മുഖം കഴുകി കഴിഞ്ഞാലുടൻ കുറച്ച് ടോണർ കൈവെള്ളയിലെടുത്ത് മുഖത്ത് തട്ടുന്നതാണോ നിങ്ങളുടെ രീതി? ഇൻസ്റ്റാഗ്രാം റീലുകളിലും വ്ലോഗുകളിലും താരം 'ടോണർ പാഡുകൾ' ആണ്. കണ്ടാൽ ചെറുതായി തോന്നുമെങ്കിലും കൊറിയൻ സുന്ദരിമാരുടെ 'ഗ്ലാസ് സ്കിൻ' രഹസ്യം ഈ പാഡുകളിലാണ്..

നമ്മുടെ സ്‌കിൻ കെയർ റൂട്ടീനിലേക്ക് ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ടോണർ പാഡുകൾ. ഇൻസ്റ്റാഗ്രാമിലെയും യൂട്യൂബിലെയും ബ്യൂട്ടി വ്ലോഗർമാരുടെ വീഡിയോകളിൽ ഇന്ന് നിറഞ്ഞുനിൽക്കുന്നത് ഈ കുഞ്ഞൻ പാഡുകളാണ്. 'ഗ്ലാസ് സ്‌കിൻ' എന്ന കൊറിയൻ സുന്ദരിമാരുടെ രഹസ്യം തേടിപ്പോകുന്നവർക്ക് ഇനി ടോണർ കുപ്പികളുമായി ഗുസ്തി പിടിക്കേണ്ടതില്ല. പക്ഷേ, സംഭവം കയ്യിലുണ്ടെന്ന് കരുതി കാര്യമില്ല, ഇത് ഉപയോഗിക്കുന്നതിലുമുണ്ട് ചില 'നമ്പറുകൾ'. നിങ്ങളുടെ ചർമ്മത്തിന് ടോണർ പാഡുകൾ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് നോക്കാം.

ടോണർ പാഡിന് സാധാരണയായി രണ്ട് വശങ്ങളുണ്ടാകും. ഒന്ന് അല്പം പരുപരുത്തതും , മറ്റൊന്ന് നല്ല മിനുസമുള്ളതും. ആദ്യം പരുപരുത്ത വശം ഉപയോഗിച്ച് മൂക്കിന് ഇരുവശവും താടിയിലും പതുക്കെ തുടയ്ക്കുക. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെയും ബ്ലാക്ക് ഹെഡ്സിനെയും പടിക്ക് പുറത്താക്കും. ശേഷം മിനുസമുള്ള വശം കൊണ്ട് മുഖം മൊത്തത്തിൽ ഒന്നുകൂടി തഴുകുക.

ഷീറ്റ് മാസ്ക് ഇടാൻ സമയമില്ലാത്തവരാണോ നിങ്ങൾ? എങ്കിൽ ടോണർ പാഡുകൾ രക്ഷക്കെത്തും. മുഖം വൃത്തിയാക്കിയ ശേഷം രണ്ട് പാഡുകൾ എടുത്ത് കവിളുകളിലും ഒരെണ്ണം നെറ്റിയിലും വെക്കുക. വെറും 5 മിനിറ്റ് മതി! ചർമ്മം നല്ല ഫ്രഷ് ആവുകയും ജലാംശം ചർമ്മത്തിലേക്ക് ആഴ്ന്നിറങ്ങുകയും ചെയ്യും. മേക്കപ്പ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇത് ചെയ്യുന്നത് മുഖത്തിന് പ്രത്യേക തിളക്കം നൽകും.

പലരും ചെയ്യുന്ന തെറ്റാണ് ടോണർ പാഡ് കൊണ്ട് മുഖം ശക്തിയായി ഉരയ്ക്കുന്നത്. ഇത് ചർമ്മത്തിൽ ചെറിയ പോറലുകൾ ഉണ്ടാക്കാൻ കാരണമാകും. വളരെ മൃദുവായി, ഉള്ളിൽ നിന്ന് പുറത്തേക്ക് എന്ന രീതിയിൽ മാത്രം പാഡുകൾ ചലിപ്പിക്കുക.

മുഖം സുന്ദരമാക്കി കഴുത്തിനെ അവഗണിക്കുന്നത് ശരിയല്ലല്ലോ. മുഖം തുടച്ചു കഴിഞ്ഞാൽ പാഡിലെ ബാക്കി ടോണർ ഉപയോഗിച്ച് കഴുത്തും തുടയ്ക്കാൻ മറക്കരുത്. പാഡിലെ ടോണർ മുഴുവനായി ചർമ്മം ആഗിരണം ചെയ്തു എന്ന് ഉറപ്പാക്കാൻ വിരലുകൾ കൊണ്ട് പതുക്കെ ഒന്ന് തട്ടി കൊടുക്കുന്നതും നല്ലതാണ്.

തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാൻ

എല്ലാവർക്കും എല്ലാ പാഡുകളും ചേരണമെന്നില്ല.

  • മുഖക്കുരു ഉള്ളവർക്ക്: സാലിസിലിക് ആസിഡ് അടങ്ങിയ പാഡുകൾ.
  • വരണ്ട ചർമ്മക്കാർക്ക്: ഹൈലൂറോണിക് ആസിഡ് ഉള്ളവ.
  • തളർന്ന ചർമ്മത്തിന്: വിറ്റാമിൻ സി പാഡുകൾ.

ടോണർ പാഡുകൾ ഉപയോഗിച്ച ശേഷം അതിന്റെ മൂടി നന്നായി അടച്ചു എന്ന് ഉറപ്പാക്കുക. അല്പം തുറന്നിരുന്നാൽ പോലും പാഡിലെ ടോണർ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ട്. ഈ കൊച്ചു വിദ്യകൾ പരീക്ഷിച്ചു നോക്കൂ, മാറ്റം കണ്ണാടിയിൽ കാണാം...