ലോകത്തിലെ ആദ്യത്തെ പെർഫ്യൂം കലർന്ന ഹാൻഡ്‌ബാഗുമായി ഇറ്റാലിയൻ ആഡംബര ഫാഷൻ ഹൗസായ ഫെൻഡി.ഫെൻ‍ഡിഫ്രെൻഷ്യ എന്നു പേരിട്ടിരിക്കുന്ന ബാഗിന്റെ നിർമാണത്തിന് പ്രത്യേകമായി നിർമിച്ച സുഗന്ധദ്രവ്യമാണ് ലെതറില്‍ ഉപയോഗിച്ചിരിക്കുന്നത്. ബാ​ഗിൽ നാല് വർഷം വരെ ഈ സു​ഗന്ധം നിൽക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്. ചെറിയ ബോട്ടിലിൽ ഈ പെർഫ്യൂം നൽകുന്നുണ്ട്.

ബാഗിന്റെ സുഗന്ധം വീണ്ടെടുക്കാനും ശരീരത്തിലും ഇത് ഉപയോഗിക്കാവുന്നതാണ്. മഞ്ഞയും വെള്ളയും ചേരുന്ന കളർ കോംബിനേഷനിൽ രണ്ടെണ്ണം. കൈപ്പിടിയിൽ കൊള്ളുന്ന മൂന്നാമത്തെ ബാഗ് പൂർണമായും മഞ്ഞ നിറത്തിലുള്ളതാണ്. എല്ലാത്തിലും പ്രത്യേക ആർട് ഡിസൈനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ ബാഗിന് 630 അമേരിക്കൻ ഡോളറാണ് വില നൽകിയിരിക്കുന്നത്. ഡിസംബർ 20 വരെ ഫെൻഡിയുടെ സൈറ്റിലൂടെ ബാഗുകൾ വിൽക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്.