ഒരു പക്ഷേ, ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും  ഇത്തരത്തിൽ ഒരു മത്സരം ആരെങ്കിലും സംഘടിപ്പിക്കുന്നത്.  ഗുജറാത്തിൽ നടത്താൻ പ്ലാനിട്ടിരിക്കുന്ന ഈ മത്സരത്തിന് സംഘാടകർ നൽകിയിരിക്കുന്ന പേര് 'വാട്ട് ദ ഫാർട്ട്' (WTF) എന്നാണ് . 

ഡോക്ക്ളയുടെയും ഡയമണ്ട്സിന്റെയും നാടാണ് ഗുജറാത്ത്. ലോകത്തിലെ ആദ്യ കീഴ്ശ്വാസ മത്സരം നടത്തിയ നാടെന്ന പ്രസിദ്ധിയും ഇനി ഈ നാടിന് സ്വന്തമാകും. നാല്പത്തെട്ടുകാരനായ യതിൻ സംഗോയ് ആണ് ഈ വിപ്ലവാത്മകമായ ആശയത്തിന് പിന്നിൽ. 2001-ൽ നടന്ന ഒരു സംഗീതമത്സരത്തിലെ വിജയി കൂടിയാണ് അദ്ദേഹം. ഏറ്റവും ദൈർഘ്യമേറിയ, ഏറ്റവും ഉച്ചത്തിലുള്ള, ഏറ്റവും ശ്രവണസുഖമുള്ള കീഴ്ശ്വാസമാണ് മത്സരത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്. 

കുടുംബത്തോടൊപ്പം ഒരു സിനിമ കണ്ടുകൊണ്ടിരിക്കെ അറിയാതെ കീഴ്ശ്വാസം വിട്ടുപോയി യതിൻ. വിട്ടത് യതിനാണ് എന്നറിഞ്ഞതോടെ എല്ലാവരും കൂടി അവനെ കളിയാക്കിച്ചിരിച്ചു. 'നാട്ടിൽ ഇതിനൊരു മത്സരമുണ്ടെങ്കിൽ നിനക്കായിരിക്കും ഒന്നാം സ്ഥാനം' എന്ന് പരിഹസിച്ചു. അതുകേട്ട സങ്കടം തോന്നിയെങ്കിലും, യതിൻ ചിന്തിച്ചത് ഏറെ ക്രിയേറ്റിവ് ആയിട്ടായിരുന്നു. അങ്ങനെയാണെങ്കിൽ ഇനി ഇതിനൊരു മത്സരം തന്നെ സംഘടിപ്പിച്ചേക്കാം എന്നായി യതിന്. ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ചൈന, അമേരിക്ക, യുകെ തുടങ്ങി പലേടത്തും ഈ മത്സരം ഇപ്പോൾ തന്നെ ഉണ്ട്.  എന്തിനധികം പറയുന്നു, ഇതിന് ലോകകപ്പ് വരെയുണ്ട്. 

പത്തിരുപതു വർഷം മുമ്പുവരെ ആളുകൾ പരസ്യമായി അധോവായു വിട്ടിരുന്നു. അന്നൊന്നും ഇതിന്റെ പേരിൽ ആരെയും ആരും പരിഹസിച്ചിരുന്നില്ല. ഇപ്പോൾ പരിഷ്‌കാരം വർധിച്ചു വന്നപ്പോഴാണ് ഇത് അപമര്യാദയായിപ്പോലും ജനം കണ്ടുതുടങ്ങിയത്. ആ അവസ്ഥ മാറണമെന്ന് യതിന് പറഞ്ഞു. 
കീഴ്ശ്വാസം വിടുന്നത് എന്തോ മോശം കാര്യമാണ് എന്ന പൊതുബോധം തച്ചുതകർക്കാനാണ് യതിൻ ആഗ്രഹിക്കുന്നത്. കീഴ്ശ്വാസം വിടുന്നത് എന്തോ മോശം കാര്യമാണ് എന്ന പൊതുബോധം തച്ചുതകർക്കാനാണ് യതിൻ ആഗ്രഹിക്കുന്നത്. 

കീഴ്ശ്വാസം വിടുന്നത് തീർത്തും ആരോഗ്യമുള്ള ഒരു ശരീരമാണെന്നാണ് യതിൻ പറയുന്നത്. അത് സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ് എന്നാണ് ഡോക്ടർമാർ പോലും പറയുന്നതത്രെ. രാജ്യത്തെമ്പാടും നിന്നായി 40 -ലധികം പേർ ഇതിനകം തന്നെ മത്സരത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനായിരം രൂപയോളമാണ് ഒന്നാം സമ്മാനം. നൂറു രൂപയാണ് സ്പോട്ട് രെജിസ്ട്രേഷൻ ഫീസ്. വിജയികളെക്കാത്ത് ഒരു ഇവർ റോളിങ്ങ് ട്രോഫിയും തയ്യാറാണ്. സെപ്റ്റംബർ 22-നാണ് മത്സരം.