കണ്ണഞ്ചിപ്പിക്കുന്ന പച്ച നിറത്തിൽ, പതഞ്ഞുയരുന്ന മാച്ചാ ലാറ്റെ... രുചിയിൽ അൽപ്പം കയ്പും മണ്ണിന്റെ മണവും ഒക്കെ ഉണ്ടെങ്കിലും, സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ഈ 'ഗ്രീൻ എലിക്സിർ' നെഞ്ചേറ്റിക്കഴിഞ്ഞു. 

കഫേകളിലെ പതിവ് കാപ്പിക്ക് പകരം, സോഷ്യൽ മീഡിയ ഫീഡുകൾ കീഴടക്കി മുന്നേറുകയാണ് ഒരു 'പച്ച' താരം, 'മാച്ചാ ലാറ്റെ'. ജപ്പാനിൽ നിന്നുള്ള ഈ പൊടിച്ച ഗ്രീൻ ടീ, കേരളത്തിലെ ജെൻസി യുവതയുടെ പുതിയ ലൈഫ്‌സ്റ്റൈൽ ഐക്കണായി മാറിക്കഴിഞ്ഞു. വെറുമൊരു പാനീയം എന്നതിലുപരി, ഇത് 'വെൽനസ്' 'എസ്തറ്റിക്‌സ്' എന്നിവ ചേർന്ന ഒരു കൾച്ചറാണ്. ജപ്പാനിലെ ബുദ്ധ സന്യാസിമാരുടെ ധ്യാന വേളയിലെ ഊർജ്ജ പാനീയം എങ്ങനെയാണ് 21-ാം നൂറ്റാണ്ടിലെ സോഷ്യൽ മീഡിയയുടെ താരമായി മാറിയത്? 

എന്തുകൊണ്ട് മാച്ചാ?

ഇൻസ്റ്റാഗ്രാമിൽ നിറയുന്ന ആ ആകർഷകമായ പച്ച നിറം തന്നെയാണ് മാച്ചായുടെ ആദ്യ ഹൈലൈറ്റ്. മിൽക്കിൽ മാച്ചാ പൗഡർ ലയിച്ചുചേരുമ്പോൾ ഉണ്ടാകുന്ന ആ 'പച്ച ചുഴി' കാണാൻ തന്നെ ഒരു ഭംഗിയാണ്. ഒരു ഫോട്ടോയ്ക്ക് വേണ്ടി മാത്രം മാച്ചാ ഓർഡർ ചെയ്യുന്നവരും കുറവല്ല. കാപ്പിയെപ്പോലെ പെട്ടെന്ന് ഊർജ്ജം നൽകി, പിന്നീട് ക്ഷീണത്തിലേക്ക് തള്ളിവിടുന്ന 'കഫീൻ ക്രാഷ്' മാച്ചായ്ക്കില്ല. പകരം, ഇതിലുള്ള എൽ-ഥിയാനിൻ എന്ന ഘടകം ശാന്തമായ ശ്രദ്ധ നൽകുന്നു. പഠനത്തിനിടയിലും ജോലിയിലും ശ്രദ്ധ വേണ്ട ജെൻസിക്ക് ഇത് ഒരുപാട് ഇഷ്ടമാണ്. ഗ്രീൻ ടീയുടെ മുഴുവൻ ഇലയും പൊടിച്ച് ഉപയോഗിക്കുന്നതുകൊണ്ട് ആന്റിഓക്‌സിഡന്റുകൾ ധാരാളമായി ലഭിക്കുന്നു. സമ്മർദ്ദമുള്ള ഈ ലോകത്തിൽ, സ്വയം സന്തോഷിപ്പിക്കാനായി ചെറുതും എന്നാൽ ആസ്വാദ്യകരവുമായ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്ന ജെൻസികളുടെ രീതിയാണ് 'ലിറ്റിൽ ട്രീറ്റ്' കൾച്ചർ. ഒരു പ്രീമിയം കഫേയിൽ പോയി, ഓട്ട് മിൽക്കിലുള്ള ഒരു ഐസ്ഡ് മാച്ചാ ലാറ്റെ കുടിക്കുന്നത് അവർക്കൊരു സെൽഫ് റിവാർഡണ്.

കഫേ സ്റ്റൈലിൽ വീട്ടിൽ ഉണ്ടാക്കാം: മാച്ചാ ലാറ്റെ റെസിപ്പി

മാച്ചാ ട്രെൻഡ് ഇഷ്ടപ്പെടുന്നവർക്ക്, ഇത് വീട്ടിൽത്തന്നെ എളുപ്പത്തിൽ ഉണ്ടാക്കാനുള്ള വഴികൂടി ഇതാ:

ആവശ്യമുള്ള ചേരുവകൾ:

മാച്ചാ പൗഡർ, ചൂടുവെള്ളം, പാൽ(പശുവിൻ പാൽ, ഓട്ട് മിൽക്ക്, അല്ലെങ്കിൽ ബദാം പാൽ ഉപയോഗിക്കാം), മധുരത്തിന് തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ് ഉപയോഗിക്കാം. ഐസ് ക്യൂബുകൾ ആവശ്യാനുസരണം എടുക്കാം.

തയ്യാറാക്കുന്ന രീതി:

മാച്ചാ പൗഡർ ഒരു ചെറിയ അരിപ്പയിലൂടെ ഒരു ബൗളിലേക്ക് അരിച്ചെടുക്കുക. ഇത് മാച്ചാ കട്ടകെട്ടുന്നത് ഒഴിവാക്കാൻ സഹായിക്കും. അതിലേക്ക് 60 ml ചൂടുവെള്ളം (തിളയ്ക്കാത്തത്) ചേർക്കുക. ഒരു ബാംബൂ വിസ്ക് (Chasen) ഉപയോഗിച്ച് 'W' അല്ലെങ്കിൽ 'M' ആകൃതിയിൽ 15-20 സെക്കൻഡ് വേഗത്തിൽ വിസ്ക് ചെയ്ത് പതപ്പിച്ചെടുക്കുക. തയ്യാറാക്കിയ മാച്ചാ ഷോട്ടിന്റെ കയ്പ്പ് കുറയ്ക്കാൻ ആവശ്യമായ മധുരം ചേർത്ത് ഇളക്കുക.

  • ഐസ്ഡ് ലാറ്റെ: ഒരു വലിയ ഗ്ലാസിൽ ഐസ് ക്യൂബുകൾ ഇടുക, അതിലേക്ക് പാൽ ഒഴിക്കുക. ഈ പാലിനു മുകളിലൂടെ, നേരത്തെ തയ്യാറാക്കിയ മാച്ചാ ഷോട്ട് സാവധാനം ഒഴിക്കുക. ഇത് പച്ചയും വെള്ളയും ചേർന്ന മനോഹരമായ 'ഗ്രേഡിയന്റ് ലുക്ക്' നൽകും.
  • ഹോട്ട് ലാറ്റെ: പാൽ ചൂടാക്കി ഫ്രോത്ത് ചെയ്തെടുക്കുക. മാച്ചാ ഷോട്ട് ഒരു കപ്പിൽ ഒഴിച്ച് അതിനു മുകളിലേക്ക് ഈ ഫ്രോത്ത് ചെയ്ത പാൽ സാവധാനം ഒഴിക്കുക.

സോഷ്യൽ മീഡിയയാണ് താരം

മാച്ചാ ട്രെൻഡിന്റെ പ്രധാന പ്രചാരകൻ സോഷ്യൽ മീഡിയ തന്നെയാണ്. പ്രമുഖ ഇൻഫ്ലുവൻസർമാർ അവരുടെ 'ഗ്രീൻ ജ്യൂസ് എറ' ആഘോഷിക്കുമ്പോൾ, കേരളത്തിലെ യുവജനതയും അത് പിന്തുടരുന്നു.

രുചിയിൽ അൽപ്പം 'പുല്ലുപോലെ' തോന്നിയാലും അതിന്റെ 'വൈബ്' ആണ് പലരെയും ആകർഷിക്കുന്നത്. കേരളത്തിലെ കഫേ മെനുകളിലും മാച്ചാ ഇപ്പോൾ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. വെറും ലാറ്റെ എന്നതിനപ്പുറം, മാച്ചാ ബ്രൗണികൾ, മാച്ചാ ഐസ്ക്രീം, മാമ്പഴം അല്ലെങ്കിൽ തേങ്ങ ചേർത്ത ഫ്യൂഷൻ മാച്ചാ ഡ്രിങ്കുകൾ വരെ ഇന്ന് ലഭ്യമാണ്.

പുതിയ കാലത്തെ യുവത, വെറും രുചിക്ക് വേണ്ടി മാത്രമല്ല പണം മുടക്കുന്നത്. അത് നൽകുന്ന അനുഭവം, കപ്പിലെ പച്ചപ്പ് നൽകുന്ന ആ 'ഫീൽ' ഇതെല്ലാമാണ് മാച്ചായെ ജെൻസികളുടെ കയ്യിലെ ഏറ്റവും കൂൾ ആയ പാനീയമാക്കി മാറ്റുന്നത്.