സാൻ ഫ്രാൻസിസ്കോ: മോഷ്ടിക്കപ്പെട്ട വളർത്തുനായയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് വൻവാ​ഗ്ദാനങ്ങളുമായി യുവതി. നായ്ക്കുട്ടിയെ കണ്ടെത്തിക്കൊടുക്കുന്നവർക്ക് ഏഴായിരം ഡോളറാണ് (ഏകദേശം അഞ്ച് ലക്ഷം രൂപ) സാൻഫ്രാൻസിസ്കോ സ്വദേശിനിയായ എമിലി ടെയ്ലർമോ എന്ന യുവതി പാരിതോഷികമായി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ ന​ഗരത്തിന്റെ മുക്കിലും മൂലയിലും അന്വേഷിക്കാൻ ഒരു വിമാനവും ഇവർ വാടകയ്ക്ക് എടുത്തിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് സൂപ്പർ മാർക്കറ്റിൽ വച്ച് ഓസ്ട്രേലിയൻ ഷെപ്പേർ‌ഡ് ഇനത്തിൽ പെട്ട ജാക്സൺ എന്ന വളർത്തുനായയെ ആരോ മോഷ്ടിച്ചത്. നായ്ക്കുട്ടിയെ കണ്ടെത്താൻ തനിക്ക് ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി ചെയ്യുമെന്ന് യുവതി പറയുന്നു. താൻ ഒറ്റയ്ക്കാണെന്നും അതിനാൽ നായ്ക്കുട്ടിയെ കണ്ടെത്തുന്ന കാര്യത്തിൽ തനിക്ക് സഹായം ആവശ്യമാണെന്നും എമിലി കൂട്ടിച്ചേർക്കുന്നു.

എമിലി നായക്കുട്ടിയുമായി പോയ സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. അതിൽ ജാക്സണെ കെട്ടിയിട്ടിരുന്നതിന് സമീപത്തേയ്ക്ക് തല മറച്ച ഒരാൾ വരുന്നതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്. നിരവധി വൈമാനികർക്ക് നായ്ക്കുട്ടിയുടെ ഫോട്ടോ എമിലിയും സുഹൃത്തുക്കളും അയച്ചുകൊടുത്തിട്ടുണ്ട്. എവിടെയെങ്കിലും വച്ച് കാണുകയാണെനങ്കിൽ തിരിച്ചറിഞ്ഞ് തിരികെയെത്തിക്കാൻ വേണ്ടിയാണിതെന്ന് എമിലി പറയുന്നു.

അവൻ എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഞങ്ങൾ വളരെയധികം സ്നേഹിച്ചിരുന്നു. അവനെ കണ്ടെത്താൻ എന്നെ സഹായിക്കണം. എമിലി അഭ്യർത്ഥിക്കുന്നു. ജാക്സണെ അന്വേഷിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിനായി ​ഗോഫണ്ട്മി എന്ന് പേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഏഴായിരം ഡോളർ അതിൽ നിന്ന് സമാഹരിച്ചതായി എമിലി പറയുന്നു. ന്യൂയോർക്കിൽ നിന്നാണ് എമിലി ഈ നായ്ക്കുട്ടിയെ വാങ്ങിയത്. പിന്നീട് ലോസ് ആ‍ഞ്ചലസിലേക്കും സാൻ ഫ്രാൻസിസ്കോയിലേക്കും താമസം മാറിയപ്പോൾ ഈ നായക്കുട്ടിയേയും എമിലി കൂടെക്കൂട്ടി.