ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ സംഭവിച്ചാലോ എന്ന് സങ്കൽപ്പിച്ച് ഉൽകണ്ഠപ്പെടുന്ന വ്യക്തിയാണോ നിങ്ങള്‍?
ഒരു സുഹൃത്തിനെ ഫോണ്‍ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല. ഇപ്പോള്‍ പത്തു മിനിറ്റു കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും അപകടം സംഭവിച്ചു കാണുമോ? ഞാന്‍ മരിച്ചാല്‍ എന്റെ് കുട്ടികള്‍ക്ക് ആരുണ്ടാവും?ഇപ്പോള്‍ എന്റെ ജോലി വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്നു. ഇനി പത്തുവർഷം കഴിഞ്ഞ് എന്റെ ജോലി നഷ്ടപ്പെട്ടാലോ?.

ചെറിയ തലവേദന അനുഭവപ്പെടുന്നുണ്ട്, ബ്രെയിന്‍ ട്യൂമറോ മറ്റോ ആയിരിക്കുമോ?. എന്റെ ജീവിതത്തില്‍ വലിയ എന്തെങ്കിലും ദുരന്തം സംഭവിച്ചാല്‍ ഞാന്‍ എന്തു ചെയ്യും?. ഇങ്ങനെ യഥാർത്ഥത്തിൽ ഇല്ലാത്തതും എന്നാല്‍ ജീവിതം ഏതെങ്കിലും ഒരു ഘട്ടത്തില്‍ ദുരിതപൂ‌ർണ്ണം ആയി തീര്‍ന്നാലോ എന്ന തരത്തില്‍ സങ്കൽപ്പിച്ച് ടെൻഷൻ അനുഭവിക്കുക/ ദു:ഖിക്കുക എന്ന ശീലം ഉണ്ടോ.? ഇങ്ങനെ ഒരു രീതിയുള്ളവര്‍ സ്ഥിരമായി ഇങ്ങനെ ചിന്തിച്ച് ഉത്കണ്ഠപ്പെടുകയും എന്നാല്‍ അവര്‍ സങ്കൽപ്പിക്കുന്ന ദുരനുഭവങ്ങള്‍ ഒന്നും തന്നെ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നില്ല. ഫലമോ? മനസ്സമാധാനം നഷ്ടപ്പെടുന്നു, വെറുതെ സമയവും നഷ്ടമാകുന്നു. 

പലപ്പോഴും ഇങ്ങനെ അനാവശ്യമായി മനസ്സിനെ സമ്മർദ്ദത്തിലാക്കുന്നരീതി നമുക്കു പലർക്കുമുണ്ട്. അതിനാല്‍ ഇത്തരം ചിന്തകള്‍ മനസ്സിലേക്കു വരുമ്പോള്‍ അമിതമായി ചിന്തിച്ചു മനസ് വിഷമിപ്പിക്കാതെ മനസ്സിനെ ശാന്തമാക്കാന്‍ സ്വയം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്.

സ്വയം ചോദിച്ചുനോക്കൂ...

1.    ജീവിതത്തില്‍ ഒരു പ്രശ്നങ്ങളും വരില്ല എന്നല്ല. എന്നാൽ ഇപ്പോൾ നിലവില്‍ ഇല്ലാത്ത കാര്യങ്ങള്‍ വെറുതെ സങ്കൽപ്പിച്ച് വിഷമിക്കുന്നതില്‍ എന്താണ് അര്ത്ഥം?
2.    ജീവിതത്തില്‍ ഒരു പ്രശന്ങ്ങളെയും നേരിടാന്‍ കഴിയാത്ത ഒരു വ്യക്തിയാണ് നിങ്ങള്‍ എന്ന ചിന്തയാണോ? അങ്ങനെയെങ്കില്‍ സ്വയം വിലയില്ലായ്മ അല്ലെ നിങ്ങളുടെ പ്രശ്നം?
3.    പ്രശ്നങ്ങളെ നേരിടാന്‍ ഉള്ള മാനസികാവസ്ഥ നേടിയെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ?
4.    എന്തെങ്കിലും രോഗമുണ്ടോ എന്നു സംശയം ഉണ്ടെകില്‍ ചികിത്സ തേടുക. അമിതമായി ചിന്തിച്ചു വിഷമിക്കുന്നതു കൊണ്ട് മാത്രം പ്രയോജനമുണ്ടോ?
5.    അമിതമായി ഉത്കണ്ഠപ്പെട്ടത് കൊണ്ട് മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമോ? പ്രശ്നപരിഹാരത്തിനായി എന്തു ചെയ്യാം എന്നു ചിന്തിക്കുക.

സ്വയം വിലകുറച്ചു കാണുകയും, സ്വയം വിലകുറച്ചു സംസാരിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാം. മനസ്സിനെ ശാന്തമാക്കാനും ചിന്തകളെ നിയന്ത്രിക്കാനും മന:ശാസ്ത്ര ചികിത്സയിലൂടെ സാധ്യമാണ്. ക്ഷമയും ചികിത്സയോടുള്ള പ്രതിബദ്ധതയും അതിനാവശ്യമാണ്.

കടപ്പാട്:

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (RCI Registered)
റാന്നി, പത്തനംതിട്ട
Call: 8281933323
Telephone consultation available (10am to 2pm)