അന്ധവിശ്വാസികളും അതിനെ മുതലെടുത്ത് നിലനില്‍ക്കുന്ന ക്രിമിനില്‍ ചിന്താഗതിക്കാരും ഒന്നിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണിതെന്നും ഇനിയും ഒരുപാട് ജാഗ്രത നാം പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ സംഭവമെന്നും ഡോ. സി ജെ ജോണ്‍ പറയുന്നു.

പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിയുടെ വാര്‍ത്തകള്‍ അങ്ങേയറ്റം നടുക്കത്തോടെയാണ് മലയാളികള്‍ ഒന്നടങ്കം കേട്ടത്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെയെല്ലാം അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരുപാട് മുമ്പിലാണെന്ന് അവകാശപ്പെടുന്ന- അങ്ങനെ അനുഭവപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയൊരിടത്ത് ഇത്തരം പ്രാകൃതമായ- നീചമായ സംഭവമുണ്ടായി എന്നത് മിക്കവര്‍ക്കും വിശ്വസനീയമല്ല. 

എന്നാല്‍ പത്തനംതിട്ടയിലെ സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി കണ്ടുതള്ളാൻ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അന്ധവിശ്വാസങ്ങള്‍ എത്രമാത്രം ഇനിയും നമ്മുടെ സമൂഹത്തില്‍ വേരൂന്നി നില്‍ക്കുന്നുണ്ടെന്നും അത് എത്രമാത്രം അപകടകരമാണെന്നും തെളിയിച്ചുതരുന്നതാണ് പത്തനംതിട്ടയിലെ സംഭവമെന്നാണ് അധികപേരും പറയുന്നത്. 

'അന്ധവിശ്വാസത്തെ ഒരിക്കലും മാനസികരോഗമായി കണക്കാക്കാൻ സാധിക്കില്ല. കാരണം ഏറിയും കുറഞ്ഞും നമ്മുടെ സമൂഹത്തില്‍ ധാരാളം പേരില്‍ ഇതിന്‍റെ ഘടകങ്ങള്‍ കാണാം. കൂടോത്രം- കൈവിഷം എന്നൊക്കെ പറയുന്നത് കേട്ടിട്ടില്ലേ? കാര്യസാധ്യത്തിനായി ഇത്തരത്തിലുള്ള മാജിക്കല്‍ സങ്കേതങ്ങള്‍ തേടിപ്പോകുന്നവര്‍ നിരവധിയാണ്. അതിന്‍റെയൊരു ഭീകരമായ തുടര്‍ച്ച എന്ന നിലയിലാണ് പത്തനംതിട്ടയിലെ സംഭവവും കാണാനാവുക...'- പ്രമുഖ മനശാസ്ത്ര വിദഗ്ധൻ ഡോ. സി ജെ ജോണ്‍ പറയുന്നു. 

അന്ധവിശ്വാസികളും അതിനെ മുതലെടുത്ത് നിലനില്‍ക്കുന്ന ക്രിമിനില്‍ ചിന്താഗതിക്കാരും ഒന്നിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അത്യന്തം അപകടകരമായ അവസ്ഥയാണിതെന്നും ഇനിയും ഒരുപാട് ജാഗ്രത നാം പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ സംഭവമെന്നും ഡോ. സി ജെ ജോണ്‍ പറയുന്നു.

'കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. നരബലി തന്നെ- പലയിടങ്ങളിലും നടക്കുന്നത് പുറത്തുവരുന്നില്ലെന്ന് മാത്രം. ഇത് നമുക്ക് അവിശ്വസനീയമായി തോന്നാം. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒളിവിലും മറവിലും ഇപ്പോഴും നടക്കുന്നു എന്നതാണ് സത്യം. പെട്ടെന്നൊരു ദിവസം കൊണ്ട് ഈ മനോനിലയില്‍ നിന്ന് സമൂഹം പിന്തിരിയില്ല. പതിയെ മാത്രമേ ഇതിലൊരു മാറ്റം വരികയുള്ളൂ... '- ഡോ. സി ജെ ജോണ്‍ പറയുന്നു.

പത്തനംതിട്ടയിലെ സംഭവത്തില്‍ തന്നെ കൊലപാതകങ്ങള്‍ പദ്ധതിയിട്ടതും ഭഗവത് സിംഗിനെയും ഭാര്യയെയും ഇതിലേക്ക് കൊണ്ടുവന്നതും ഷാഫി എന്ന റഷീദ് ആണ്. വ്യാജസിദ്ധനാണ് ഇയാള്‍. സാമ്പത്തിക അഭിവൃദ്ധിക്കോ ഐശ്വര്യത്തിനോ വേണ്ടി ഇങ്ങനെയുള്ള 'സിദ്ധന്മാരെ' പോയി കാണുന്നതോ പരിഹാരം തേടുന്നതോ, അസുഖങ്ങള്‍ ഭേദമാക്കാൻ മന്ത്രവാദത്തില്‍ അഭയം പ്രാപിക്കുന്നതോ നമ്മുടെ കേരളത്തില്‍ ഇന്നും സാധാരണമാണ്. ഇക്കാര്യമാണ് ഡോ. സി ജെ ജോണ്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.

മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഇക്കാര്യങ്ങളും കൂടുതലും അറിയുന്നത്. പലപ്പോഴും മന്ത്രവാദത്തിന് കൊണ്ടുപോയി രോഗി അവശനിലയിലാകുമ്പോഴായിരിക്കും പിന്നീട് ഇവര്‍ ഡോക്ടര്‍ക്ക് അരികിലേക്ക് എത്തുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇല്ലാതാക്കാൻ അന്ധവിശ്വാസ അനാചാര നിര്‍മ്മാര്‍ജന നിയമം നിലവില്‍ വരണമെന്ന് തന്നെയാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. 

നേരത്തെ സര്‍ക്കാര്‍ പരിഗണനയിലിരുന്ന വിഷയമാണിത്. എന്നാല്‍ നിയമമായി വന്നില്ലെന്ന്മാത്രം. മഹാരാഷ്ട്രയില്‍ ഇങ്ങനെയൊരു നിയമം നിലവില്‍ വന്നിട്ടുണ്ട്. ഇതുപ്രകാരം ബാധ ഒഴിപ്പിക്കല്‍, മനുഷ്യരെ ഉപദ്രവിക്കും വിധത്തിലുള്ള മന്ത്രവാദം, ലൈംഗിക ക്രിയകള്‍, അത്ഭുത പ്രവര്‍ത്തികള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്ന വാദം എല്ലാം കുറ്റമാണ്. 

അന്ധവിശ്വാസം വലിയ രീതിയില്‍ വേരൂന്നിയ സമൂഹത്തില്‍ വീണ്ടും ഇതിനെ ഊട്ടിയുറപ്പിക്കുകയും മനുഷ്യമനസുകള്‍ വച്ച് കളിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വ്യക്തികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കാൻ സാധിച്ചാല്‍ ഒരു പരിധി വരെ- പത്തനംതിട്ടയിലേത് പോലുള്ള ദാരുണമായ സംഭവങ്ങള്‍ നിയന്ത്രിക്കാൻ സാധിക്കും.

'നിയമം വരണമെന്നത് തന്നെയാണ് അഭിപ്രായം. അപ്പോള്‍ പോലും നാം ജാഗ്രത പാലിക്കണം. എല്ലാ തരത്തിലും. വിദ്യാഭ്യാസപരമായി മുന്നിലാണെന്ന് പറയുമ്പോഴും സാംസ്കാരികമായി നമുക്കുള്ള ന്യൂനതകളാണ് ഇതെല്ലാം. ഇവയെ തള്ളിക്കളഞ്ഞിട്ട് കാര്യമില്ല. അന്ധവിശ്വാസത്തില്‍ നിന്നുണ്ടാകുന്ന അപകടങ്ങള്‍ സംഭവിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. പത്തനംതിട്ടയില്‍ തന്നെ എല്ലാവരുമായി നല്ല ബന്ധമുണ്ടാക്കി, ആരിലും സംശയമുണ്ടാക്കാതെ ജീവിച്ചൊരു കുടുംബത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത് എന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ നാം എത്രമാത്രം ജാഗ്രതയോടെ മുന്നോട്ടുപോകണമെന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്... '- ഡോ. സി ജെ ജോണ്‍ പറയുന്നു. 

Also Read:- 'പ്രേതവും പിശാചും ഉണ്ടെന്ന് തെളിയിക്ക്, അമ്പതിനായിരം രൂപ ഉടന്‍ തരും'!