍ അത് തന്നെ ഉപയോഗിക്കാറുണ്ട്. പക്ഷേ ഇത്തരം സാഹചര്യങ്ങളിലെല്ലാം ബാറ്റിറിയുടെ ആരോഗ്യം കൂടി ഉറപ്പുവരുത്തണം. ബാറ്ററി വീര്‍ത്തിരിക്കുകയോ, അതില്‍ എന്തെങ്കിലും പ്രകടമായ മറ്റ് വ്യത്യസങ്ങള്‍ കാണുകയോ, ഫോണ്‍ എളുപ്പത്തില്‍ ചൂടാവുകയോ ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ അത് അപകടമാണെന്ന് അറിയുക. ഇങ്ങനെയിരിക്കുന്ന ബാറ്ററിയാണ് പിന്നീട് പൊട്ടിത്തെറിയിലേക്ക് എളുപ്പത്തിലെത്തുക. 

മണിക്കൂറുകളോളം ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട് എങ്ങോട്ടെങ്കിലും കടന്നുകളയുന്ന ശീലമുണ്ടെങ്കില്‍ നിര്‍ബന്ധമായും അത് നിര്‍ത്തുക. ഇത് ബാറ്ററി അമിതമായി ചൂടാകുന്നതിന് കാരണമാകും. അതുപോലെ ചാര്‍ജിലിട്ട ഫോണ്‍ കിടക്കയിലോ ശരീരത്തിനടുത്തോ ഒന്നും വയ്ക്കാതിരിക്കുക. ചാര്‍ജ്ജ് ചെയ്തുകൊണ്ടിരിക്കേ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ഇനി- നേരിട്ട് വെയിലുവീഴുന്ന സ്ഥലത്തോ, ചൂട് കൂടിയ സ്ഥലങ്ങളിലോ ഫോണ്‍ ഏറെ നേരം വയ്ക്കുകയോ, അവിടങ്ങളില്‍ വച്ച് ഏറെ നേരം ഉപയോഗിക്കുകയോ ചെയ്യാതിരിക്കുക. ചാര്‍ജ് ചെയ്യുമ്പോഴും ബാഗിലോ പോട്ടിലോ ബോക്‌സിലോ ഒന്നും ഫോണ്‍ വയ്ക്കരുത്. ഇതും ചൂട് കൂട്ടാനേ ഉപകരിക്കൂ. കഴിയുമെങ്കില്‍ ഫോണിന്റെ കേസ് വരെ ഊരിയ ശേഷം മാത്രമാണ് ഫോണ്‍ ചാര്‍ജിലിടേണ്ടത്. 

ഫോണ്‍ ഉപയോഗിക്കുന്ന സമയം ഇപ്പോള്‍ എല്ലാവരെ സംബന്ധിച്ചും മുമ്പത്തേതിനെ അപേക്ഷിച്ച് കൂടുതലാണ്. എങ്കിലും ഫോണിന് കൃത്യമായ വിശ്രമം നല്‍കാന്‍ ശ്രദ്ധിക്കണം. പല ആപ്പുകളും നിരന്തരം ഓടിക്കൊണ്ടിരിക്കും, പാട്ട് വച്ചിട്ടുണ്ടായിരിക്കും, ഇന്റര്‍നെറ്റ് ഓണ്‍ ആയിരിക്കം, ഇതിന് പുറമേ മറ്റെന്തെങ്കിലും പണികളിലും ഏര്‍പ്പെടും. ഇങ്ങനെ സ്ഥിരമായി ഫോണിന് 'മള്‍ട്ടിടാസ്‌ക്' കൊടുക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ സ്വന്തം ആരോഗ്യത്തിനും ഫോണിന്റെ ആരോഗ്യത്തിനും വേണ്ടി മനപ്പൂര്‍വ്വമായിത്തന്നെ അല്‍പം ഫോണുപയോഗം കുറയ്ക്കാം. 

ഇനിയും പല കാര്യങ്ങളും ഫോണ്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കാന്‍ കാണും. എങ്കിലും ഇത്തരത്തിലുള്ള അടിസ്ഥാനവിഷയങ്ങളിലെങ്കിലും നമുക്കല്‍പം ശ്രദ്ധ പുലര്‍ത്താം. അല്ലെങ്കിലൊരുപക്ഷേ, ദുരന്തങ്ങളും അപകടങ്ങളും നമ്മള്‍ ക്ഷണിച്ചുവരുത്തുന്നത് പോലെയായി മാറിയേക്കാം.