ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ വീടും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. വീട് വൃത്തിയാക്കാൻ പലതരത്തിലുള്ള ക്ലീനറുകളുണ്ട്. വീട് വൃത്തിയാക്കുമ്പോൾ ചില സ്ഥലങ്ങൾ ക്ലീൻ ചെയ്യാൻ വിട്ട് പോകാറുണ്ട്. 

കണ്ണില്‍ പെടുന്ന പൊടിയും മാറാലയും അഴുക്കും കളഞ്ഞാലും നമ്മുടെ കണ്ണെത്താതെ കിടക്കുന്ന ഇടങ്ങളുണ്ട് , പക്ഷെ വീടിന്റെ ആരോഗ്യം എന്നത് നമ്മള്‍ അധികം ശ്രദ്ധിക്കാതെ പോകുന്ന ഇടങ്ങള്‍ വൃത്തിയാക്കുന്നതിലാണ്. ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള. 

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയായിരിക്കേണ്ട സ്ഥലമാണ് അടുക്കള. അടുക്കള വൃത്തിയാക്കി സൂക്ഷിക്കുന്നത് ആരോഗ്യപൂർണമായ ജീവിതത്തിലേക്കുളള ആദ്യ പടികൂടിയാണ്. വൃത്തിയുളളതും തിളങ്ങുന്നതുമായ അടുക്കള സ്വന്തമാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ഒന്ന്...

  സോപ്പിനൊപ്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് പാത്രങ്ങൾ വെട്ടിതിളങ്ങാൻ സഹായിക്കും. വാഷ് ബേസിൻ കഴുകുന്നതിന് അര മണിക്കൂർ മുമ്പുതന്നെ കിച്ചൺ സിങ്കിൽ ബേക്കിങ് സോഡ ഇട്ട് വയ്ക്കുന്നത് വൃത്തിയും തിളക്കവും നൽകുന്നതിന് സഹായിക്കും.

രണ്ട്...

 പാത്രം കഴുകാനുപയോഗിക്കുന്ന സ്പോഞ്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഭക്ഷണാവശിഷ്ടങ്ങളും കരിയുമെല്ലാം സ്പോഞ്ചിൽ കുതിർന്ന് കിടക്കുന്നത് രോഗകാരികളായ സൂക്ഷ്മ ജീവികളെ പാത്രത്തിലേക്ക് പരത്തുന്നതിന് കാരണമാവും.

മൂന്ന്...

ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിൽ ഇട്ടതിനു ശേഷം മാത്രം സിങ്കില്‍ ഇടുക. അടുക്കളയിലെ സിങ്കിന്റെ ദ്വാരം അടഞ്ഞാൽ ഈർക്കിൽ കൊണ്ട് കുത്തി താഴെയിറക്കരുത്. അത് വീണ്ടും പൈപ്പ് അടഞ്ഞു പോവാനേ ഉപകരിക്കൂ. പകരം അതെടുത്ത് കളയുന്നതാണ് നല്ലത്.

നാല്...

അടുക്കള വൃത്തിയാക്കാൻ ഏറ്റവും നല്ലത് വിനാഗിരിയാണ്. അടുക്കളയിലെ തറ അര ടീസ്പൂൺ വിനാഗിരി ചേര്‍ത്ത വെളളം ഉപയോഗിച്ച് തുടച്ചു നോക്കൂ.