ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സിന്റെ വിവാഹമാണ് ഇന്ന് മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ വിവാഹത്തിന് എന്താണ് അത്രമാത്രം പ്രത്യേകത എന്നല്ലേ. ഐറിസ് ജോണ്‍സിന് 80 വയസ്, വരന്റെ പ്രായം കേട്ടാൻ ശരിക്കുമൊന്ന് ഞെട്ടും. 35 വയസ്. ഈ പ്രായ വ്യത്യാസം തന്നെയാണ് ഇവർക്കിടയിലെ ഏറ്റവും വലിയ പ്രത്യേകത. 

മുഹമ്മദ് അഹമ്മദ് ഇബ്രാഹിം എന്ന ഈജിപ്തുകാരനെയാണ് ഐറിസ് വിവാഹം ചെയ്യുന്നത്. പ്രണയം തുടങ്ങിയിട്ട് രണ്ട് വർഷമായെന്ന് ഐറിസ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് മുഹമ്മദിനെ പരിചയപ്പെടുന്നത്. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി കെയ്‌റോയില്‍ എത്തി. പിന്നീട് കുറച്ച് ദിവസം അവിടെ ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകാത്ത വിധം അടുത്തു. അതിന് ശേഷമാണ് തുടര്‍ന്ന് വിവാഹിതരാകാം എന്ന തീരുമാനത്തിലെത്തിയത്- ഐറിസ് പറഞ്ഞു. 

ഇവരുടെ വിവാഹം ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രണയത്തിന് പ്രായം ഒരു പ്രശ്നമല്ലെന്നും അവര്‍ ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടേ എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. എന്നാല്‍ പണത്തിനു വേണ്ടിയാണ് ഈ വിവാഹമെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.'മുഹമ്മദ് തന്റെ കെെയ്യിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ല. മക്കള്‍ക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തു കഴിഞ്ഞു. അവര്‍ക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനിയുള്ള ദിവസങ്ങൾ എനിക്കായി മാറ്റിവയ്ക്കുകയാണ്'-  ഐറിസ് പറയുന്നു.