വധുവിന് മോതിരമണിഞ്ഞ് വിവാഹം കഴിഞ്ഞയുടൻ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍, വധുവിന്‍റെ ആദ്യവിവാഹത്തിലുള്ള മകളെ അടുത്തുവിളിച്ചുകൊണ്ട് വരൻ നടത്തുന്ന പരസ്യമായ സംഭാഷണമാണ് വീഡിയോയിലുള്ളത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പല വീഡിയോകളും പക്ഷേ താല്‍ക്കാലികമായി ആസ്വദിച്ച ശേഷം ചവറ്റുകുട്ടയിലേക്ക് എന്ന പോലെ മറവിയിലേക്ക് തള്ളിക്കളയുന്നതാണ് മിക്കവരുടെയും ശീലം. അത്രയും ആഴം മാത്രമേ ആ വീഡിയോകള്‍ക്കുമുണ്ടാകൂ.

എന്നാല്‍ ചില വീഡിയോകള്‍ അങ്ങനെയല്ല. ജീവിതഗന്ധിയായ രംഗങ്ങള്‍, വൈകാരികമായി നമ്മെ ഏറെ സ്പര്‍ശിക്കുന്ന നിമിഷങ്ങള്‍, നമ്മെ ചിന്തിപ്പിക്കുകയോ നമ്മെ നവീകരിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കാഴ്ചകള്‍ എല്ലാം ഇങ്ങനെ മനസിനെ അത്ര പെട്ടെന്നൊന്നും ഉപേക്ഷിക്കാൻ തയ്യാറാകാത്തവയാണ്.

അത്തരത്തിലുള്ള ഏറെ വൈകാരികമായൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു വിവാഹമാണ് വേദി. വിവാഹത്തിന്‍റെ ചടങ്ങുകള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായൊരു കാഴ്ചയാണ് കാണുന്നത്. 

വധുവിന്‍റെ രണ്ടാം വിവാഹമാണത്. വരന്‍റെ ആദ്യവിവാഹമാണോ രണ്ടാം വിവാഹമാണോ എന്നത് വ്യക്തമല്ല. ഏതായാലും വധുവിന് ആദ്യവിവാഹത്തിലൊരു മകളുമുണ്ട്. കാഴ്ചയില്‍ നാലോ അ‍ഞ്ചോ വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയും വിവാഹാഘോഷത്തിലുണ്ട്. 

വധുവിന് മോതിരമണിഞ്ഞ് വിവാഹം കഴിഞ്ഞയുടൻ ആരും പ്രതീക്ഷിക്കാത്ത രീതിയില്‍, വധുവിന്‍റെ ആദ്യവിവാഹത്തിലുള്ള മകളെ അടുത്തുവിളിച്ചുകൊണ്ട് വരൻ നടത്തുന്ന പരസ്യമായ സംഭാഷണമാണ് വീഡിയോയിലുള്ളത്. ഇതൊരു സ്വകാര്യ സംഭാഷണമല്ല. വിവാഹത്തിന് കൂടിയിരിക്കുന്നവരെയും സര്‍വോപരി അവര്‍ ആരാധിക്കുന്ന ദൈവസന്നിധിയെയും സാക്ഷ്യപ്പെടുത്തിയൊരു ഉറപ്പ് കൊടുക്കലാണ് അത്.

അവളുടെ അമ്മയെ എങ്ങനെ താൻ സ്വന്തമാക്കുന്നോ അതുപോലെ തന്നെ അവളെയും താൻ സ്വന്തമാക്കുന്നു എന്നും, എന്നെന്നും അവളെ സന്തോഷപൂര്‍വം നോക്കാൻ താനാഗ്രഹിക്കുന്നുവെന്നും വികാരഭരിതനായി അദ്ദേഹം അവള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് അറിയിക്കുകയാണ്. അവള്‍ക്കും അദ്ദേഹം ഒരു കുഞ്ഞുമോതിരം അണിയിക്കുന്നുണ്ട്.

സന്തോഷമാണെങ്കില്‍ അവളുടെ മുഖത്തും ദുഖത്തിന്‍റെ നേരിയ ഛായ കാണാം. തൊട്ടടുത്ത് തന്നെ കലങ്ങിയ കണ്ണുകളോടെ ചിരിക്കുന്ന വധുവിനെയും കാണാം. ഏറെ ബഹുമാനമര്‍ഹിക്കുന്ന, ആര്‍ക്കും മാതൃകയാക്കാവുന്നൊരു രംഗം എന്നാണ് വീഡിയോ കണ്ട പലരും കമന്‍റില്‍ കുറിച്ചിരിക്കുന്നത്. 

പലരും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുമ്പോള്‍ ആദ്യവിവാഹത്തിലെ കുഞ്ഞുങ്ങളെ ബാധ്യതയായി കണക്കാക്കാറുണ്ടെന്നും ആ മനോഭാവത്തിന് ഇത്രയും മധുരമായി മറുപടി നല്‍കാനില്ലെന്നും ഹൃദ്യമായ വീഡിയോയ്ക്ക് താഴെ പലരും കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ഈ വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'ബിഗ് ബി'യില്‍ ബിലാലിന്‍റെ അമ്മ; അതിജീവനത്തെ കുറിച്ച് നഫീസ അലി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo