Asianet News MalayalamAsianet News Malayalam

ആത്മവിശ്വാസത്തെ, വിജയത്തെ ഇല്ലാതാക്കുന്നത് ഈ ചിന്തകൾ; സൈക്കോളജിസ്റ്റ് എഴുതുന്നു

താല്ക്കാലികമായി ഇത്തരം ചിന്തകള്‍ മനസ്സിന് ആശ്വാസം നൽകും എന്നു തോന്നിയാലും സാവധാനം അവ ജീവിതത്തില്‍ വളരെ നെഗറ്റീവ് ആയ അന്തരഫലമാവും ഉണ്ടാക്കുക. ഉദാ: ഭാവിയെപ്പറ്റി അമിതമായ ആധിയുള്ള ഒരു വ്യക്തി ടെൻഷൻ കുറയ്ക്കാന്‍ എന്ന പേരില്‍ മദ്യപാനം തുടങ്ങുകയും ടെൻഷൻ കുറയ്ക്കാന്‍ സഹായകരമായ ചികിത്സ തേടാതെയും ഇരിക്കുന്നു. 

how to over come Self Destructive thoughts
Author
Trivandrum, First Published Jun 10, 2020, 10:28 AM IST

കഴിഞ്ഞ കാലങ്ങളില്‍ മനസ്സിനെ വിഷമിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ഇനി ഭാവിയില്‍ സംഭവിക്കും എന്നു ഭയം തോന്നിക്കുന്നതുമായ കാര്യങ്ങളെപ്പറ്റി അമിതമായി ചിന്തിച്ച് മനസ്സ് വിഷമിച്ചിരിക്കുന്ന അവസ്ഥ ഉണ്ടോ? എങ്കിൽ താഴേ പറയുന്ന ഏതെങ്കിലും ഒരു  മാർ​ഗത്തിലൂടെ ഈ അവസ്ഥയെ അതിജീവിക്കാനുള്ള ശ്രമത്തിലാണോ ഇപ്പോള്‍?

1.    പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മറ്റുള്ളവരില്‍ നിന്നെല്ലാം അകന്നു ജീവിക്കാം എന്നുതീരുമാനിക്കുക.
2.    ഇഷ്ടപ്പെട്ടഭക്ഷണം പോലും കഴിക്കാതെ നിരസിക്കുക/ അമിതമായി ഭക്ഷണം കഴിക്കുക.
3.    അപകടകരമായ പ്രവർത്തികളില്‍ ഏര്‍പ്പെടുക- ഉദാ: സ്വയം പരുക്കേല്‍പ്പിക്കുക, തല ഭിത്തിയില്‍ ഇടിക്കുക, തലമുടി പിഴുതെടുക്കുക.
4.    അമിതമായി ചിന്തിക്കാതെയിരിക്കാന്‍ എന്ന പേരില്‍ മദ്യം/ മയക്കുമരുന്ന് എന്നിവയെ ആശ്രയിക്കുക.
5.    ആത്മഹത്യയ്ക്ക് ശ്രമിക്കുക, അപകടകരമായവിധത്തില്‍ വാഹനം ഓടിക്കുക.
6.    സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുക.
7.    പ്രതീക്ഷ നഷ്ടപ്പെട്ടു ജീവിക്കുക.
8.    സന്തോഷം നേടാന്‍ യോഗ്യനല്ല എന്ന തോന്നലില്‍ സുഹൃത്തുക്കളില്‍ നിന്നും എല്ലാം അകന്നു നിൽക്കാം എന്നു തീരുമാനിക്കുക.

ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് കാരണം എന്താണെന്നും എങ്ങനെ അവ പരിഹരിക്കാമെന്നും ശാന്തമായി ചിന്തിക്കുന്നതിന് പകരം മുകളില്‍ പറഞ്ഞ ഏതെങ്കിലും തരത്തിലുളള തീരുമാനത്തില്‍ ആണ് നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ചിന്തകളില്‍ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു.

അത്തരം ചിന്തകള്‍ എല്ലാം സ്വയം ഇല്ലാതെ ആക്കുന്ന (self destructive thoughts) അവസ്ഥയിലേക്ക് മാത്രമേ കൊണ്ടെത്തിക്കൂ. താല്ക്കാലികമായി ഇത്തരം ചിന്തകള്‍ മനസ്സിന് ആശ്വാസം നൽകും എന്നു തോന്നിയാലും സാവധാനം അവ ജീവിതത്തില്‍ വളരെ നെഗറ്റീവ് ആയ അന്തരഫലമാവും ഉണ്ടാക്കുക. ഉദാ: ഭാവിയെപ്പറ്റി അമിതമായ ആധിയുള്ള ഒരു വ്യക്തി ടെൻഷൻ കുറയ്ക്കാന്‍ എന്ന പേരില്‍ മദ്യപാനം തുടങ്ങുകയും ടെൻഷൻ കുറയ്ക്കാന്‍ സഹായകരമായ ചികിത്സ തേടാതെയും ഇരിക്കുന്നു. 

അങ്ങനെ പതിയെ എപ്പോഴെല്ലാം ടെൻഷൻ അനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം മദ്യം ഉപയോഗിക്കാതെ വയ്യ എന്ന അവസ്ഥ വരുന്നു. പിന്നീട് ടെൻഷൻ കൂടുംതോറും ഉപയോഗിക്കുന്ന മദ്യത്തിന്റെ അളവും കൂടുന്നു. അങ്ങനെ മദ്യം ഉപയോഗിക്കാതെ ജീവിക്കാന്‍ കഴിയില്ല എന്ന തരത്തിൽ  മദ്യാസക്തിയുള്ള രോഗിയായി ആ വ്യക്തിമാറുന്നു.

പരിഹാര മാർ​ഗങ്ങൾ...

സ്വന്തംസാഹചര്യങ്ങളെയും ചിന്തകളെയും മാനസികാവസ്ഥയെയും പറ്റിയെല്ലാം ബോധാവാനാവുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. സ്വയവും മറ്റുള്ളവരെയും വിമർശിക്കുന്നതിനായി അമിതമായി സമയം ചിലവാക്കുന്ന രീതി അവസാനിപ്പിക്കുക. 

മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന റിലാക്സേഷന്‍, ഡിസ്ട്രാക്ഷന്‍ ചികിത്സാരീതികള്‍ സൈക്കോളജിസ്റ്റിന്റെ  സഹായത്തോടെ പഠിച്ചെടുക്കുക. അമിതമായി സ്വയംകുറ്റപ്പെടുത്തുകയും സ്വയം വിലകുറച്ചു ചിന്തിക്കുകയും പറയുകയും ചെയ്യുന്ന ഇതുവരെയുള്ള രീതി അവസാനിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്.

 പ്രശ്നങ്ങള്‍ ചർച്ച ചെയ്തു പരിഹരിക്കുക എന്ന പുതിയ രീതിക്ക് തുടക്കം കുറിക്കുക. മറ്റുള്ളവരില്‍ നിന്നും മാനസികമായി അകന്നു നിന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും എന്ന തോന്നല്‍ ശരിയല്ല. അങ്ങനെ സ്വയം ഒറ്റപ്പെടാന്‍ തീരുമാനിക്കുന്നത്‌ മനസ്സിന്റെ സങ്കടം കൂട്ടുകയെ ഉള്ളൂ. 

വിവാഹം മാനസിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമാണോ; സൈക്കോളജിസ്റ്റ് എഴുതുന്നു...

എഴുതിയത്:
പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് 
For enquiries call: 8281933323 (2pm to 6pm)


 

Follow Us:
Download App:
  • android
  • ios