ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഏത് പ്രായക്കാര്‍ക്കും വ്യായാമം ആവശ്യമാണ്. വ്യായാമത്തിനും സിക്‌സ് പാക്കിനുമൊന്നും പ്രായം ഒരു തടസമല്ലെന്ന്‌ കാണിച്ചുതരുകയാണ് 61 വയസുകാരി ലയന്‍ഡ ഏഗര്‍. 

ആറുകുട്ടികളുടെ മുത്തശ്ശിയായ ലയന്‍ഡ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററും പേഴ്‌സണല്‍ ട്രെയിനറുമാണ്.  ഇപ്പോഴും തന്‍റെ ശരീര സൗന്ദര്യം നിലനിര്‍ത്താനായി  ലയന്‍ഡ  വ്യായാമങ്ങള്‍ ചെയ്യുന്നു. 20-ാം വയസിലാണ് ഇവര്‍ വ്യായാമം തുടങ്ങിയത്. എന്നാല്‍ 30 വയസ്സിലാണ്  ഒരു ജിമ്മില്‍ ബോഡി ബില്‍ഡിങ്ങിനായി ഇവര്‍ പോയി തുടങ്ങിയത്. 

ആദ്യം മുതലേ  വെയ്റ്റ് ലിഫ്റ്റിങ്ങില്‍ പ്രത്യേകം താല്‍പ്പര്യം ഇവര്‍ക്കുണ്ടായിരുന്നു. ഭര്‍ത്താവ് മാര്‍ക്കിന്റെ സഹായത്തോടെ 55-ാം വയസില്‍ ഇവര്‍ ബോഡി ബില്‍ഡിങ്ങ് മത്സരങ്ങളില്‍ പോയിതുടങ്ങി.  അഞ്ച് തവണ ബോഡി ബില്‍ഡിങ്ങ് ചാമ്പ്യനായി. ദീര്‍ഘനാളത്തെ പരിശീലനം തന്റെ ശരീരത്തെ ആരോഗ്യമുള്ളതാക്കിയെന്നും ഇത് തനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു എന്നും ഇത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമാകുമെന്നും ലയന്‍ഡ പറയുന്നു. 

 പുതിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ എപ്പോഴും സന്തോഷമാണ്. എന്‍റെ ശരീരത്തെക്കുറിച്ച് എനിക്ക് തീരെ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ നിരന്തരമായ വ്യായാമത്തിലൂടെ അത് മാറിയെന്നും ഇവര്‍ പറയുന്നു.