ഇന്നത്തെ ഫാഷൻ സ്വാതന്ത്ര്യം, ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിൽ നിലനിന്നിരുന്ന ജാതിപരമായ വസ്ത്രധാരണ നിഷേധത്തിനെതിരെ നടന്ന ശക്തമായ പോരാട്ടത്തിന്റെ ഫലമാണ്. 19-ാം നൂറ്റാണ്ടിൽ, കീഴ്ജാതിക്കാർക്ക് മാറ് മറയ്ക്കാൻ അനുവാദമില്ലായിരുന്നു. 

ആധുനിക ഫാഷൻ ലോകത്തെ യുവതലമുറ അമ്പരപ്പോടെ നോക്കി കാണറുണ്ട്. പുതിയ തലമുറയുടെ ആത്മവിശ്വാസം വേഷങ്ങളിൽ പോലും തിളങ്ങി നിൽക്കുന്നു. പക്ഷെ ഈയിടെയായി എങ്ങോട്ട് തിരിഞ്ഞാലും ഒരു ചോദ്യം സ്ഥിരമാണ്: "അവൾ ധരിച്ച വസ്ത്രത്തിൻ്റെ നീളം കുറവല്ലേ?" മാറുന്ന ഫാഷനൊപ്പം, ഓരോ പെൺകുട്ടിയും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ധൈര്യത്തോടെ വേഷം തിരഞ്ഞെടുക്കുമ്പോൾ, ഒരു കൂട്ടം ആളുകൾ ഇന്നും വസ്ത്രത്തിൻ്റെ അളവെടുത്ത് വിലയിരുത്തുന്നു. എന്ത് ധരിക്കണം, എന്ത് ധരിക്കേണ്ട എന്നതെല്ലാം ഓരോ വ്യക്തിയുടെയും അവകാശമാണ്. എന്നാൽ, ഈ സ്വാതന്ത്ര്യത്തിൻ്റെ തിളക്കത്തിന് പിന്നിൽ എരിഞ്ഞടങ്ങിയ ഒരു നൂറ്റാണ്ടിൻ്റെ ഇരുളുണ്ടെന്ന് എത്രപേർ ഓർക്കുന്നു? കേരളത്തിൻ്റെ ഫാഷൻ ചരിത്രം വെറും തുണിയുടെ കഥയല്ല, അത് ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി ഒരു ജനത നടത്തിയ അതിജീവനത്തിൻ്റെ, ചോരയുടെയും കണ്ണീരിൻ്റെയും വിപ്ലവഗാഥയാണ്.

വസ്ത്രം നിഷേധിക്കപ്പെട്ട ആ കാലം; മുട്ടിൻ്റെ നീളത്തിലെ ജാതി

ഇന്ന് ചരിത്രപുസ്തകങ്ങൾ വായിക്കുമ്പോൾ പോലും നമ്മുടെ മനസ്സ് മരവിക്കുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ. അവിടെ വസ്ത്രധാരണം ഒരു വ്യക്തിയുടെ 'അന്തസ്സ്' തീരുമാനിച്ചിരുന്നില്ല, മറിച്ച് 'അടിമത്തം' ഉറപ്പിച്ചിരുന്നു. കീഴ്ജാതിക്കാർക്ക് മാറ് മറയ്ക്കാൻ അനുവാദമില്ല, പുരുഷന്മാർ മുട്ടിന് താഴെ മുണ്ടുടുക്കാൻ പാടില്ല. ജാതിയുടെ ശ്രേണി അനുസരിച്ചായിരുന്നു മുണ്ടിൻ്റെ നീളം നിശ്ചയിച്ചിരുന്നത്. അത് ഒരു സാമൂഹിക കോഡ് ആയിരുന്നു. ഈ നിയമലംഘനം നടത്തുന്നവരെ പരസ്യമായി ശിക്ഷിക്കാനും വസ്ത്രം വലിച്ചു കീറാനും അന്നത്തെ 'സമൂഹ്യ നീതി' അനുവാദം നൽകിരുന്നു. എത്രമാത്രം നിന്ദ്യമായിരുന്നു ആ കാലം. വേഷമില്ലായ്മ, ഒരു ജനതയുടെ സാമൂഹിക പദവി വിളിച്ചോതുന്ന യൂണിഫോമായി മാറിയ ദയനീയ അവസ്ഥ.

മുലക്കരം: വൃത്തികെട്ട ആ നികുതിയുടെ ഓർമ്മകൾ

ഈ നിഷേധിക്കപ്പെട്ട അവകാശത്തിൻ്റെ പേരിൽ ഭരണകൂടം ഏർപ്പെടുത്തിയ ഏറ്റവും ക്രൂരമായ നികുതിയെക്കുറിച്ച് നമ്മൾ സംസാരിക്കേണ്ടതുണ്ട് 'മുലക്കരം'. മാറ് മറയ്ക്കാൻ ആഗ്രഹിച്ചാൽ അതിനും പണം കൊടുക്കണം. ആലപ്പുഴയിലെ ചേർത്തലയിൽ നിന്ന് ഒരു പെൺപോരാളിയുടെ ഗാഥ ഈ ചരിത്രത്തിൽ ഇടിമിന്നൽ പോലെ നിൽക്കുന്നുണ്ട്, നങ്ങേലി. നികുതി പിരിക്കാൻ ഉദ്യോഗസ്ഥൻ നങ്ങേലിയുടെ വീട്ടിലെത്തിയപ്പോൾ, അവർ നികുതി നൽകാൻ തയ്യാറായ നങ്ങേലിയുടെ പ്രതികരണം ആ ഉദ്യോഗസ്ഥനെ മാത്രമല്ല, അന്നത്തെ സാമൂഹിക വ്യവസ്ഥിതിയെ മുഴുവൻ ഞെട്ടിച്ചു. സ്വന്തം മാറിടം ഛേദിച്ച്, വാഴയിലയിൽ വെച്ച്, 'ഇതാ നികുതി' എന്ന് പറഞ്ഞ് അവർ നൽകി. രക്തം വാർന്ന് മരിച്ച നങ്ങേലിയുടെ ചിതയിലേക്ക് ഭർത്താവ് ചിരുകണ്ടനും എടുത്തുചാടി. നങ്ങേലിയുടെ ഈ ത്യാഗം, ഒരു ഐതിഹ്യമോ കെട്ടുകഥയോ ആയി തള്ളിക്കളയാവുന്നതല്ല. അത്, ജാതിപരമായ അടിച്ചമർത്തലുകൾക്കെതിരെ സാധാരണ മനുഷ്യരുടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവന്ന ധീരമായ നോ പറച്ചിൽ ആയിരുന്നു.

ചാന്നാർ ലഹള: തോൽക്കാത്ത വിപ്ലവത്തിൻ്റെ 37 വർഷം

നങ്ങേലിയുടെ രക്തസാക്ഷിത്വം ഒരു തീപ്പൊരിയായി മാറി. 1822-ൽ ആരംഭിച്ച ചാന്നാർ ലഹള അഥാവ മാറുമറയ്ക്കൽ സമരം 1859 വരെ നീണ്ടുനിന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ സ്വാധീനം ലഭിച്ച നാടാർ സ്ത്രീകൾക്ക് 'ചട്ട' പോലുള്ള മേൽവസ്ത്രങ്ങൾ ധരിക്കാനുള്ള അനുമതി നൽകിയപ്പോൾ, സവർണ്ണ വിഭാഗക്കാർ ഇതിനെതിരെ ആഞ്ഞടിച്ചു. 'മാറ് മറച്ചാൽ ജാതി തിരിച്ചറിയാൻ കഴിയില്ല' എന്ന വിചിത്രമായ വാദമുയർത്തി അവർ തെരുവുകളിൽ ലഹളകൾ നടത്തി. സ്ത്രീകളെ ആക്രമിച്ചു, വസ്ത്രങ്ങൾ വലിച്ചു കീറി. പക്ഷേ, ആ സ്ത്രീകൾ പിന്മാറിയില്ല. വൈകുണ്ഠ സ്വാമികളെപ്പോലുള്ള ആത്മീയ നേതാക്കൾ ഇതിന് വലിയ പിന്തുണ നൽകി. സമരം ശക്തമായതോടെ ബ്രിട്ടീഷ് അധികാരികളും ഇടപെട്ടു. ഇത് സാമൂഹിക നീതിക്ക് വേണ്ടി തിരുവിതാംകൂറിന് പുറത്ത് നിന്ന് പോലും സമ്മർദ്ദമുണ്ടായി എന്നതിൻ്റെ തെളിവാണ്.

സ്വാതന്ത്ര്യത്തിന്റെ വിളംബരം: 1859 ജൂലൈ 26

വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കും, രക്തരൂക്ഷിത സംഭവങ്ങൾക്കും ഒടുവിൽ, 1859 ജൂലൈ 26-ന് തിരുവിതാംകൂർ രാജാവ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ വിളംബരം പുറപ്പെടുവിച്ചു. എല്ലാ ജാതിയിൽപ്പെട്ട സ്ത്രീകൾക്കും മേൽവസ്ത്രം ധരിക്കാനുള്ള അവകാശം ഔദ്യോഗികമായി ലഭിച്ചു. പക്ഷേ, നിയമം വന്നതുകൊണ്ട് മാത്രം പ്രശ്നം തീർന്നില്ല. സാമ്പത്തികമായി പിന്നാക്കം നിന്നവർക്ക് വസ്ത്രങ്ങൾ വാങ്ങാൻ പോലും ശേഷിയില്ലാത്ത അവസ്ഥയായിരുന്നു. എങ്കിലും, ആ വിളംബരം ഒരു വാതിൽ തുറന്നു: ഇനി കേരളീയർക്ക് അവരുടെ വസ്ത്രം സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം. ഈ വിജയം പിന്നീട് കേരളത്തിലെ എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങൾക്കും ഒരു പാഠപുസ്തകമായി മാറി.

ഇന്നത്തെ ഫാഷൻ: ഒരു 'പോരാട്ട സ്മരണ'

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, നമ്മൾ കാണുന്ന ഫാഷൻ സ്വാതന്ത്ര്യം, ആ പഴയ പോരാട്ടങ്ങളുടെ നേർവിപരീതമാണ്. ഇന്ന്, മുണ്ടിൻ്റെ നീളമോ, വസ്ത്രത്തിന്റെ തരമോ നമ്മുടെ സാമൂഹിക പദവി തീരുമാനിക്കുന്നില്ല. നമ്മുടെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയുമാണ് വസ്ത്രങ്ങൾ പ്രതിഫലിപ്പിക്കുന്നത്. അതുകൊണ്ട്, നിങ്ങൾ ഇന്ന് ഒരു കസവു മുണ്ടുടുക്കുമ്പോൾ, ഒരു സാരിയുടുക്കുമ്പോൾ, ഒരു സ്ലീവ്ലെസ് കുർത്ത ധരിക്കുമ്പോൾ... അതിലൂടെ കടന്നുപോയ ചരിത്രത്തെ ഓർക്കണം. ഇന്ന് നമ്മൾ അഭിമാനത്തോടെ ആസ്വദിക്കുന്ന ഈ വസ്ത്രധാരണ സ്വാതന്ത്ര്യം, ഒരു നൂറ്റാണ്ട് മുൻപ് നങ്ങേലിയെപ്പോലുള്ള ധീര വനിതകൾ സ്വന്തം ചോര നൽകി നേടിയെടുത്ത അവകാശമാണ്. അതുകൊണ്ട്, വസ്ത്രത്തിൻ്റെ 'അളവ്' പറഞ്ഞ് ഇന്നും സ്ത്രീകളെ വിലയിരുത്തുന്നവരോട് ഈ ചരിത്രം ഉറക്കെ വിളിച്ചു പറയുന്നു: നമ്മൾ എന്ത് ധരിക്കണം എന്ന് തീരുമാനിക്കാൻ മറ്റൊരാൾക്കും അധികാരമില്ല. ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശം ഓരോ ആളുകൾക്കുമുണ്ട്.