ചിത്രത്തില്‍ മറഞ്ഞിരിക്കുന്ന ജീവിയെ കണ്ടെത്താമോ എന്ന 'ഗെയിം' പലപ്പോളും സമൂഹമാധ്യമങ്ങളില്‍ നിങ്ങള്‍ കണ്ടിരിക്കാം. മനസിനെ ഉണര്‍ത്തുന്ന, അല്‍പം ഊര്‍ജ്ജം പകര്‍ന്നുതരുന്ന തരത്തിലുള്ള ഇത്തരം 'ഗെയി'മുകള്‍ക്ക് വലിയ അംഗീകാരമാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കാറുള്ളതും. 

അത്തരത്തില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ഏറെ ശ്രദ്ധ നേടിയൊരു ചിത്രമാണിത്. പതിവുപോലെ ഒളിച്ചിരിക്കുന്ന ജീവിയെ അല്ല ഈ ചിത്രത്തില്‍ തേടേണ്ടത്. പകരം ഇതില്‍ 'സൂം' ചെയ്ത് കാണിച്ചിരിക്കുന്ന ജീവി ഏതാണെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. 

ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ജെ കെ സോണിയാണ് ട്വിറ്ററിലൂടെ ഈ ചിത്രം പങ്കുവച്ചത്. സ്വര്‍ണ്ണനിറവും കറുപ്പും ഇടയ്ക്ക് ചാരനിറവുമെല്ലാം കലര്‍ന്ന, പരന്നുകിടക്കുന്ന ശരീരം. പാമ്പ് പോലുള്ള ജീവികളില്‍ കാണുന്ന 'പാറ്റേണ്‍' രണ്ട് കണ്ണുകള്‍ മാത്രം വ്യക്തമായി കാണാം. എന്നാല്‍ 'സൂം' ചെയ്ത ഫോട്ടോഗ്രാഫായതിനാല്‍ ഏത് ജീവിയാണെന്ന് ഒറ്റനോട്ടത്തില്‍ പറയാനും വയ്യ. 

 

 

പലരും പല ഊഹങ്ങളും പങ്കുവച്ചു. മൂങ്ങയെ മുതല്‍ ബെഡ് ഷീറ്റിനോട് വരെ ചിത്രത്തെ ചേര്‍ത്തുനോക്കിയവരുണ്ട്. എന്നാല്‍ ഒടുവില്‍ ഉത്തരവും ഡോ. സോണി തന്നെ പങ്കുവച്ചു. ഒരു മുതലയുടെ ചിത്രം 'ക്രോപ്' ചെയ്‌തെടുത്തതാണ് സംഗതി. മുതലയുടെ തലയും കണ്ണുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 

 

 

രാജസ്ഥാനിലെ സവായ് മധോപൂര്‍ എന്ന സ്ഥലത്ത്, ചമ്പല്‍ പുഴയുടെ തീരത്ത് വച്ച് മുമ്പ് താന്‍ തന്നെ പകര്‍ത്തിയ ചിത്രമാണിതെന്നും ഡോ. സോണി പറയുന്നു. അവിടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാത്രം താന്‍ ഏഴ് വലിയ മുതലകളെ കണ്ടിരുന്നുവെന്ന ഓര്‍മ്മയും അദ്ദേഹം ചിത്രത്തോടൊപ്പം പങ്കുവയ്ക്കുന്നു. 

Also Read:- പാമ്പല്ല, വേറെയെന്താണ്!; വൈറലായി 'വിചിത്രജീവി'യുടെ വീഡിയോ...