വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയും ഉണ്ടെങ്കിൽ പേരകുട്ടികളുടെ എല്ലാ ആഗ്രഹങ്ങളും അവർക്ക് പറ്റുന്നപോലെ അവര്‍ സാധിച്ചു കൊടുക്കും.. ശരിയല്ലേ? കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്തുന്നതില്‍ മുത്തച്ഛനും മുത്തശ്ശിയ്ക്കും വലിയ പങ്കുണ്ട്. മാതാപിതാക്കള്‍ ശാസിക്കാനും, അടിക്കാനുമൊക്കെയായി വരുമ്പോള്‍ അവരെ തടയാന്‍ എത്തുന്നത് മുത്തച്ഛനും മുത്തശ്ശിയുമായത് കൊണ്ടുതന്നെ പേരക്കുട്ടികള്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് അവരുടെ മുത്തച്ഛനും മുത്തശ്ശിയും. അതുപോലെ തന്നെ അവര്‍ക്കെന്നും പ്രിയപ്പെട്ടവരാണ് അവരുടെ കൊച്ചുമക്കളും.

പേരക്കുട്ടിക്ക് നെയിൽ പോളിഷ് ഇട്ടുകൊടുത്ത് സോഷ്യൽ ലോകത്തിന്‍റെ ഹൃദയം കവരുകയാണ് ഇവിടെ ഒരു മുത്തച്ഛൻ. ഇരുപതുകാരി ഐല വിന്‍റര്‍ വൈറ്റ് ആണ് തനിക്ക് നെയിൽ പോളിഷ് ഇട്ടുതരുന്ന മുത്തച്ഛന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന പേരക്കുട്ടിയെ കാണാന്‍ എത്തിയതായിരുന്നു കീത്ത് എന്ന 82കാരൻ. അവളെ സന്തോഷിപ്പിക്കാനാണ് കീത്ത് നെയിൽ പോളിഷ് ഇട്ടുകൊടുത്തത്.

 ആരോ അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ‘ഞാൻ പ്രധാനപ്പെട്ട ഒരു ജോലിയിലാണ്’ എന്ന് കീത്ത് പറയുന്നതും വീഡിയോയിൽ കേൾക്കാം. മുപ്പത് വർഷമായി മുത്തശ്ശിക്ക് നെയിൽ പോളിഷ് ചെയ്ത് കൊടുക്കാറുണ്ടെന്നും ഇപ്പോൾ നിനക്ക് ചെയ്ത് തരാൻ ആഗ്രഹം തോന്നിയെന്നും അദ്ദേഹം പറഞ്ഞുവെന്നും ഐല വീഡിയോയ്ക്കൊപ്പം കുറിച്ചു. ഒരു കോടിയിലധികം ആളുകളാണ്  വീഡിയോ കണ്ടത്. കൂടാതെ പലരും തങ്ങളുടെ മുത്തച്ഛനെ കുറിച്ചുള്ള ഓർമ്മകള്‍ വീഡിയോയ്ക്ക് താഴെ പങ്കുവെക്കുകയും വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു.