Asianet News MalayalamAsianet News Malayalam

'വീട്ടാവശ്യങ്ങള്‍ക്ക് സാമ്പത്തികമായി സഹായിക്കാന്‍ ഭാര്യ തയ്യാറാകുന്നില്ല'; പരാതിയുമായി ഭര്‍ത്താവ്...

'32 വയസുള്ള ഒരു എഞ്ചിനീയറാണ് പരാതിക്കാരന്‍. വിവാഹിതനായി കഷ്ടി ഒരു വര്‍ഷമായിട്ടേയുള്ളൂ. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷമായി ജീവിച്ചുപോകുന്നു...'

husband complaints that wife not helping him economically
Author
Gurugram, First Published Aug 26, 2019, 11:42 PM IST

ഏത് ബന്ധങ്ങളിലായാലും പണത്തിന് ചെറുതല്ലാത്ത ഒരു പങ്കുണ്ട് എന്ന കാര്യം നമുക്കെല്ലാം അറിയാം. ഭാര്യയും ഭര്‍ത്താവും ഒരുമിച്ചുള്ള ജീവിതത്തില്‍ പോലും പണം വലിയ ഘടകം തന്നെയാണ്. ഒരുപക്ഷേ, സന്തോഷകരമായ ദാമ്പത്യത്തില്‍ പലപ്പോഴും വില്ലന്‍ റോളിലെത്തുന്നത് പോലും പണമാണ്. 

ഇന്ത്യയിലെ സംസ്‌കാരം അനുസരിച്ച് വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കേണ്ടത് പുരുഷനും, വീട്ടുകാര്യങ്ങള്‍ നോക്കേണ്ടത് സ്ത്രീയുമാണ്. എന്നാല്‍ പുതിയകാലത്തെ ജീവിതരീതികള്‍ ഈ കാഴ്ചപ്പാടിനനുസരിച്ചല്ല നിലനില്‍ക്കുന്നത്. ഭാര്യയും ഭര്‍ത്താവും ജോലിക്കാരും, ഒരുമിച്ച് വീട്ടുകാര്യങ്ങള്‍ നോക്കുന്നവരുമായി കുടുംബങ്ങള്‍ മാറിവരുന്നു. 

അപ്പോഴും സാമ്പത്തികകാര്യങ്ങളില്‍ ഭാര്യമാര്‍ പങ്കെടുക്കാതിരിക്കുകയും വീട്ടുകാര്യങ്ങളില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ മാറിനില്‍ക്കുന്നതും പരാതിയായി ഉയര്‍ന്നുകേള്‍ക്കാറുണ്ട്. അത്തരത്തില്‍ തനിക്ക് കിട്ടിയൊരു പരാതിയെക്കുറിച്ച് പ്രമുഖ മനശാസ്ത്രവിദഗ്ധയും ഗുരുഗ്രാമിലെ 'ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍' മാനസികാരോഗ്യ വിഭാഗം മേധാവിയുമായ കാംന ഛിബ്ബെര്‍ പറയുന്നത് കേള്‍ക്കൂ. 

'32 വയസുള്ള ഒരു എഞ്ചിനീയറാണ് പരാതിക്കാരന്‍. വിവാഹിതനായി കഷ്ടി ഒരു വര്‍ഷമായിട്ടേയുള്ളൂ. ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് അദ്ദേഹം. കിട്ടുന്ന വരുമാനം കൊണ്ട് സന്തോഷമായി ജീവിച്ചുപോകുന്നു. ഭാര്യക്കും ജോലിയുണ്ട്. എന്നാല്‍ വിവാഹിതനായതോടെ സ്വാഭാവികമായി ചെലവുകള്‍ വര്‍ധിച്ചു. ഇതിലൊന്നും ഭാര്യ ഇടപെടുന്നില്ല. വീട്ടുകാര്യങ്ങളെല്ലാം അദ്ദേഹം തനിയെ നോക്കണം. തനിക്ക് കിട്ടുന്ന വരുമാനം കൊണ്ട് അതെല്ലാം നടന്നുപോകുമെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഭാവിയിലേക്കായി ഒരു രൂപ പോലും മാറ്റിവയ്ക്കാനാകില്ല...

... ഇക്കാര്യം സൂചിപ്പിക്കുമ്പോഴെല്ലാം ഭാര്യ പറയുന്നത്, സാമ്പത്തിക കാര്യങ്ങള്‍ നോക്കേണ്ടത് ഭര്‍ത്താവാണെന്നാണ്. അങ്ങനെയാണെങ്കില്‍ ജോലിക്ക് പോകേണ്ടെന്ന് അദ്ദേഹം ഭാര്യയോട് പറഞ്ഞു. അതവര്‍ക്ക് ഒട്ടും സ്വീകാര്യവുമല്ല. എങ്ങനെയാണ് തന്റെ അവസ്ഥ ഭാര്യക്ക് മനസിലാക്കിനല്‍കുകയെന്ന ആവശ്യവുമായാണ് അദ്ദേഹം തനിക്കെഴുതിയത്.'- കാംന പറയുന്നു. 

സാമ്പത്തികകാര്യങ്ങള്‍ ഭര്‍ത്താവ് തന്നെ നോക്കണമെന്ന് ജോലിയുള്ള ഭാര്യമാര്‍ വാശിപിടിക്കുന്നത് ഒട്ടും നീതീകരിക്കാനാകുന്നതല്ലെന്നും അതേസമയം ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഭര്‍ത്താക്കന്മാര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

'ജോലിയുള്ള സ്ത്രീകളാണെങ്കില്‍ അവര്‍ തീര്‍ച്ചയായും ഭര്‍ത്താവിനെ സാമ്പത്തികകാര്യങ്ങളില്‍ സഹായിക്കണം. ഭര്‍ത്താവ് തിരിച്ചും വീട്ടുകാര്യങ്ങളില്‍ അവരോടൊപ്പം സംബന്ധിക്കണം. എന്നാല്‍ താന്‍ വളര്‍ന്നുവന്ന ചുറ്റുപാടും തന്റെ സംസ്‌കാരവും പഠിപ്പിച്ചതനുസരിച്ച് സാമ്പത്തികവിഷയങ്ങളുടെ മുഴുവന്‍ ബാധ്യതയും ഭാര്യ, ഭര്‍ത്താവിന്റെ തലയിലേല്‍പിച്ചാല്‍ തീര്‍ച്ചയായും അവിടെ ഒരു ചര്‍ച്ചയുടെ ആവശ്യമുണ്ട്. ഇവിടെ ഭര്‍ത്താക്കന്മാര്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ അധികാരമുപയോഗിച്ച് ധാര്‍ഷ്ഠ്യത്തോടെ ഒരിക്കലും ഇക്കാര്യങ്ങള്‍ സംസാരിക്കരുത്. വളരെയധികം സംയമനത്തോടും സ്‌നേഹത്തോടും കൂടി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ കഴിയണം. നമ്മുടെ രണ്ടുപേരുടെയും ഭാവിക്ക് വേണ്ടിയല്ലേ, ശോഭനമായ നല്ലൊരു നാളെ നമുക്കൊരുമിച്ച് പങ്കിടണ്ടേയെന്ന പ്രത്യാശയാണ് പങ്കുവയ്‌ക്കേണ്ടത്. എന്നിട്ടും അവര്‍ക്കത് മനസിലാകുന്നില്ലയെങ്കില്‍ നിങ്ങള്‍ മറ്റൊരാളെ മധ്യസ്ഥം പറയാനായി തെരഞ്ഞെടുക്കണം...

കഴിയുന്നതും നിങ്ങളുടെയോ ഭാര്യയുടെയോ വീട്ടുകാരെ ഇതിനായി തെരഞ്ഞെടുക്കാം. അതല്ലെങ്കില്‍ വിശ്വസ്തരായ കൂട്ടുകാരെ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള അതീവരഹസ്യമാണ് ഇത്തരം സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ എന്ന് ധരിക്കരുത്. അതില്‍ നിങ്ങളുടെ ചുറ്റുപാടുകള്‍ക്കും ഒരു പങ്കുണ്ട്. ദാമ്പത്യത്തില്‍ സാമ്പത്തികമുള്‍പ്പെടെ ഏത് തരം ബാധ്യതയും മറ്റൊരാള്‍ക്ക് അധികഭാരമാകാതെ, സന്തോഷത്തോടെ പരസ്പരം ഏറ്റെടുത്ത് തന്നെ മുന്നോട്ട് പോകണം. അവിടെയാണ് സ്‌നേഹവും സന്തോഷവും സമാധാനവും ഉണ്ടാകൂ...' കാംന പറയുന്നു. 

Follow Us:
Download App:
  • android
  • ios