ടിക് ടോക് വീഡിയോയ്ക്ക് വേണ്ടി 'അറ്റ കൈ' പ്രയോഗങ്ങള്‍ നടത്തി, അപകടത്തിലായ പലരുടേയും അനുഭവങ്ങള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ വായിച്ചറിയാറുണ്ട്. എന്നാല്‍ പണി കിട്ടിയ ശേഷം അത് ടിക് ടോക് വീഡിയോ ആയി ഇട്ടതിനെ തുടര്‍ന്ന് താരമായ ഒരു പെണ്‍കുട്ടിയെക്കുറിച്ചാണ് ഇനി പറയുന്നത്. 

കാനഡയിലെ ഒന്റാറിയോ സ്വദേശിയാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മോളീ ഒബ്രെയ്ന്‍. ടിക് ടോക്കില്‍ ചില ചില്ലറ വീഡിയോകളൊക്കെ മുമ്പ് മോളി ചെയ്തിട്ടുണ്ട്. എന്നാല്‍ ചുരുക്കം സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റാര്‍ക്കും മോളി അത്ര സുപരിചിതയൊന്നുമായിരുന്നില്ല. 

പക്ഷേ കഴിഞ്ഞ ദിവസം മോളിയുടെ ഒരു വീഡിയോ ടിക് ടോക്കില്‍ വന്‍ തരംഗമായി. ഏതാണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. സംഗതി അല്‍പം അപകടം പിടിച്ച അവസ്ഥയിലെടുത്ത വീഡിയോ ആയിരുന്നെങ്കിലും അതില്‍ ആവോളം ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു. 

ബന്ധുവായ ഒരു കുട്ടിയെ കളിപ്പിക്കുന്നതിനിടെ മോളിക്ക് പറ്റിയൊരു അബദ്ധമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. ഒരു ചെറിയ മൗത്ത് ഓര്‍ഗന്‍ വായിച്ച് കേള്‍പ്പിച്ച് കുട്ടിയെ ചിരിപ്പിക്കുകയായിരുന്നു മോളീ. പക്ഷേ, ഇതിനിടെ ഓര്‍ഗന്‍ മുഴുവനായി മോളിയുടെ വായ്ക്കകത്തായി. ആദ്യമെല്ലാം തമാശയാണെന്നേ മോളി ചിന്തിച്ചുള്ളൂ. കുട്ടിയും ചിരിയോട് ചിരി. 

സംഗതി കൊള്ളാമല്ലോ, നല്ല ചിരിക്കുള്ള വകയുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ പിന്നെയൊന്നും ചിന്തിച്ചില്ല. ഒരു കിടിലന്‍ വീഡിയോ അങ്ങ് കാച്ചി. പക്ഷേ, സമയം ഏറെ കഴിഞ്ഞിട്ടും ഓര്‍ഗന്‍ വായില്‍ നിന്ന് ഊരിപ്പോരുന്നില്ല. വായ്ക്കകത്തും ഇരുകവിളിലും മുഖമാകെയും വേദന തുടങ്ങി. അമ്മയറിഞ്ഞാല്‍ കൊന്നുകളയുമെന്ന് പേടിച്ച് പിന്നെയും കുറച്ച് സമയം കൂടി ഓര്‍ഗന്‍ ഊരിയെടുക്കാന്‍ താന്‍ ശ്രമം നടത്തിയെന്നാണ് മോളി പറയുന്നത്. 

ഒടുവില്‍ അമ്മ വന്നു. മകളുടെ മുഖം കണ്ട് പേടിച്ച അമ്മ, ഉടനെ തന്നെ അവളെയും കൂട്ടി അടുത്തുള്ള ഒരു ദന്താശുപത്രിയിലേക്ക് തിരിച്ചു. അവിടെവച്ച് ഡോക്ടറാണ് വായില്‍ കുടുങ്ങിയ മൗത്ത് ഓര്‍ഗന്‍ തിരിച്ചെടുത്തത്. ഇനി തമാശയ്ക്ക് പോലും ഇങ്ങനെയുള്ള കളികള്‍ വേണ്ടെന്ന് ഡോക്ടര്‍ താക്കീത് ചെയ്‌തെന്നും മോളി പറയുന്നു. 

എന്തായാലും സീന്‍ ഇത്തിരി 'ഡാര്‍ക്ക്' ആയെങ്കിലും മോളി കയറിയങ്ങ് താരമായി. ടിക് ടോക്കില്‍ ഇപ്പോള്‍ മോളിക്ക് ആരാധകരേറെയാണ്. എങ്കിലും കുട്ടികള്‍ക്ക് ഇതില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ ഒരു പാഠമുണ്ട് എന്നതും ശ്രദ്ധേയമാണ്.