ടോക്കിയോ: ചന്ദ്രനിലേക്കുള്ള യാത്രയിൽ പെൺസുഹൃത്തിനെ കൂടെ കൂട്ടാൻ പരസ്യം നൽകിയ ശതകോടീശ്വരൻ ആ പദ്ധതി ഉപേക്ഷിച്ചതായി വെളിപ്പെടുത്തൽ. ജാപ്പനീസ് ശതകോടീശ്വരൻ യുസാകു മെയ്‌സാവയാണ് ചന്ദ്രനിലേക്കുള്ള കന്നി യാത്രയിൽ കൂടെ പോരാൻ തയ്യാറുള്ള പെൺസുഹൃത്തിനെ തേടുന്നു എന്ന് പരസ്യം ചെയ്തത്. ട്വിറ്റർ, ‌ഔദ്യോ​ഗിക വെബ്സൈറ്റ് എന്നിവ വഴിയായിരുന്നു ഇദ്ദേഹത്തിന്റെ പരസ്യം. ഇപ്പോൾ താത്പര്യമില്ല എന്നാണ് തീരുമാനം ഉപേക്ഷിക്കാൻ കാരണമായി ഇദ്ദേഹം പറയുന്നത്. സുഹൃത്തുക്കളാരുമില്ലാതെ ഒറ്റയ്ക്ക് ചന്ദ്രനിലേക്ക് യാത്ര തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഫാഷൻ വിപണിയിലെ രാജാവ് യുസാകു മെയ്സാവ 20 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകളെയാണ് ‘മാച്ച് മേക്കിംഗ് ഇവന്റിനായി’ അപേക്ഷിക്കാൻ ക്ഷണിച്ചിരുന്നത്. ഏകദേശം 28,000 പേരുടെ അപേക്ഷകളാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദഹം വെളിപ്പെടുത്തുന്നു. തനിച്ചാണെന്ന തോന്നൽ വർദ്ധിക്കുകയാണെന്നും ഒരു സ്ത്രീയെ പ്രണയിക്കാനുള്ള തോന്നൽ ശക്തമാകുകയാണ് എന്നും ഇദ്ദേഹം പരസ്യത്തിൽ വ്യക്തമാക്കിയിരുന്നു. സ്പേസ് എക്സിന്റെ ദൗത്യം നടന്നാൽ 44 കാരനായ യുസാകു സ്റ്റാർഷിപ്പ് റോക്കറ്റിൽ ചന്ദ്രനുചുറ്റും പറക്കുന്ന ആദ്യത്തെ സിവിലിയൻ യാത്രക്കാരനാകുമെന്നാണ് കരുതുന്നത്. 2023 ൽ ആസൂത്രണം ചെയ്ത ഈ ദൗത്യം 1972 ന് ശേഷം മനുഷ്യരുടെ ആദ്യത്തെ ചാന്ദ്ര യാത്രയായിരിക്കും.