ഈ തലമുടി കൊഴിച്ചിൽ ഒന്ന് മാറാൻ ഇനി എന്ത് ചെയ്യും? തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം.

എന്നാല്‍ അടുക്കളകളില്‍ സ്ഥിരമായി കാണുന്ന സവാള അല്ലെങ്കില്‍ ഉള്ളി തലമുടി സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ്. സവാള അല്ലെങ്കിൽ ഉള്ളി ഉപയോഗിച്ച് തന്നെ ഇനി തലമുടിക്ക് സംരക്ഷണമാകാം. 

തലമുടി കൊഴിച്ചിൽ അകറ്റാനും മുടി വളരാനും സവാളനീരോ ഉള്ളിനീരോ മാത്രം മതി. മുടിയുടെ വളർച്ച കൂടുതൽ വേഗത്തിലാക്കുന്ന ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവ ശിരോ ചർമ്മത്തിൽ ഉണ്ടാകുന്ന താരനെ തടയുകയും ചെയ്യും.

 

ഉള്ളി നീര് ഉപയോഗിക്കേണ്ട വിധം...

ഒന്നോ രണ്ടോ സവാള അല്ലെങ്കിൽ ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ കുറയുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

ഉള്ളിനീര് കൊണ്ടുള്ള മറ്റ് ഹെയര്‍ പാക്കുകള്‍ അറിയാം...

ഒന്ന്...

ഉള്ളിനീരിൽ അല്പം തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.  അര മണിക്കൂർ കഴിഞ്ഞ് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്‌താൽ മുടി കൊഴിച്ചിൽ കുറയും.

രണ്ട്...

ഒരു ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. 

മൂന്ന്...

നാല് ടീസ്പൂണ്‍ ഉള്ളിനീരും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂര്‍ കഴിഞ്ഞ്  ഷാംപൂ ഉപയോഗിച്ച് കഴുകാം. 

Also Read: താരൻ അകറ്റാൻ ഏറ്റവും ഫലപ്രദമായ അഞ്ച് വഴികള്‍...