കണ്ണിന് ചുറ്റുമുളള കറുത്ത പാട് പലരെയും ബാധിക്കുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടാകാം ഇങ്ങനെയുണ്ടാകുന്നത്. കാരണങ്ങള്‍ കണ്ടെത്തിയാല്‍ പ്രതിവിധിയുണ്ടെന്നാണ് സ്കിന് കെയര്‍ സ്പെഷ്യലിസ്റ്റായ  ഡോ. ടാനിയ പറയുന്നത്. 

കാരണങ്ങള്‍...

ഉറക്കമില്ലായ്മ,  രാത്രിയും വൈകിയുളള ജോലി,  ഒരുപാട് നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരിക്കുക,  രാത്രി അധികം നേരം ഫോണ്‍ ഉപയോഗിക്കുന്നത്, വെള്ളം കുടിക്കാതിരിക്കുന്നത്,  സൂര്യപ്രകാശം അധികമായി അടിക്കുന്നത്,  വായ തുറന്ന് ഉറങ്ങുന്നത് തുടങ്ങിയവയാണ് ഇതിന്‍റെ പ്രധാന കാരണങ്ങളെന്ന് ഡോ. ടാനിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പ്രതിവിധി... 

കൃത്യസമയത്ത് ഉറങ്ങുക പ്രത്യേകിച്ച്  ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുക എന്നതാണ് പ്രധാന പ്രതിവിധി. അതുപോലെതന്നെ, ഒരുപാട് നേരം കമ്പ്യൂട്ടറില്‍ നോക്കിയിരിക്കുന്ന ജോലിയാണെങ്കില്‍ ഇടയ്ക്ക് ഇടവേള എടുക്കുക,  വെള്ളം ധാരളം കുടിക്കുക. സണ്‍സ്ക്രീന്‍ ഉപയോഗിക്കുക എന്നിവയിലൂടെ കണ്ണിന് ചുറ്റുമുളള കറുപ്പ് നിറത്തെ പ്രതിരോധിക്കാം. 

വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍...

ഒന്ന്...

ഐസ് ക്യൂമ്പ് ഒരു തുണിയില്‍ വെച്ച് കണ്ണില്‍ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുളള കറുപ്പ് അകറ്റാന്‍ സഹായിക്കും. 

രണ്ട്...

 ടീ ബാഗ് ഫ്രിഡ്ജില്‍ വെയ്ച്ച് തണുപ്പിച്ചതിന് ശേഷം ഇത് കണ്ണില്‍ വെയ്ക്കുന്നതും നല്ലതാണ്. 

മൂന്ന്...
 
വെള്ളരിക്ക ചെറുതായി അരിഞ്ഞ് കണ്ണില്‍ വെയ്ക്കുന്നത് കണ്ണിന് ചുറ്റുമുളള കറുപ്പകറ്റാന്‍ സഹായിക്കും. 

നാല്...

ഉരുളക്കിഴങ്ങ് നന്നായി അരച്ച് കണ്ണിന് ചുറ്റും പുരട്ടുക. ഒരു പത്ത് മിനിറ്റ് കഴിഞ്ഞിട്ട് കഴുകി കളയാം.