Asianet News MalayalamAsianet News Malayalam

വിരലറ്റു, മിക്സിയുടെ ജാറിൽ കാണുമെന്ന് ഡോക്ടര്‍; ഭാര്യയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് ഭര്‍ത്താവിന്‍റെ കുറിപ്പ്

അടുക്കള ജോലി എന്ന് പറഞ്ഞാല്‍ അതുപിന്നെ പെണ്ണിന്‍റെ പണിയല്ലേ എന്ന് ചിന്തിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു കുറിപ്പ് ശ്രദ്ധ നേടുന്നത്. ഭാര്യയുടെ വിരല്‍  മിക്സിയിൽ കുടുങ്ങിയ അപകടത്തെ കുറിച്ചാണ് കണ്ണൂര്‍ സ്വദേശിയായ സനോജ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. 

husband fb post about her wife s accident
Author
Thiruvananthapuram, First Published Jun 30, 2019, 8:06 PM IST

അടുക്കള ജോലി എന്ന് പറഞ്ഞാല്‍ അതുപിന്നെ പെണ്ണിന്‍റെ പണിയല്ലേ എന്ന് ചിന്തിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു കുറിപ്പ് ശ്രദ്ധ നേടുന്നത്. ഭാര്യയുടെ വിരല്‍  മിക്സിയിൽ കുടുങ്ങിയ അപകടത്തെ കുറിച്ചാണ് കണ്ണൂര്‍ സ്വദേശിയായ സനോജ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ദോശ ചുടാൻ പോയതാണ് സനോജിന്‍റെ ഭാര്യ. അതിനിടയിൽ മിക്സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ട് അത് അമർത്തി അടയ്ക്കാൻ ചെന്നു. കൈ വച്ച് അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു.

ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം. മിക്സിയുടെ കാര്യത്തിൽ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പലതിന്‍റെയും (പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷർ കുക്കർ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും. 

'മിക്കവാറും ദിവസങ്ങളിൽ ഞാൻ കൂടി അടുക്കളയിൽ കയറാറുണ്ടെങ്കിലും അന്ന് ഉണർന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആൺകോയ്മയുടെ സുഖലോലുപതയിൽ നമ്മളിൽ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാൻ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ അടുക്കളയിൽ അവൾക്കൊപ്പം കൂടിയിരുന്നെങ്കിൽ അവൾ തിടുക്കപ്പെട്ട് അടുക്കളയിൽ പെരുമാറേണ്ടി വരില്ലായിരുന്നു. ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു'- സനോജ് കുറിച്ചു.

സനോജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം...

ക്ലാസ്സ്‌ ഇല്ലാത്തതിനാൽ രാവിലെ ഏഴ് മണി കഴിഞ്ഞിട്ടും ഞാൻ കിടക്കയിൽ തന്നെയായിരുന്നു. ഉണർന്നിട്ടും ഉണരാത്ത മട്ടിൽ പാതിയുറക്കത്തിൽ കിടക്കുമ്പോഴാണ് അവളുടെ നിലവിളി കേൾക്കുന്നത്. ഞെട്ടിയുണരുമ്പോൾ ആദ്യ കാഴ്ച അടുക്കളയിൽ നിന്നും അവൾ നിലവിളിച്ചുകൊണ്ട് ഓടി വരുന്നതാണ്. എന്തെങ്കിലും മനസിലാകും മുൻപ് അവൾ ഓടി അടുത്തെത്തി. വലത്തേ കൈ മുഴുവൻ രക്തത്തിൽ കുളിച്ചിരിക്കുന്നു. രക്തം കൈയ്യിൽ നിന്നും എടുത്ത് മറിയുകയാണ്. മിക്സിയിൽ കൈ ആയെന്നു മാത്രം വേദന സഹിക്കാനാവാതെ നിലവിളിക്കുന്നതിനിടയിൽ അവൾ പറയുന്നുണ്ടായിരുന്നു. ഒറ്റ നോട്ടമേ കൈയിലേക്ക് നോക്കാനായുള്ളൂ. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു തോർത്തെടുത്ത് അവളുടെ കൈയ്യിൽ ചുറ്റി കാറിന്റെ കീയുമെടുത്ത് അവളെയും കൊണ്ട് പുറത്തിറങ്ങി. വീട് പൂട്ടാൻ പോലും നിൽക്കാതെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് വിട്ടു. ആശ്വാസവാക്കുകൾക്കൊന്നും അവൾ അനുഭവിക്കുന്ന വേദന അൽപ്പം പോലും കുറക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ധൈര്യം കൊടുക്കാൻ ഞാൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. നിസ്സഹായതയുടെ അങ്ങേയറ്റം കാണുകയായിരുന്നു ഞാൻ.

മിനിറ്റുകൾക്കുള്ളിൽ ഹോസ്പിറ്റലിൽ എത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ അവളുടെ കൈയ്യിൽ കെട്ടിയ തോർത്തു അഴിച്ചു പ്രാഥമികമായി ചെയ്യേണ്ടതെല്ലാം ചെയ്യുന്നു. അകത്തു കയറാൻ അനുവാദമില്ലാത്തതിനാൽ പുറത്തു നിന്ന് ജനാലയിലൂടെ വേദനകൊണ്ട് കരയുന്ന അവളോട് എന്തൊക്കെയോ ആശ്വാസവാക്കുകൾ ഞാൻ പറയുന്നുണ്ട്. ഡോക്ടർ അതിനിടയിൽ പുറത്തേക്കു വന്നു പറഞ്ഞു. വലത്തേ കൈയ്യുടെ മോതിരവിരലിന്റെ നഖത്തിന്റെ മുക്കാൽ ഭാഗത്തോളം വിരൽ അറ്റുപോയിട്ടുണ്ട് അത് വീട്ടിലാണ് ഉണ്ടാവുക ആരോടെങ്കിലും അത് എത്രയും പെട്ടെന്ന് എത്തിക്കാൻ പറയണം. മിക്സിയുടെ ജാറിൽ കാണും. മാത്രമല്ല എത്രയും പെട്ടെന്ന് സൗകര്യമുള്ള ഒരു ഹോസ്പിറ്റലിൽ സർജനെ കാണണം.
ഞങ്ങൾ രണ്ടുപേർ മാത്രം താമസിക്കുന്നതുകൊണ്ട് വീട്ടിൽ വേറെ ആരുമില്ലാത്തതിനാൽ അവളെ അവിടെ നിർത്തി ഞാൻ വീട്ടിലേക്ക്.

വീട്ടിൽ തിരിച്ചെത്തി ഞാൻ അകത്തു കടന്നു. അടുക്കള മുതൽ ബെഡ്‌റൂം വരെ അവൾ എന്റടുത്തേക്ക് ഓടിവന്ന വഴി മുഴുവൻ രക്തം. വീട് മുഴുവൻ ചോരയുടെ മണം. ഡോക്ടർ പറഞ്ഞതനുസരിച്ച് മിക്സിയുടെ ജാർ നോക്കിയെങ്കിലും അതിൽ ഇല്ല. മിക്സിക്ക് ചുറ്റും അരച്ചത് തെറിച്ചിരിക്കുന്നു. ഞാൻ ചുറ്റും നോക്കി. അവിടെങ്ങുമില്ല. അടുത്തുള്ള പാത്രങ്ങളിലും വാഷ് ബേസിനിലും എല്ലാം നോക്കി എവിടെയും ഇല്ല. സങ്കടം കൊണ്ട് കണ്ണ് നിറഞ്ഞു. അവൾ ഓടിവന്ന വഴിയിൽ രക്തം തെറിച്ചു വീണിടത്തൊക്കെ നോക്കി. എങ്ങുമില്ല. പത്ത് മിനിറ്റോളമായി നോക്കാൻ തുടങ്ങിയിട്ട്. എന്ത് ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. ബാക്കി മൂന്നു വിരലിനു കൂടി സാരമായ മുറിവുണ്ട്. എത്രയും പെട്ടെന്ന് അവളെ മറ്റൊരു ആശുപത്രിയിൽ എത്തിക്കുകയും വേണം. ഞാൻ മൊബൈലും പഴ്‌സും എടുത്ത് ഡോർ പൂട്ടി പുറത്തേക്കിറങ്ങാൻ നോക്കി. ഒന്നുകൂടി അടുക്കളയിൽ നോക്കാൻ മനസ്സ് പറഞ്ഞു. ഞാൻ വീണ്ടും അടുക്കളയിൽ കയറി അവസാന വട്ട തിരച്ചിലിനൊടുവിൽ പാത്രങ്ങൾ വയ്ക്കുന്ന സ്റ്റാൻഡിന്റെ താഴെനിന്ന് എനിക്കത് കിട്ടി. സന്തോഷമോ സങ്കടമോ എന്നറിയാത്ത വികാരം. ഞാനതെടുത്ത് കൈയ്യിൽ കിട്ടിയ പ്ലാസ്റ്റിക് കവറിലാക്കി വീടും പൂട്ടി ആശുപത്രിയിലേക്ക്.

ഞാനെത്തുമ്പോഴേക്കും അവളുടെ കൈ പ്രാഥമികമായി ഡ്രസ്സ്‌ ചെയ്ത് കഴിഞ്ഞിരുന്നു. അവളെയും കൊണ്ട് കാറിൽ കയറി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ ആണ് അടുക്കളയിൽ ഗ്യാസ് ഓഫ്‌ ചെയ്തിട്ടില്ലെന്ന് അവൾ പറയുന്നത്. അറ്റുപോയ വിരൽ ഭാഗം എടുക്കാൻ പോയ ടെൻഷനിൽ ഞാൻ അത് ശ്രദ്ധിച്ചുമില്ല. വീടിന്റെ താക്കോൽ പള്ളൂർ ആശുപത്രിയിലെ നഴ്‌സിനെ ഏൽപ്പിച്ചു. പലരെയും ഫോൺ വിളിച്ചെങ്കിലും കിട്ടിയത് എക്സലിലെ വിനീഷ് സാറിനെയാണ്. ഡ്രൈവ് ചെയ്യുന്നതിനിടയിൽ വിനീഷ് സാറിനോട് ഫോണിൽ കാര്യം പറഞ്ഞു. സാർ നോക്കിക്കൊള്ളാം എന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ അതിവേഗത്തിൽ കാർ ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക്.

കാഷ്വാലിറ്റിയിൽ ഉള്ള ഡോക്ടറോടും നഴ്സുമാരോടും സംഭവിച്ചത് ചുരുക്കി വിവരിക്കുന്ന ചടങ്ങായിരുന്നു ആദ്യം. സമയം പൊയ്ക്കൊണ്ടിരുന്നു. വൈകും തോറും അറ്റുപോയ വിരൽ ഭാഗം തുന്നിച്ചേർക്കാൻ കഴിയാതിരിക്കുമോ എന്ന ടെൻഷൻ എന്റെ ഉള്ളിൽ കിടന്നു നീറുമ്പോഴും വിരലിന്റെ കാര്യം അറിയാതെ വേദന തിന്നുന്ന അവളെ ആശ്വസിപ്പിക്കേണ്ടി വരുന്ന വല്ലാത്തൊരു മാനസികാവസ്ഥ. വിവരമറിഞ്ഞു പലരും വിളിക്കുന്നു. അതിനിടയിൽ എക്സ്റേ എടുത്തതിന്റെ ഉൾപ്പെടെ എവിടെയൊക്കെയോ ബില്ലടക്കാനുള്ള കടലാസുകൾ ആരൊക്കെയോ കൊണ്ടുവരുന്നു. അതിനു വേണ്ടി ഓടുന്നു. അവിടുന്ന് വേണ്ടതെല്ലാം ചെയ്യും എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് സർജറി ചെയ്യേണ്ടി വരുമെന്നും ഡോക്ടർ കൊടുവള്ളി കോ-ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിൽ ആണുള്ളതെന്നും അറിയിക്കുന്നത്. വൈകാതെ അവളെയും കൊണ്ട് കൊടുവള്ളിയിലേക്ക്. വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തെങ്കിലും ഒട്ടും കുറവില്ലെന്നു പറഞ്ഞു അവൾ വേദന കടിച്ചമർത്തുന്നു. പ്രിയപ്പെട്ടവർ വേദനിക്കുമ്പോൾ നിസ്സഹായരായി നിൽക്കേണ്ടി വരുന്നതാണ് ജീവിതത്തിലെ ഏറ്റവും ഗതികെട്ട അവസ്ഥ എന്ന് തോന്നുന്നു. രാവിലെ 8.30 നു മുൻപായ്ത് കൊണ്ട് തലശ്ശേരിയിലെ ബ്ലോക്കിലൊന്നും പെടാതെ മൂന്നാമത്തെ ഹോസ്പിറ്റലിൽ എത്തി.

ആദ്യം കാഷ്വാലിറ്റിയിലും പിന്നീട് അവിടുന്ന് ഓപ്പറേഷൻ തീയറ്ററിലേക്കും. സമയം 9 മണി കഴിഞ്ഞിരുന്നു. ഡോക്ടർ വരാൻ പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞിരുന്നു(വേറൊരു ഓപ്പറേഷനിൽ ആണ് ഡോക്ടർ എന്ന് നഴ്സ് പറഞ്ഞു). ഡോക്ടർ വന്നപ്പോൾ പ്രീ ഓപ്പറേറ്റീവ് വാർഡിലേക്ക് എന്നെ വിളിപ്പിച്ചു. ആഭരണങ്ങൾ ഊരി വാങ്ങാനും ഓപറേഷനുള്ള സമ്മതം ഒപ്പിട്ടുനല്കാനുമായിരുന്നു അത്. അവൾ വേദന കടിച്ചമർത്തി കിടക്കുന്നു. അടുത്ത് ചെന്നപ്പോൾ ഇപ്പോൾ തനിക്കെല്ലാം അറിയാമെന്നും നഴ്‌സുമാരുടെ സംസാരത്തിൽ നിന്നും കൈക്ക് കാര്യമായി പറ്റിയിട്ടുണ്ടെന്ന് മനസിലായെന്നും അവൾ പറഞ്ഞു. ഞാൻ എന്തൊക്കെയോ പറഞ്ഞു വീണ്ടും ആശ്വസിപ്പിക്കുന്നു. ആഭരണങ്ങളെല്ലാം ഊരി മാറ്റി ഞാൻ പുറത്തിറങ്ങാൻ നോക്കുമ്പോൾ അവൾ ഒന്നേ ചോദിച്ചുള്ളൂ.. എനിക്ക് എഴുതാനാകുമോ? എല്ലാം ശെരിയാവുമെന്നു പറഞ്ഞു തലതടവി ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി.

കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ എന്നെ വീണ്ടും വിളിപ്പിച്ചു. എന്താണ് ചെയ്യാൻ പോകുന്നതെന്ന് വിശദീകരിച്ചു. മോതിരവിരലിന്റെ അറ്റുപോയ ഭാഗം തുന്നിച്ചേർക്കാൻ ആവില്ലെന്നും ബാക്കി മൂന്നു വിരലിനു സാരമായ മുറിവുള്ളതിനാൽ കാലിൽ നിന്ന് മാംസമെടുത്ത് പ്ലാസ്റ്റിക് സർജറി ചെയ്യുകയാണെന്നും പറഞ്ഞു. അവൾക്ക് എഴുതാനാവില്ലേ എന്ന് മാത്രമേ എനിക്ക് ഡോക്ടറോട് ചോദിക്കാൻ തോന്നിയുള്ളൂ. മൂന്നാഴ്ചയോളം കഴിഞ്ഞാൽ ഫിസിയോ തെറാപ്പി ചെയ്യേണ്ടി വരുമെന്നും ഭാവിയിൽ എഴുതാൻ കുഴപ്പമൊന്നും ഉണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു. എഴുതാൻ പറ്റുമെന്നു ഡോക്ടർ പറഞ്ഞ വിവരം അവളെ അറിയിച്ച് ആശ്വസിപ്പിച്ച് ഞാൻ പുറത്തിറങ്ങി. പിന്നെ ഓപ്പറേഷൻ തിയറ്ററിനു പുറത്ത് മണിക്കൂറുകൾ നീണ്ട കാത്തിരിപ്പ്. എല്ലാം കഴിഞ്ഞു സന്ധ്യയോടെ അവളെ റൂമിലേക്ക് മാറ്റി.

റൂമിലെത്തിയതിനു ശേഷമാണ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചറിയുന്നത്. മിക്സി പ്രവർത്തിപ്പിക്കുന്നതിനിടയിൽ ദോശ ചുടാൻ പോയതാണ്. അതിനിടയിൽ മിക്സിയുടെ മൂടി പൊങ്ങിവരുന്നത് ശ്രദ്ധയിൽ പെട്ട് അത് അമർത്തി അടക്കാൻ ചെന്നതായിരുന്നു. കൈ വച്ച് അമർത്തുന്നതിനു തൊട്ടു മുൻപ് മൂടി തെറിച്ചു പോകുകയും കൈ മിക്സിക്കുള്ളിലാവുകയും ചെയ്തു. ചെറിയൊരു അശ്രദ്ധ കൊണ്ടുണ്ടായ വലിയ അപകടം.

നാല് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ഡിസ്ചാർജ് ആയി അവളിപ്പോൾ വീട്ടിൽ വിശ്രമിക്കുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും വേദന തിന്നിട്ടും ഒരിക്കൽ പോലും ദൈവത്തെ വിളിച്ചില്ലെന്നു അവൾ പറഞ്ഞു. ആ രീതിയിൽ അവളുടെ ചിന്തകൾ വളർന്നിരിക്കുന്നു. അപകടമുണ്ടായപ്പോൾ അമ്പലത്തിലേക്കോ പള്ളിയിലേക്കോ അല്ലല്ലോ ഞങ്ങൾ ഓടിയത്. ആശുപത്രിയിലേക്കല്ലേ.. (ഹോമിയോ, ആയുർവേദ ആശുപത്രികളിലേക്കല്ല കേട്ടോ). വിരലുകൾക്ക് പൂജയൊന്നുമല്ലല്ലോ ചെയ്തത് പ്ലാസ്റ്റിക് സർജറിയല്ലേ! ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ അവളുടെ വിരലുകൾ സുഖം പ്രാപിച്ചു വരുന്നു.

മിക്സിയിൽ കൈ കുടുങ്ങി പരിക്കേറ്റ് നിരവധി പേർ ആശുപത്രിയിൽ ഈയിടെ എത്താറുണ്ടെന്നു ഒരു നഴ്സ് പറഞ്ഞു. ചെറിയ ഒരു അശ്രദ്ധ കൊണ്ട് വളരെ വലിയ അപകടം ഉണ്ടായേക്കാം. മിക്സിയുടെ കാര്യത്തിൽ മാത്രമല്ല വീട്ടിൽ ഉപയോഗിക്കുന്ന പലതിന്റെയും (പ്രത്യേകിച്ച് അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ്, പ്രഷർ കുക്കർ തുടങ്ങിയവ) അവസ്ഥ ഇതുതന്നെയാണ്. ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന അപകടങ്ങളാണ് മിക്കതും.

ഈ അപകടത്തെ മറ്റൊരു തലത്തിൽ കൂടി കാണേണ്ടതുണ്ടെന്നു തോന്നുന്നു. മിക്കവാറും ദിവസങ്ങളിൽ ഞാൻ കൂടി അടുക്കളയിൽ കയറാറുണ്ടെങ്കിലും അന്ന് ഉണർന്നിട്ടും ഉണരാതെ മടിപിടിച്ചു കിടന്നു. എത്രയൊക്കെ സമത്വത്തെക്കുറിച്ച് വാചാലരാകുമ്പോഴും കണ്ടും കെട്ടും ശീലിച്ചിട്ടുള്ള ആൺകോയ്മയുടെ സുഖലോലുപതയിൽ നമ്മളിൽ പലരും പലപ്പോഴും മുഴുകാറുണ്ടെന്നു തോന്നുന്നു. അന്ന് ഞാൻ കൂടി നേരത്തെ എഴുന്നേറ്റിരുന്നെങ്കിൽ അടുക്കളയിൽ അവൾക്കൊപ്പം കൂടിയിരുന്നെങ്കിൽ അവൾ തിടുക്കപ്പെട്ട് അടുക്കളയിൽ പെരുമാറേണ്ടി വരില്ലായിരുന്നു. ഒരുപക്ഷേ അപകടം ഉണ്ടാവില്ലായിരുന്നു. 

Follow Us:
Download App:
  • android
  • ios