സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആ​ഗ്രഹിക്കാറുള്ളത്.പോസിറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടു മുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ?. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി തുരത്താൻ ഇതാ ചില എളുപ്പവഴികള്‍...

ഒന്ന്...

വീട്ടില്‍ പോസിറ്റീവ് എനർജി നിൽക്കാൻ വീടിനുള്ളിൽ തങ്ങിനിൽക്കുന്ന മലിനമായ വായുവിനെ പുറത്താക്കുകയാണ് ആദ്യം വേണ്ടത്. വീട്ടില്‍ ശുദ്ധവായു നിറഞ്ഞാല്‍ മാത്രമെ പോസിറ്റീവ് എനര്‍ജി ഉണ്ടാവുകയുള്ളൂ. മലിനമായ വായു നിങ്ങളെ അസ്വസ്ഥമാക്കുമെന്നു മാത്രമല്ല അസുഖങ്ങള്‍ക്ക് വരെ ഇതുകാരണമാകുകയും ചെയ്യും. അതിനാല്‍ ആദ്യം തന്നെ വീട്ടിലെ ജനലുകള്‍ തുറന്നിടുക. വീടു മുഴുവന്‍ ശുദ്ധവായു നിറയട്ടെ. 

രണ്ട്...

നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഗന്ധമാണ് നിങ്ങളുടെ വീടിനെങ്കിലൊ ആ വീട്ടില്‍ നിന്നും പിന്നെ പുറത്തേക്ക് ഇറങ്ങാനെ തോന്നില്ല. ചന്ദനത്തിന്റെയൊ പൂക്കളുടെയൊ അങ്ങനെ ഇഷ്ടപ്പെട്ട ഗന്ധത്തിലുള്ള അഗര്‍ബത്തികള്‍ വീട്ടില്‍ കത്തിച്ചു വയ്ക്കുക. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജി അകറ്റാൻ സഹായിക്കും.

മൂന്ന്...

 ഒടിഞ്ഞ കസേര, പൊട്ടിയ പാത്രങ്ങള്‍ തുടങ്ങി കേടായ സാധനങ്ങളെ വീടിന്റെ പടിക്ക് പുറത്തേക്ക് മാറ്റുക. ഇത്തരം വസ്തുക്കളുടെ സാന്നിധ്യം വീടിന് മാത്രമല്ല നിങ്ങള്‍ക്കും നെഗറ്റീവ് എനര്‍ജി നല്‍കും.

നാല്...

വീട് അലങ്കോലമായി കിടക്കുന്നത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയുണ്ടാകാന്‍ കാരണമാകും. വീട്ടില്‍ വസ്തുക്കള്‍  ഭംഗിയായി അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. വസ്തുക്കള്‍ വാരിവലിച്ചിട്ടാല്‍ പോസിറ്റീവ് എനര്‍ജി എത്തുകയില്ല.

അഞ്ച്....

വീട്ടിൽ പോസിറ്റീവ് എനർജി തങ്ങി നിൽക്കാൻ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വീട്ടില്‍ പൊടിയും അഴുക്കും നിറഞ്ഞാല്‍ സ്വഭാവികമായും വീട്ടില്‍ മുഴുവനും നെഗറ്റീവ് എനര്‍ജ്ജി നിറയും.