ഐസ് ലാന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്താണ് ഡയമണ്ട് ബീച്ച്. മഞ്ഞുകാലമാകുമ്പോള്‍ വെള്ളവും ഐസ് പാളികളും ഇടകലര്‍ന്ന് ആകെ ഒരു വൈരക്കടലാകും ഇവിടം. ധാരാളം സഞ്ചാരികളാണ് ഈ കാഴ്ച കാണാന്‍ ഇവിടെയെത്താറ്. സ്വപ്‌നതുല്യമായ ഈ കടല്‍ത്തീരമൊന്ന് കാണാനാണ് ടെക്‌സാസ് സ്വദേശിനിയായ ജൂഡിത്ത് സ്‌ട്രെങ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവിടെയെത്തിയത് 

നീലനിറത്തില്‍ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടല്‍. ഇടയില്‍ ചെറുതും വലുതുമായ ഐസുപാളികളുടെ കുന്നുകള്‍. തീരത്താണെങ്കില്‍ ഡയമണ്ടുകള്‍ പോലെ തിളങ്ങുന്ന ഐസുകഷ്ണങ്ങള്‍ എങ്ങും പരന്നുകിടക്കും. ഡയമണ്ട് ബീച്ച് എന്ന പേരില്‍ തന്നെ ഇവിടം അറിയപ്പെടാന്‍ കാരണവും ഇതാണ്. 

ഐസ് ലാന്‍ഡിലെ യോകുല്‍സാര്‍ലോണിനടുത്താണ് ഈ ബീച്ച്. മഞ്ഞുകാലമാകുമ്പോള്‍ വെള്ളവും ഐസ് പാളികളും ഇടകലര്‍ന്ന് ആകെ ഒരു വൈരക്കടലാകും ഇവിടം. ധാരാളം സഞ്ചാരികളാണ് ഈ കാഴ്ച കാണാന്‍ ഇവിടെയെത്താറ്. 

സ്വപ്‌നതുല്യമായ ഈ കടല്‍ത്തീരമൊന്ന് കാണാനാണ് ടെക്‌സാസ് സ്വദേശിനിയായ ജൂഡിത്ത് സ്‌ട്രെങ് കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവിടെയെത്തിയത്. കടുത്ത തണുപ്പിനെ അവഗണിച്ചുകൊണ്ടാണ് 77കാരിയായ ജൂഡിത്ത് ഡയമണ്ട് കടലിലേക്കിറങ്ങിയത്. കടലില്‍ അവിടവിടങ്ങളിലായി പൊങ്ങിക്കിടക്കുന്ന ഐസുപാളികള്‍ക്ക് മുകളിലേക്ക് സഞ്ചാരികള്‍ കയറുകയും അവിടെയിരുന്ന് ഫോട്ടോയെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. 

കൂട്ടത്തില്‍ താരതമ്യേന വലിപ്പം കൂടിയ ഒരു ഐസുപാളിക്ക് മുകളിലേക്ക് രണ്ട് പെണ്‍കുട്ടികള്‍ കയറിപ്പോകുന്നതും അവിടെയിരുന്ന് സെല്‍ഫിയെടുക്കുന്നതും കണ്ടതോടെ ജൂഡിത്തിനും ആഗ്രഹമായി. അവിടെക്കയറിയിരുന്ന് ഒരു പടമെടുക്കണം. ക്യാമറ മകനെ ഏല്‍പിച്ച് ജൂഡിത്ത് ഐസുപാളിക്ക് മുകളിലേക്ക് കയറി, ആഗ്രഹിച്ചതുപോലെ അവിടെയിരുന്ന് പടവുമെടുത്തു. 

പെട്ടെന്നായിരുന്നു ഒരു തിരമാല പൊങ്ങിയുയര്‍ന്നത്. ക്യാമറ മാറ്റി അമ്മയെ നോക്കിയ മകന്‍ ഞെട്ടിപ്പോയി. ഐസുപാളിയുടെ മുകള്‍ഭാഗം ശൂന്യം. അലച്ചുവന്ന തിരമാല ജൂഡിത്തിനെ തള്ളി, കടലിലേക്ക് തെറിപ്പിച്ചിരിക്കുന്നു. പിന്നെ നിമിഷങ്ങള്‍ പോലുമെടുത്തില്ല, തിരകളില്‍ പെട്ട് ജൂഡിത്ത് അങ്ങകലെയെത്താന്‍. ആര്‍ക്കും ഇറങ്ങി രക്ഷപ്പെടുത്താനാകാത്ത വിധം അവര്‍ മുങ്ങിയും പൊങ്ങിയും ദൂരത്തായിക്കൊണ്ടിരുന്നു. 

എന്നാല്‍ ഭാഗ്യം അവരെ പൂര്‍ണ്ണമായി കൈവിട്ടിരുന്നില്ല. അതുവഴി ബോട്ടില്‍ പോവുകയായിരുന്ന ഒരാള്‍ കടലിലേക്കെടുത്തുചാടി അവരെ രക്ഷപ്പെടുത്തി. ജീവനും മരണത്തിനുമിടയില്‍ കൈകാലിട്ടടിച്ച അനുഭവം ജൂഡിത്ത് തന്നെയാണ് എല്ലാവരുമായി പങ്കിട്ടത്. ഇതിനിടെ ട്വിറ്ററില്‍ ജൂഡിത്തിന്റെ ഫോട്ടോകളും വൈറലായി. 

അപകടകരമായ സാഹചര്യങ്ങളില്‍ വേണ്ട മുന്നൊരുക്കമില്ലാതെ ഇത്തരം സാഹസങ്ങള്‍ക്ക് മുതിരരുതെന്ന് ഉപദേശിക്കുമ്പോഴും ആ അനുഭവം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതും മനോഹരവുമാണെന്നാണ് അവര്‍ പറയുന്നത്. ഏതായാലും ഡയമണ്ട് ബീച്ചില്‍ ഇതോടെ ഐസുപാളികള്‍ക്ക് മുകളില്‍ കയറുന്ന കാര്യത്തില്‍ ചെറിയ നിയന്ത്രണങ്ങളൊക്കെ ഏര്‍പ്പെടുത്തി.