പരീക്ഷാ കാലങ്ങളിൽ കുട്ടികളിൽ ആവലാതിയും ഭയാശങ്കയും അല്ല വേണ്ടത് മറിച്ച് മുന്നൊരുക്കമാണ്. ഇത്തരം അവസരങ്ങളിൽ അവർക്ക് വേണ്ടത് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും മറ്റുള്ളവരുടെ പരിപൂർണ്ണ പിന്തുണയുമാണ്. അതിനനുകൂലമായ സാഹചര്യവും സൗകര്യവും ഒരുക്കി കൊടുക്കുക എന്നുള്ളതാണ് നമ്മുടെ കർത്തവ്യം.
പൊതു സമൂഹവും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പേടിയോടെ വിവക്ഷിച്ചിരുന്ന പരീക്ഷാപ്പേടി എന്ന വികാരം പടിക്ക് പുറത്താകുന്ന ചില കാഴ്ച്ചകളാണ് ചുറ്റിനും കാണാൻ കഴിയുന്നത്. പണ്ട് മുതലേ പൊതുപരീക്ഷകളിൽ വിജയം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം മുതിർന്നവർ കുട്ടികളെ ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ മറ്റ് പരീക്ഷകളിൽ നിന്നും അതിന്റെ നടത്തിപ്പിൽ ചില ഏകീകൃത സ്വഭാവം ഉള്ളതൊഴിച്ചാൽ പൊതുപരീക്ഷകളിൽ ഭയക്കാനെന്തിരിക്കുന്നു. പക്ഷേ നമ്മുടെ മുൻതലമുറ നമ്മളിൽ ഭയാശങ്ക നിറച്ചത് പോലെ നമ്മൾ നമ്മുടെ കുട്ടികൾക്കും അത് കൈമാറി വരുന്നു.
അത്രെയേയുള്ളൂ. പത്താംക്ലാസ് ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾ ഏതൊ വലിയ കടമ്പയാണ് അതിൽ ഉന്നത വിജയം നേടിയില്ലെങ്കിൽ ജീവിതം പോയി എന്നൊക്കെയുള്ള പല്ലവികൾ കുട്ടികളോട് ഓതുന്ന രക്ഷിതാക്കൾ ഇന്നും നമുക്ക് ചുറ്റിനുമുണ്ട്. എന്നാൽ കാലം മാറി കഥയും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തോൽവി സമ്പ്രദായം എടുത്തുകളഞ്ഞതു മുതൽ കുട്ടികളിൽ പരീക്ഷാപ്പേടി ഇല്ലെന്ന് തന്നെ പറയാം.
ഈ പൊതു പരീക്ഷകളിൽ ഇപ്പോൾ നടപ്പാക്കികൊണ്ടിരിക്കുന്ന "കൂൾ ഓഫ് ടൈമും" ഇതിന് ഒരു പരിധി വരെ സഹായമായിട്ടുണ്ട് . ഈ പരീക്ഷകളിൽ ലഭിക്കുന്ന മാർക്ക് ഉപരി വിദ്യാഭ്യാസത്തിന് പ്രയോജനം ചെയ്യുമെങ്കിലും ജീവിതവിജയം ഈ പരീക്ഷകളുടെ മാർക്കിനെ അടിസ്ഥാനമാക്കി വിലയിരുത്താൻ പൊതു സമൂഹം തുനിയരുത്. അത് ചെറുപ്പത്തിലെ നമ്മുടെ കുട്ടികളെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം രക്ഷിതാക്കളും അദ്ധ്യാപകരും ഏറ്റെടുക്കണം.
ചെറുപ്പത്തിലേ ജീവിതമൂല്യങ്ങൾ അറിഞ്ഞു വളരുന്ന കുട്ടികൾ പരീക്ഷയിൽ അല്പം മാർക്ക് കുറഞ്ഞാലും അവന്റെ ജീവിതം കരുപ്പിടിപ്പിക്കുന്നതിൽ വിജയിച്ചു വരുന്നത് കാണാറുണ്ട്. പരീക്ഷാ കാലങ്ങളിൽ കുട്ടികളിൽ ആവലാതിയും ഭയാശങ്കയും അല്ല വേണ്ടത് മറിച്ച് മുന്നൊരുക്കമാണ്. ഇത്തരം അവസരങ്ങളിൽ അവർക്ക് വേണ്ടത് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും മറ്റുള്ളവരുടെ പരിപൂർണ്ണ പിന്തുണയുമാണ്. അതിനനുകൂലമായ സാഹചര്യവും സൗകര്യവും ഒരുക്കി കൊടുക്കുക എന്നുള്ളതാണ് നമ്മുടെ കർത്തവ്യം. ഇപ്പോൾ നമ്മുടെ വിദ്യാലയങ്ങളിൽ കുട്ടികളെ കൂടുതൽ മികവുള്ളവരാക്കി മാറ്റുന്നതിനുള്ള നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ജീവിത സാഹചര്യങ്ങൾ കൊണ്ട് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾ നമ്മുടെ സ്‌കൂളുകളിലുണ്ട് . അത്തരക്കാരെയൊക്കെ മുഖ്യധാരയിലെത്തിക്കുവാൻ കൗൺസിലിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇന്ന് നിലവിലുണ്ട്. വരും കാലങ്ങളിൽ അത്തരം സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണം. ഈ വർഷം മുതൽ പൊതുപരീക്ഷകൾ രാവിലെ ആരംഭിക്കും. അതൊരു നല്ല മാറ്റമാണ്.
കുട്ടികൾക്ക് കൂടുതൽ ഊർജസ്വലതയോടെയും ഉന്മേഷത്തോടെയും പരീക്ഷ എഴുതുവാനും പ്രതികൂല കാലാവസ്ഥയിൽ നിന്ന് ആശ്വാസം കണ്ടെത്താനും കഴിയും. പരീക്ഷകളെ അഭിമുഖീകരിക്കുന്നവർക്കായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കുന്നു.
പരീക്ഷക്ക് മുൻപ്
------------------------------
* ഏകാഗ്രതക്കും മനശാന്തിക്കും വേണ്ടി ദിവസം പത്തുമിനിറ്റ് നേരം പ്രാണായാമം നടത്തുക (ഈ സമയം നമ്മുടെ ഗുരുക്കന്മാരെയും രക്ഷിതാക്കളെയും മനസ്സിൽ കൊണ്ട് വരിക )
*പഠനത്തിലും പഠനമേശയിലും അടുക്കും ചിട്ടയും പാലിക്കുക.
*മടിയും താല്പര്യക്കുറവും ഒഴിവാക്കുവാൻ, പരീക്ഷയിൽ ഉന്നത വിജയം നേടിയാൽ ഉണ്ടാകുന്ന പ്രയോജനങ്ങളെ കുറിച്ചും, ഉദ്ദേശിച്ച മാർക്ക് ലഭിക്കാതിരുന്നാലുള്ള നഷ്ടങ്ങളെ കുറിച്ചും ആലോചിക്കുക.
*പഠനമുറിയിൽ ശുദ്ധവായുവും നല്ല വെളിച്ചവും ഉറപ്പാക്കുക. (വീടിന് പുറത്ത് സൗകര്യമുള്ള ഇഷ്ടപ്പെട്ട സ്ഥലവും ആകാം. )
* പതിവായി ഉറങ്ങുന്ന സമയത്തിൽ മാറ്റം വരുത്തണ്ട. (പതിവിൽ കൂടുതൽ ഉറക്കം ഒഴിയുന്നത് ശാരീരിക ക്ഷീണം ഉണ്ടാക്കും. )
*പരീക്ഷയിൽ ഉന്നത വിജയം നേടുന്ന രംഗം എപ്പോഴും മനസ്സിൽ കാണുക. (ഇത് ആത്മവിശ്വാസം വർധിപ്പിക്കും )
*മാതൃകാ ചോദ്യങ്ങൾ പരമാവധി പരിശീലിക്കുക.
*പഠന സമയത്തിന് ഇടവേളകൾ നല്കുക. ഇളം ചൂടുവെള്ളം കുടിക്കുകയും ചെയ്യുക. (ഈ സമയം ഇഷ്ടമുള്ള കലാ വിരുന്നുകൾ ആസ്വദിക്കാം, എന്നാൽ സോഷ്യൽ മീഡിയകൾ വേണ്ട. അത് കൂടുതൽ സമയം അപഹരിക്കും. പരീക്ഷാ സമയങ്ങളിൽ ഇത് കുട്ടിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുവാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എന്നാൽ മുതിർന്നവരുടെ സാന്നിധ്യത്തിൽ സംശയങ്ങൾ തീർക്കുവാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല )
*ഈ സമയങ്ങളിൽ പുറത്തുനിന്നുള്ളതും ദഹിക്കാൻ പ്രയാസമുള്ളതുമായ ആഹാരസാധനങ്ങൾ പരമാവധി ഒഴിവാക്കുക.
*മറവി ഒഴിവാക്കുവാൻ മുൻപ് പഠിച്ച ഓരോ പാഠഭാഗങ്ങളുടെയും പ്രധാന വസ്തുതകൾ ചെറിയ കുറിപ്പുകളായി എഴുതി സൂക്ഷിക്കുക.
*ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. അതിന് വീട്ടിലുള്ളവരും ശ്രദ്ധിക്കണം.
*പല കരണങ്ങൾ കൊണ്ട് നേരത്തെ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഇനി പഠിക്കുന്നതിനേക്കാൾ നല്ലത് പഠിച്ച പാഠഭാഗങ്ങൾ കൂടുതൽ ഹൃദ്സ്ഥമാക്കുന്നതായിരിക്കും നല്ലത്.
*അവസാന സമയങ്ങളിൽ പുതിയ ഗൈഡുകളോ മറ്റ് പഠന സഹായികളോ ഉപയോഗിക്കരുത്. (ആദ്യം പഠിച്ചതിൽ നിന്നും വ്യത്യസ്തമാണെങ്കിൽ അത് ആശയക്കുഴപ്പമാകും. )
*പഠിക്കേണ്ടത് ഒന്നും നാളത്തേക്ക് മാറ്റി വയ്ക്കാതിരിക്കുക.
*കുടുംബാഗങ്ങളുടെ പരിപൂർണ്ണ പിന്തുണയും പ്രോത്സാഹനവും എപ്പോഴും ഉണ്ടാകുക.
*അദ്ധ്യാപകർ പഠിപ്പിക്കുന്ന രംഗങ്ങൾ പരിശീലിക്കുക.
*കൂട്ടുകാരുമായി ഉള്ള ചർച്ചകൾ ഒഴിവാക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് എന്തുവരെ പഠിച്ചു, എന്തൊക്കെ പഠിച്ചു തുടങ്ങിയ കാര്യങ്ങൾ...
പരീക്ഷാ ദിവസങ്ങളിൽ
------------------;-----------------------
*എന്നും എഴുന്നേൽക്കുന്ന സമയം എഴുന്നേൽക്കുക
*നിർബന്ധമായും പ്രാണായാമം പോലുള്ള മാനസിക വ്യായാമങ്ങൾ ചെയ്യുക.
*പരീക്ഷയെ കുറിച്ചുള്ള അമിത ഉൽഘണ്ഠയും ആകാംക്ഷയും ഒഴിവാക്കുക
*പരീക്ഷ ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് സ്കൂളിൽ എത്തിച്ചേരുക (ഗതാഗത ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ )
*കൂട്ടുകാരുമായുള്ള താരതമ്യപഠനം, ചർച്ച ഇവ ഒഴിവാക്കുക.
*ആദ്യ ബെല്ലിനു പത്തുമിനിറ്റ് മുന്നേ വായന മതിയാക്കുക. (ചില കുട്ടികൾ ബെല്ല് അടിച്ചതിനു ശേഷം വെപ്രാളത്തോടെ പാഠഭാഗങ്ങൾ വായിക്കുന്നത് കാണാം. ഇത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും )
*ആഘോഷ വേളകളിൽ നമുക്കുണ്ടാകുന്ന അതേ മാനസികാവസ്ഥയുടെ ഹാളിൽ പ്രവേശിക്കുക. (എന്തായാലും പരീക്ഷ എഴുതിയെ പറ്റൂ.. അങ്ങനെയാണേൽ സന്തോഷത്തോടെ അതിനെ നേരിടുന്നതല്ലേ നല്ലത് )
*അഞ്ച് മിനിട്ട് കണ്ണടച്ചിരുന്ന് മനസിനെ ഏകാഗ്രമാക്കുക. (ഈ സമയം എല്ലാ ഗുരുക്കന്മാരെയും രക്ഷിതാക്കളെയും ഇഷ്ടമുള്ള ദൈവത്തെയും മനസ്സിൽ കാണുന്നത് ഗുണം ചെയ്യും )
*കൂൾ ഓഫ് ടൈം പരമാവധി പ്രയോജനപ്പെടുത്തുക. ചോദ്യപ്പേപ്പർ മനസിരുത്തി വായിക്കുക. ഏറ്റവും നല്ലതുപോലെ അറിയാവുന്നയ്ക്ക് മുൻഗണന കൊടുത്ത് നമ്പർ തെറ്റാതെ എഴുതുക.
*ഓരോ ചോദ്യത്തിനും മാർക്കിന്റെ അടിസ്ഥാനത്തിൽ സമയം വീതിച്ചു നൽകുക. (ചില കുട്ടികൾ മാർക്ക് കുറഞ്ഞ ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ കൂടുതൽ സമയം എടുക്കുന്നത് മൂലം കൂടുതൽ മാർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ സമയം ലഭിക്കാതെ വരികയും ചെയ്യുന്നു. )
*പരീക്ഷ എഴുതുവാൻ ആവശ്യമായ പഠന സാമഗ്രികൾ കരുതുക.
*അവസാന ദിവസത്തെ പരീക്ഷ വരെ കൂട്ടുകാരുമായി ചോദ്യപ്പേപ്പർ ചർച്ച ഒഴിവാക്കുക.
*കുടിവെള്ളം കരുതുക.
രക്ഷിതാക്കൾ അറിയാൻ
--------------------------------------------
*പഠന സമയം, വീട്ടിൽ ശാന്തമായ അന്തരീക്ഷം ഒരുക്കി കൊടുക്കേണ്ടത് കുടുംബാംഗങ്ങളുടെ കടമയാണ്. (ഇത് കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും രക്ഷകർത്താക്കളുടെ പിന്തുണ ഉറപ്പാക്കുവാനും കഴിയും )
*വീട്ടിലെ ഉറക്കെയുള്ള സംസാരങ്ങളും മറ്റ് ദൃശ്യ മാധ്യമങ്ങളുടെ ശബ്ദങ്ങളും ഒഴിവാക്കുക.
*പഠന കാര്യത്തിൽ മറ്റ് കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കാതെ ഇരിക്കുക.
*എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള സംസാരങ്ങളും പ്രോത്സാഹനങ്ങളും ഉറപ്പാക്കുക.
*സംശയ ദുരീകരണത്തിനായി തങ്ങളുടെ സാന്നിധ്യത്തിൽ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ചെയ്തുകൊടുക്കാം.
*ഭക്ഷണ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം.
എല്ലാ കൂട്ടുകാർക്കും ഒരു നല്ല പരീക്ഷാക്കാലം ആശംസിക്കുന്നു.
കടപ്പാട്;
സുഗതൻ എൽ. ശൂരനാട്.
(സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് )
