പോയ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,01,078 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരിക തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആടിയുലയുകയാണ് രാജ്യം. ഓരോ ദിവസവും ലക്ഷക്കണക്കിന് പുതിയ രോഗികളാണ് രാജ്യത്തുണ്ടാകുന്നത്. ആയിരങ്ങള്‍ പ്രതിദിനം മരിച്ചുവീഴുന്ന കാഴ്ചയും നാം കാണുന്നു. പല സംസ്ഥാനങ്ങളിലും ലോക്ഡൗണ്‍ അടക്കമുള്ള കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇതിനിടെ കഴിഞ്ഞ ഒരാഴ്ചയായി ഒരൊറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 180 ജില്ലകള്‍ രാജ്യത്തുണ്ടെന്ന് അറിയിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചയായി ഒരു പുതിയ കേസ് പോലുമില്ലാതെ 18 ജില്ലകളുണ്ടെന്നും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിക്കുന്നു. 

എന്നാല്‍ ഈ ജില്ലകള്‍ സംബന്ധിച്ച വിശദാംശങ്ങളോ മറ്റോ ലഭ്യമല്ല. പോയ 24 മണിക്കൂറിനുള്ളില്‍ മാത്രം 4,01,078 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരിക തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Also Read:- കൊവിഡ് പിടിപെടുന്നവരിൽ അപൂർവ ഫംഗസ് ബാധിക്കുന്നതായി ഡോക്ടർമാർ‌...

ഇതുവരെ 2,38,270 പേരാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. മരണനിരക്കും ഉയരുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona