അന്നുവരെ അറിഞ്ഞിട്ടും, പരിചയിച്ചിട്ടുമില്ലാത്ത നിപ എന്ന മാരകരോഗകാരിയെ തുരത്താന്‍ എന്തുതരം മരുന്നുകളാണ് നല്‍കാന്‍ കഴിയുകയെന്ന് ഗവേഷകര്‍ പഠിച്ചു. സമയബന്ധിതമായ ആ പഠനം ചെന്നുനിന്നത്, ഏതായാലും നിപയെ തുരത്താന്‍ പോന്ന കഴിവുള്ള ചില മരുന്നുകളുടെ നിര്‍ണ്ണയത്തില്‍ തന്നെയായിരുന്നു. അത് വിജയം കാണുകയും ചെയ്തു 

കേരളം ആദ്യമായി നിപയെക്കുറിച്ച് കേള്‍ക്കുന്നത് തന്നെ 2018 മെയ് മാസത്തില്‍ കോഴിക്കോട്ട് രണ്ടിലധികം മരണങ്ങള്‍ നടന്ന ശേഷമാണ്. മരുന്നില്ലാത്ത, ചികിത്സയില്ലാത്ത രോഗമെന്നതായിരുന്നു നിപ പൊതുജനങ്ങള്‍ക്കിടയില്‍ ഇത്രയധികം ഭീതിയുള്ളതായി മാറാന്‍ കാരണമായത്.

എന്നാല്‍ വൈകാതെ തന്നെ നിപ വൈറസ് ബാധിച്ച് മരണത്തോളമെത്തിയ രണ്ടുപേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. വിദേശത്തുനിന്നും എത്തിച്ച മരുന്നായിരുന്നു ഇവരുടെ ജീവന്‍ കാത്തത്. അന്നുവരെ അറിഞ്ഞിട്ടും, പരിചയിച്ചിട്ടുമില്ലാത്ത നിപ എന്ന മാരകരോഗകാരിയെ തുരത്താന്‍ എന്തുതരം മരുന്നുകളാണ് നല്‍കാന്‍ കഴിയുകയെന്ന് ഗവേഷകര്‍ പഠിച്ചു. 

സമയബന്ധിതമായ ആ പഠനം ചെന്നുനിന്നത്, ഏതായാലും നിപയെ തുരത്താന്‍ പോന്ന കഴിവുള്ള ചില മരുന്നുകളുടെ നിര്‍ണ്ണയത്തില്‍ തന്നെയായിരുന്നു. അത് വിജയം കാണുകയും ചെയ്തു. കേരളം കടപ്പെട്ടിരിക്കുന്ന, ഈ ഗവേഷകരുടെ സംഘത്തിലും ഉണ്ടായിരുന്നു ഒരു മലയാളിയുടെ സാന്നിധ്യം. യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'AstraZeneca' എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ സീനിയര്‍ ഡയറക്ടറായ ഡോ. ഷമീര്‍ ഖാദര്‍. 

മലേഷ്യയില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത്, അവര്‍ക്ക് വേണ്ടി നടത്തിയ പഠനത്തോട് സമാനമായ പഠനമാണ് കേരളത്തിലും നിപയുണ്ടായപ്പോള്‍ ഇവര്‍ നടത്തിയത്. അന്ന് നേരിട്ട അനുഭവങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ മുജീബുറഹ്മാന്‍ കിനാലൂരുമായി ഡോ. ഷമീര്‍ ഖാദര്‍ സംസാരിക്കുന്നു. 

ആദ്യമായി നിപയെക്കുറിച്ച് അറിയുന്നത് എപ്പോഴാണ്?

നിപയെക്കുറിച്ച് മുമ്പ് റിസര്‍ച്ചുകള്‍ നടത്തുമ്പോള്‍ തന്നെ കേട്ടിട്ടും, അറിഞ്ഞിട്ടുമുണ്ട്. എന്നാല്‍ അതില്‍ കൂടുതലൊരു പഠനം നടത്തുന്നത് കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത അവസരത്തിലാണ്. അത്തരത്തിലൊരു വൈറസ് ബാധയെക്കുറിച്ച് കൂടുതലായി ഗവേഷണം നടത്തിയതും കേരളത്തെ അത് കടന്നുപിടിച്ചപ്പോള്‍ തന്നെയാണ്. 

എന്തുതരം മരുന്നാണ് ഇപ്പോള്‍ നിപയെ പ്രതിരോധിക്കാന്‍ നമ്മള്‍ നല്‍കുന്നത്? ഇതെത്രത്തോളം ഫലപ്രദമാണ് എന്ന് പറയാന്‍ കഴിയും?

Ribavirin, Favipiravir, Remdesivir, m102.4 (monoclonal antibody) എന്നിങ്ങനെയൊക്കെയുള്ള മരുന്നുകളാണ് നിലവില്‍ നിപയെ പ്രതിരോധിക്കാന്‍ നല്‍കുന്നത്. ഇതൊന്നും ഒരസുഖത്തിന് മാത്രമായി എഴുതുന്ന മരുന്നുകളല്ല. അങ്ങനെയല്ല, നമ്മളിതിനെ കാണേണ്ടത്. ഓരോ മരുന്നും ഓരോ രോഗിയിലും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ഓരോരുത്തരുടേയും ആരോഗ്യസ്ഥിതി, പ്രതിരോധശക്തി, മറ്റ് അസുഖങ്ങള്‍, വയസ്, ലിംഗവ്യത്യാസങ്ങള്‍ - ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം മരുന്നിനെയും അതിന്റെ പ്രവര്‍ത്തനത്തേയും സ്വാധീനിക്കും. അങ്ങനെ വരുമ്പോള്‍ ചിലരില്‍ ഇത് നല്ലരീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരും. അതേസമയം മറ്റുചിലരിലാണെങ്കില്‍ അത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധവുമില്ല. 

അപ്പോള്‍ ഇപ്രാവശ്യം നിപ സ്ഥിരീകരിച്ച സാഹചര്യത്തിലും, ആശങ്കപ്പെടേണ്ടതുണ്ട് എന്നാണോ?

പരിഭ്രാന്തിയുടെ കാര്യമില്ല. കാരണം മുമ്പ് നമുക്ക് സമാനമായ ഒരനുഭവം ഉണ്ടായിട്ടുണ്ടല്ലോ. ആ സമയത്ത് അതിനെ ഫലവത്തായി നിയന്ത്രണത്തിലാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തന്നെ 20ല്‍ താഴെയായിരുന്നു അന്ന്. അത് സര്‍ക്കാരും മറ്റ് ഉദ്യോഗസ്ഥവൃന്ദങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളുമെല്ലാം ഒറ്റക്കെട്ടായി പ്രകവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു. ഇനിയും ജാഗ്രത വേണ്ം. 

ഇനി നിപയെ ഭയക്കേണ്ടതില്ല, അതിന് മരുന്നുണ്ട്... എന്ന് സാധാരണക്കാരോട് ധൈര്യപൂര്‍വ്വം പറയാനാകില്ല, എന്നാണോ?

അങ്ങനെ പരിപൂര്‍ണ്ണമായി പറയാനാകില്ല. അതിന് ചില സാങ്കേതികവശങ്ങളുണ്ട്. മുമ്പേ സൂചിപ്പിച്ചുവല്ലോ, ഇപ്പോള്‍ നിപയ്ക്ക് നല്‍കുന്ന മരുന്നുകള്‍ മറ്റ് പല അസുഖങ്ങള്‍ക്ക് കൂടി ഉപയോഗപ്പെടുന്നതാണ്. ഓരോ മരുന്നും പല ഘട്ടങ്ങളിലായുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമാണ് വിപണിയില്‍ എത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ ന്മമള്‍ സൗകര്യപൂര്‍വ്വം ഉപയോഗിക്കുന്ന പല മരുന്നുകള്‍ക്ക് പിന്നിലും വര്‍ഷങ്ങളുടെ ജോലിയുണ്ട്. പലതും ഇപ്പോഴും വികസിതഘട്ടങ്ങളിലാണ്. അതിനാല്‍ തന്നെ ഒരു രോഗത്തെ തുരത്താനുള്ള മരുന്ന് എന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല. 

വൈദ്യശാസ്ത്രത്തില്‍ ഏറ്റവും ആധുനികമായ ഒരു സങ്കേതമാണ് താങ്കള്‍ ഇപ്പോള്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ബയോ ഇന്‍ഫോമാറ്റിക്‌സ്, ഈ ശാസ്ത്രശാഖയെക്കുറിച്ച് വിശദീകരിക്കാമോ?

ബയോ ഇന്‍ഫോമാറ്റിക്‌സ് എന്നുപറയുന്ന ശാസ്ത്രസങ്കേതം, അതായത് കംപ്യൂട്ടര്‍ സയന്‍സും ബയോളജിയും കൂടി ഒരുമിച്ച് നമുക്കെങ്ങനെ കൊണ്ടുപോകാമെന്നതിന്റെ ഒരു 'അപ്ലൈഡ് ഫീല്‍ഡ് ഓഫ് സയന്‍സാ'ണ്. ബയോളജിയുടെ കാര്യത്തില്‍, പണ്ട് നമ്മള്‍ ലാബില്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ എല്ലാ ടെക്‌നോളജിയിലും വന്ന മാറ്റം ബയോളജിയിലും വന്നു. ഒരുപാട് ഡാറ്റയുണ്ടായി. ഈ ഡാറ്റകള്‍ അനലൈസ് ചെയ്യാന്‍ മനുഷ്യര്‍ പോരാതായി. അതിന് കംപ്യൂട്ടറിന്റെ സഹായം വേണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെയുള്ള ഉപാധികള്‍ വേണം. അങ്ങനെ ഉണ്ടായ മേഖലയാണ് ബയോ ഇന്‍ഫോമാറ്റിക്‌സ്. ആദ്യമൊക്കെ ജന്തുക്കളിലെ അല്ലെങ്കില്‍ സസ്യങ്ങളിലെ ജനിതക വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഇത് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ ഹോസ്പിറ്റലുകളിലെ ആവശ്യങ്ങള്‍ക്കൊക്കെ ഉപയോഗിക്കാമെന്നതായിരിക്കുന്നു. വിപ്ലവകരമായ മാറ്റമാണിത്.

(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മരുന്നുകളുടെ ഗവേഷണം നടത്തുന്ന ലോകത്തിലെ നൂറ് ശാസ്ത്രജ്ഞന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക മലയാളി കൂടിയാണ് ഡോ. ഷമീര്‍ ഖാദര്‍)