ഭോപ്പാല്‍: ലോകത്തെ മുഴുവന്‍ ഭീതിയിലാക്കി കൊറോണ വൈറസ് ബാധ തുടരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ചൈനക്കാരിയുടെയും ഇന്ത്യക്കാരന്‍റെയും പ്രണയത്തിന് സാക്ഷാത്കാരം. ചൈനയിലെ വുഹാനില്‍ ആദ്യമായി സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധ പിന്നീട് ഇന്ത്യയടക്കം 25 രാജ്യങ്ങളിലേക്ക് വ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലുകളെല്ലാം കൈക്കൊണ്ടുതന്നെയാണ് ചൈനക്കാരിയായ സിഹാഓ വാംഗും മധ്യപ്രദേശിലെ മാന്‍സൗര്‍ സ്വദേശിയായ സത്യാര്‍ത്ഥ് മിശ്രയും തമ്മിലുള്ള വിവാഹം മംഗളമായി നടന്നത്. 

വിവാഹച്ചടങ്ങുകള്‍ക്കായി വധുവിന്‍റെ ബന്ധുക്കള്‍ നാല് പേര്‍ ചൈനയില്‍ നിന്ന് മധ്യപ്രദേശിലെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ ഇവര്‍ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. പ്രാഥമിക പരിശോധനകളിലും ദിവസവും നടത്തുന്ന പരിശോധനകളിലും ഇവരിലാര്‍ക്കും ഇതുവരെ കൊറോണ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മാന്‍സൗര്‍ ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ഡോ എ കെ മിശ്ര പറഞ്ഞു. 

ആറ്പേരടങ്ങുന്ന സംഘമാണ് ഇവരെ നിരീക്ഷിക്കുന്നത്. ഇതില്‍ ഡോക്ടര്‍മാരും പാരമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടും. ''മുന്‍കരുതല്‍ നടപടിയെന്നോണമാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് അവരെ ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. '' - മിശ്ര പറഞ്ഞു. ''അവര്‍ വളരെ സഹകരണ മനോഭാവം ഉള്ളവരാണ്. പരിശോധനയുടെ ഒരു ഘട്ടത്തിലും അവര്‍ അക്ഷമരായില്ല. പകരം ഞങ്ങളെ അഭിനന്ദിക്കുകയായിരുന്നു'' എന്നും വധുവിന്‍റെ ബന്ധുക്കളെക്കുറിച്ച് പറഞ്ഞു. 

കൊറോണ ബാധയില്‍ ചൈനയില്‍ 300 പേര്‍ മരിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ ഉണ്ടാകാതിരിക്കാന്‍ ഇന്ത്യയിലേക്ക് ചൈനീസ് യാത്രക്കാര്‍ക്ക് നല്‍കിയിരുന്ന ഇ വിസ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 324 ഇന്ത്യക്കാരെ ചൈനയില്‍ നിന്ന്  ഒഴിപ്പിച്ചിരുന്നു. ദില്ലിയിലും ഉത്തര്‍പ്രദേശിലുമുള്ള ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ് ഇവരിപ്പോള്‍. 

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന‍ഡയില്‍ പഠിക്കുമ്പോഴാണ് സത്യാര്‍ത്ഥ് മിശ്രയും താനും തമ്മില്‍ പരിചയപ്പെടുന്നതെന്ന് സിഹാഓ വാംഗ് പറഞ്ഞു. മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹം ചെയ്യാമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ തങ്ങള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നും അവള്‍ വ്യക്തമാക്കി. ചൈനയില്‍ നിന്ന് സിഹാഓയുടെ പിതാവ്, മാതാവ്, രണ്ട് ബന്ധുക്കള്‍ എന്നിവരാണ് വിവാഹത്തിനെത്തിയിരിക്കുന്നത്. സിഹാഓയുടെ നാല് ബന്ധുക്കള്‍ കൂടി വരാനിരുന്നതാണെന്നും എന്നാല്‍ ഇ വിസ താത്കാലികമായി റദ്ദാക്കിയതിനാല്‍ അവര്‍ക്ക് എത്താന്‍ സാധിച്ചില്ലെന്നും സത്യാര്‍ത്ഥ് പറഞ്ഞു. 

ജനുവരി 29 ന് മാന്‍സൗറില്‍ എത്തുന്നതിന് മുമ്പ് ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്നും ഇനിയും കുറച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമേ തന്‍റെ കുടുംബം ചൈനയിലേക്ക് മടങ്ങുവെന്നും വധു പറഞ്ഞു. അതേസമയം ആരോഗ്യ പരിശോധനകളില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അതിന്‍റെ കാരണമെന്തെന്ന് വ്യക്തമാണെന്നും വധുവിന്‍റെ പിതാവ് ഷിബോ വാംഗ് പറഞ്ഞു.