രാവിലെ നേരത്തെ എഴുന്നേൽക്കാൻ പലർക്കും മടിയാണ്. നേരത്തെ എഴുന്നേൽക്കാൻ അലാറം ക്യത്യമായി വയ്ക്കും. എന്നാൽ അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും കിറന്നുറങ്ങാറാണ് പതിവ്. രാവിലെ എഴുന്നേറ്റ ഉടൻ വാട്സ് ആപ്പും ഫേസ്ബുക്കും നോക്കാതെ പ്രധാനമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

 ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ട് മിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക.

രണ്ട്...

ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചു വായിക്കുക. ചെയ്യാന്‍ ഏറ്റവും താൽപര്യമുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. ജീവിതത്തില്‍ വലിയ വിജയം നേടിയവരുടെ പ്രഭാതചര്യകളെക്കുറിച്ച്‌ വായിക്കുന്നത് ശീലമാക്കുക. എല്ലാ ദിവസവും രാവിലെ ആ ദിവസത്തേക്കുറിച്ചുള്ള ചിന്തകള്‍, പ്രാധാന്യം എന്നിവ സംബന്ധിച്ച്‌ കുറിപ്പെഴുതുന്നത് ശീലമാക്കുക.

മൂന്ന്...

രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഉന്മേഷത്തിനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.

നാല്...

മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കു മുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നു നല്‍കിയേക്കാം. അതും അല്ലെങ്കിൽ യോ​ഗ, നടത്തം പോലുള്ള വ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കുക. മനസിനും ശരീരത്തിനും വളരെ നല്ലതാണ് യോ​ഗ. 

അഞ്ച്...

എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. ഒരു ദിവസം നാലരയ്ക്ക് ഉണരുകയും അടുത്ത ദിവസം അത് അഞ്ചാക്കുകയും പിന്നീട് അഞ്ചരയാകുകയുമൊക്കെ ചെയ്യുന്നത് ശരിയല്ല. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക.