അമിത വണ്ണം ഇന്ന് പലരുടെയും പ്രശ്നമാണ്. തടി കൂടുതലായതിന്‍റെ  പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അവിടെയാണ് ശരീരഭാരം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ച് നാം ചിന്തിക്കുന്നത്. പട്ടിണി കിടന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ശരീരഭാരം കുറയ്ക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു ഡയറ്റാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ.

 ശരീരഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവർ പ്രഭാതഭക്ഷണത്തിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

രാവിലെ എഴുന്നേറ്റയുടന്‍ ചെറുചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതുപേലെ തന്നെ  രാവിലെ പ്രഭാതഭക്ഷണത്തിന് മുമ്പ് ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അത് ഒഴിവാക്കി പകരം നാരങ്ങ നീര്, തേന്‍, ഒരു നുള്ള് കറുവാപ്പട്ട എന്നിവയിട്ട് തിളപ്പിച്ച ഒരു കപ്പ് ചൂടുവെള്ളം കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് നീക്കുകയും മെറ്റബോളിസം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. 

പ്രഭാതഭക്ഷണത്തിന് മുമ്പ് വ്യായാമം അല്ലെങ്കില്‍ യോ​ഗ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ്സിന് കാരണമാകുന്ന ഹോര്‍മോണുകള്‍ക്ക് ശരീരഭാരം വര്‍ധിപ്പിക്കുന്നതിലും റോളുണ്ട്. ഇത്തരം ഹോര്‍മോണുകള്‍ ശരീരത്തില്‍ ഫാറ്റുകള്‍ അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. അതുകൊണ്ട് ദിവസവും രാവിലെ 15-30 മിനിറ്റ് എങ്കിലും യോ​ഗയോ വ്യായാമമോ ചെയ്യാം. 

 അതുപോലെ തന്നെ തടി കൂടാതിരിക്കാനായി ചില ഭക്ഷണങ്ങള്‍ ഒഴിവാക്കാം.  വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും ബ്രെഡ് കഴിക്കാറുണ്ട്. അതേസമയം, വൈറ്റ്‌ബ്രെഡ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂടാനും സാധ്യതയുണ്ട്. 

പ്രോസസ്ഡ് മീറ്റില്‍ പൊണ്ണത്തടിക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതിനാൽ സംസ്കരിച്ച ഇറച്ചി ഒഴിവാക്കുന്നതാണ് നല്ലത്. തൈര് പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണമാണെങ്കിലും അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്. തൈരിലെ കൊഴുപ്പ് വയറ്റിൽ അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാരയുടെ അളവ് അധികമായ പഴച്ചാറുകൾ ഗുണത്തെക്കാൾ ദോഷമായിരിക്കും ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ജ്യൂസ് കുടിക്കുന്നതിനു പകരം പഴങ്ങൾ ശീലമാക്കുന്നതാണ് അഭികാമ്യം.  ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കണം. പാക്കറ്റ് ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതല്ല. ഇവയിലൂടെ കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ വരാനുളള സാധ്യത വളരെ കൂടുതലാണ്.