സ്വന്തമായി ഒരു വീട്, ഏതൊരാളുടെയും സ്വപ്‍നമാണ്. ചുരുങ്ങിയ ചെലവില്‍ സര്‍വവിധ സൗകര്യങ്ങളുമുള്ള വീട് എങ്ങനെ നിര്‍മ്മിക്കാം എന്നതാണ് നമ്മൾ ആദ്യം ചിന്തിക്കുന്നത്. വീട് നിർമാണത്തിന് ഏറ്റവും പ്രധാനപ്പെട്ട വസ്‍തുവാണ് തടി. കതകിനും ജനാലയ്ക്കും, ഫർണിച്ചറുകൾക്കും എല്ലാം തടി ആവശ്യ വസ്‍തുവാണ്. എന്നാൽ ഭവന നിര്‍മ്മാണ വസ്‍തുക്കളുടെ വില അനുദിനം മുകളിലേയ്ക്കാണ്. 'തടി'യുടെ വിലയും മറിച്ചല്ല. ഈ സാഹചര്യത്തിൽ എങ്ങനെ നമുക്ക് ചെലവ് കുറയ്ക്കാമെന്നാണ് പലരും ആലോചിക്കും. എന്നാൽ  വെളിച്ചം, വായുസഞ്ചാരം എന്നിവ ഏറെ ആവശ്യമുള്ളതിനാൽ ജനലുകളുടെയും വാതിലുകളുടെയും എണ്ണം കുറയ്ക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് 'ഇന്‍ ബില്‍റ്റ് സീറ്റുകള്‍ ഉപയോഗിച്ചുള്ള വീട് നിർമ്മാണം പുതിയ കാലഘട്ടത്തിൽ  വിപ്ലവം തീർക്കുന്നത്. പ്രധാന ഹാൾ, സിറ്റൗട്ട്, എന്നിവയില്‍ ഇഷ്ടിക ഉപയോഗിച്ച് സെറ്റികളും കസേരകളും നിര്‍മ്മിക്കുക എന്ന രീതിയാണ് 'ഇന്‍ ബില്‍റ്റ് സീറ്റുകള്‍. ഇഷ്‍ടികകള്‍ കൊണ്ട്  നിര്‍മ്മിക്കുന്ന സെറ്റികളും കസേരകൾക്കും തടികൊണ്ടുള്ള ഫര്‍ണിച്ചറിനെ അപേക്ഷിച്ച് മൂന്നിലൊന്ന് മാത്രമേ  നിര്‍മ്മാണച്ചെലവ് വരികയുള്ളൂ.

കട്ടിലുകളും ഡൈനിങ് ടേബിളുകളും ഇപ്പോൾ ഈ രീതിയിൽ നിര്‍മ്മിക്കാറുണ്ട്. തുണികൾ വയ്ക്കാൻ ഉപയോഗിക്കുന്ന തടി കൊണ്ടുള്ള കബോര്‍ഡുകള്‍ക്ക് പകരം ചുമരലമാരകളും വീട് നിര്‍മ്മാണച്ചെലവ് താഴ്ത്താന്‍ സഹായകമാണ്. എന്നാൽ  അലമാരയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അലമാരയ്ക്കുള്ളില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാൻ സാധ്യതയുള്ളതിനാൽ സിമന്റ് സ്ലാബുകള്‍ക്ക് പകരം തടി സ്ലാബുകള്‍ ഉപയോഗിക്കണം. തടിയുടെ ഉപയോഗം കുറച്ചാല്‍ വീടിന്റെ നിര്‍മ്മാണച്ചെലവ് വലിയപരിധിവരെ കുറയ്ക്കാനാകും എന്നതു തന്നെയാണ് 'ഇന്‍ ബില്‍റ്റ് സീറ്റുകളുടെ പ്രത്യേകത.