പെരിട്ടോണിയല്‍ ക്യാൻസര്‍, ഓവേറിയൻ ക്യാൻസര്‍ എന്നിവയാണ് നഫീസയെ ബാധിച്ചിരുന്നത്. രോഗവിവരവും ചികിത്സയുടെ വിശദാംശങ്ങളുമെല്ലാം നഫീസ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി പങ്കുവച്ചിരുന്നു.

നഫീസ അലിയെ കുറിച്ച് മലയാളികളോട് പറയുമ്പോള്‍ വളരെ എളുപ്പമാണ്. 'ബിഗ് ബി' എന്ന സിനിമയില്‍ ബിലാലിന്‍റെ (മമ്മൂട്ടി കഥാപാത്രം) അമ്മയായി എത്തിയ നടിയെന്ന് പറ‍ഞ്ഞാല്‍ ഒട്ടുമിക്ക മലയാളികള്‍ക്കും മനസിലാകും. എന്നാല്‍ നഫീസയ്ക്ക് അങ്ങനെയൊരു വിലാസത്തിന്‍റെ ആവശ്യമില്ലാത്ത ഒരു വിഭാഗം ആളുകളുമുണ്ട്. അത്രമാത്രം നഫീസയെ സുപരിചിതരായിട്ടുള്ളൊരു തലമുറ.

കാരണം, പരമ്പരാഗത കാഴ്ചപ്പാടുകളെയെല്ലാം തകിടം മറിച്ചുകൊണ്ട് 'ബ്ലാക്ക് ആന്‍റ് വൈറ്റ്' കാലഘട്ടത്തില്‍ തന്നെ സധൈര്യം ബിക്കിനി ധരിച്ചുകൊണ്ടും മറ്റും പരസ്യമായി ക്യാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്ത താരമായിരുന്നു നഫീസ. നീന്തല്‍ താരം, മോഡല്‍ എന്നീ നിലകളില്‍ നിന്ന് നടി- സാമൂഹ്യപ്രവര്‍ത്തക എന്നിങ്ങനെയുള്ള തട്ടിലേക്ക് നഫീസ ചുവടുവച്ചു. ഫെമിന മിസ് ഇന്ത്യ പട്ടത്തിലൂടെ തന്നെ ഏറെ പ്രശസ്തയായ നഫീസ പിന്നീട് ബോളിവുഡില്‍ ചെറിയ കാലത്തേക്കെങ്കിലും വേറിട്ട സൗന്ദര്യത്തിന്‍റെ പ്രതീകമായി വാഴ്ത്തപ്പെട്ടു. 

'ജുനൂൻ', 'ആതങ്ക്', 'മേജര്‍ സാബ്', 'യേ സിന്ദഗി ക സഫര്‍' തുടങ്ങിയ സിനിമകളിലൂടെയാണ് നഫീസ അലി ഏറെ ശ്രദ്ധേയയായത്. കൂടെ മോഡലിംഗും. അമിതാഭ് ബച്ചൻ, ധര്‍മ്മേന്ദ്ര, ശശി കപൂര്‍ എന്നിങ്ങനെയുള്ള മുൻനിര താരങ്ങള്‍ക്കൊപ്പമായിരുന്നു സിനിമകള്‍ ചെയ്തത്. ഇതിന് ശേഷം പതിയെ ആക്ടിവിസ്റ്റ് എന്ന നിലയിലേക്ക് നഫീസ ചുവടുമാറി.

ഇതിനിടെ 2018ലാണ് ഇവര്‍ക്ക് ക്യാൻസര്‍ സ്ഥിരീകരിക്കുന്നത്. പെരിട്ടോണിയല്‍ ക്യാൻസര്‍, ഓവേറിയൻ ക്യാൻസര്‍ എന്നിവയാണ് നഫീസയെ ബാധിച്ചിരുന്നത്. രോഗവിവരവും ചികിത്സയുടെ വിശദാംശങ്ങളുമെല്ലാം നഫീസ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ രോഗകാലത്തെ തന്‍റെ ചിത്രങ്ങള്‍ വീണ്ടും ഇൻസ്റ്റഗ്രാമില്‍ പങ്കിട്ട് ഓര്‍മ്മകളിലേക്കൊന്ന് പോയിവരികയാണ് അറുപത്തിനാലുകാരിയായ നഫീസ. ഒട്ടേറെ പേര്‍ക്ക്- പ്രത്യേകിച്ച് ക്യാൻസര്‍ രോഗികള്‍ക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നതാണ് ഈ ചിത്രങ്ങളും ഇവരുടെ വാക്കുകളും. 

'പ്രൈമറി പെരിട്ടോണിയന്‍ ക്യാൻസര്‍ സര്‍ജറിക്ക് ശേഷം 2019 ഫെബ്രുവരിയിലെ ഞാൻ. എന്‍റെ ഭര്‍ത്താവിനോടും കുട്ടികളായ അര്‍മാന, പിയ, അജീത്ത് എന്നിവരോടും ഞാനേറെ കടപ്പെട്ടിരിക്കുന്നു. കാരണം പോസ്റ്റിവായും ഭംഗിയായുമിരിക്കാൻ എനിക്ക് ധൈര്യവും ശക്തിയും പകര്‍ന്നുതന്നത് അവരാണ്. ഞാൻ ജീവിതത്തെ ഏറെ സ്നേഹിക്കുന്നു. എല്ലാവര്‍ക്കും ആരോഗ്യത്തോടെയിരിക്കാൻ എന്‍റെ പ്രാര്‍ത്ഥനകളും അനുഗ്രഹവും... എപ്പോഴും പുഞ്ചിരിയോടെ ഇരിക്കുക...'- പഴയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് നഫീസ കുറിച്ചു. 

ക്യാൻസര്‍ രോഗബാധിതരായവര്‍ക്ക് ചികിത്സയെ ചൊല്ലി പ്രതീക്ഷ കൈവരുന്നതിന് തീര്‍ച്ചയായും ഇത്തരം വാക്കുകളും പങ്കുവയ്ക്കുകലുകളുമെല്ലാം കാരണമാകും. ഇപ്പോള്‍ രോഗമുക്തി നേടി ചെറിയൊരു ഇടവേളയെടുത്തതിന് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് നഫീസ. ഇക്കാര്യവും നഫീസ തന്നെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ ഏവരെയും അറിയിച്ചത്. 

View post on Instagram

Also Read:- ഇടവിട്ട് തലവേദനയുണ്ടാകുന്നതിന്‍റെ കാരണങ്ങള്‍ ഇവയാകാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo