വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു. ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്. 

വിഷാദരോഗം തന്നെ ഓരോരുത്തരിലും പലരീതിയിലാണ് കാണപ്പെടുന്നത്. ചിലർക്ക് സ്വയം കൈകാര്യം ചെയ്ത് മുന്നോട്ട് പോകാനാകും. എന്നാൽ മറ്റ് ചിലർക്കാണെങ്കില്‍ ഇത് സാധിക്കില്ല. അത്തരം സാഹചര്യങ്ങളിൽ അവരുടെ സാമൂഹികജീവിതം പ്രശ്നകരമായി മാറാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ തീർച്ചയായും ഇതിന് ചികിത്സ തേടുന്നത് തന്നെയാണ് ഉത്തമം. 

എപ്പോഴും ദു:ഖ ഭാവം, ഇഷ്ടമായ കാര്യങ്ങളില്‍ പോലും താല്‍പര്യമില്ലായ്‌മ, ക്ഷീണം തുടങ്ങിയവയാണ്‌ വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം തന്നെ ചിലരിൽ വിശപ്പില്ലായ്‌മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്‌. വളരെ വിഷമകരമായ അവസ്ഥയിലൂടെയായിരിക്കും വിഷാദരോഗികള്‍ കടന്നുപോകുന്നത്. എന്നാല്‍ ആത്മവിശ്വാസത്തോടെ ഇതിനെ ചെറുക്കാൻ ഒരു ശ്രമം നടത്തിനോക്കൂ, തീർച്ചയായും അല്‍പമെങ്കിലും മാറ്റം കണ്ടേക്കാം. അതിന് സഹായകമാകുന്ന നാല് മാർഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

സ്വയം നിയന്ത്രിക്കാം

നല്ല ആരോഗ്യത്തിന്‌ സമീകൃതാഹാരം, ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതചര്യകള്‍, നല്ല സാമൂഹിക ബന്ധങ്ങള്‍, ദേഷ്യം നിയന്ത്രിക്കല്‍, ഇവയെല്ലാം പരിശീലിച്ചാല്‍ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാം. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം പോസിറ്റീവ്‌ മനോഭാവം പുലര്‍ത്തുന്ന തരത്തിലുള്ള കാര്യങ്ങള്‍ തിരഞ്ഞെടുത്ത്‌ ചെയ്യുന്നതായിരിക്കും നല്ലത്‌. 

വിദഗ്‌ധരെ സമീപിക്കാം

വിഷാദ രോഗം സ്വയം നിയന്ത്രിതമായതും അതേസമയം വീണ്ടും വരാന്‍ സാധ്യതയുള്ളതുമായ രോഗാവസ്ഥയാണ്‌. ചിലപ്പോള്‍ ഇത്‌ ചികിത്സിച്ചാലും ഇല്ലെങ്കിലും രോഗം ഭേദമാകും. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പെട്ടന്ന്‌ വിദ്‌ഗ്‌ധരെ സമീപിക്കുന്നതായിരിക്കും നല്ലത്‌.

മരുന്നുകളുടെ ഉപയോഗം

ചില ഹോര്‍മോണ്‍ അധിഷ്‌ഠിതമായ മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികള്‍, ചിലതരം ആന്‍റിബയോട്ടിക്കുകള്‍, ഉറക്ക ഗുളിക, വേദന സംഹാരി തുടങ്ങിയവ വിഷാദ രോഗത്തെ ക്ഷണിച്ചു വരുത്താം. അതിനാൽ അത്തരം വിഷയങ്ങളിലും കരുതലുണ്ടായിരിക്കുക. 

ഹോര്‍മോണ്‍ വ്യതിയാനം

തൈറോയ്‌ഡ്‌ ഹോര്‍മോണ്‍ കുറവാകുന്ന അവസ്ഥയുടെ ഒരു ലക്ഷണം വിഷാദമാണ്‌. ഇത് ശരീരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരു കാരണമാണ്. അതിനാൽ വിഷാദരോഗത്തെ പൂർണ്ണമായും മനസിന്‍റെ പ്രശ്നങ്ങളായി കാണാതെ, ശരീരവുമായും ബന്ധപ്പെടുത്തി പരിശോധിക്കുക. ഹോർമോണ്‍ വ്യതിയാനങ്ങൾ മാത്രമല്ല, മറ്റ് പല അസുഖങ്ങളുടേയും ഭാഗമായും വിഷാദം വന്നേക്കാം. എത്ര ഫലപ്രദമായി പ്രതിരോധിക്കാനാകുമോ അതിന്‍റെ പരമാവധി ശ്രമിക്കുക. വിഷാദം, തീർച്ചയായും പ്രതിരോധത്തെ അനുസരിച്ച് നിയന്ത്രിക്കാവുന്നതും ഭേദപ്പെടുത്താനാകുന്നതുമാണെന്ന് മനസിലാക്കുക.