താരദമ്പതിമാരുടെ ചിത്രങ്ങള്‍ കാണാനും അവയെക്കുറിച്ച് സംസാരിക്കാനുമെല്ലാം സിനിമാസ്വാദകര്‍ക്ക് വളരെ ഇഷ്ടമാണ്. മലയാളം ഇന്‍ഡസ്ട്രിയില്‍ പോലും ഇത് വളരെ സജീവമായ പ്രവണതയാണ്. എന്നാല്‍ ബോളിവുഡ് ഇക്കാര്യത്തില്‍ അല്‍പം മുന്നിലാണെന്ന് പറയേണ്ടിവരും. 

പല സൂപ്പര്‍ താരങ്ങളുടേയും മക്കള്‍ ഇതിനോടകം തന്നെ ബോളിവുഡില്‍ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ ഈ തിരക്കിലും ബഹളത്തിലുമൊന്നും കജോള്‍- അജയ് ദേവ്ഗണ്‍ ദമ്പതികളുടെ മകള്‍ നൈസയെ അങ്ങനെ കാണാറില്ല. 

പലപ്പോഴും നൈസയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് താരദമ്പതികള്‍ തന്നെ ഒളിപ്പിച്ച് നിര്‍ത്താറ് പോലുമുണ്ടായിരുന്നു. എന്നാല്‍ ഈയിടെയായി അതിലൊരു ചെറിയ മാറ്റമുണ്ടായിട്ട്. കജോള്‍ തന്നെ പലപ്പോഴായി മുന്‍കയ്യെടുത്ത് പതിനാറുകാരിയായ മകളുടെ മനോഹരമായ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചുതുടങ്ങിയിരിക്കുന്നു. 

അങ്ങനെ കഴിഞ്ഞ ദിവസം അമ്മ പങ്കുവച്ച നൈസയുടെ ചിത്രങ്ങള്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ പിടിച്ചുപറ്റുന്നത്. ഗോള്‍ഡന്‍ ക്രീം നിറത്തിലുള്ള പാര്‍ട്ടിവെയറാണ് നൈസയുടെ വേഷം. ലഹങ്കയോ ഫ്രോക്കോ ആകാം. സ്വര്‍ണ്ണനിറത്തില്‍ ധാരാളമായി വര്‍ക്ക് ചെയ്ത ടോപ്പ് ഭാഗവും, അവിടവിടെ മാത്രം ഡോള്‍ഡന്‍ സ്വീക്വന്‍സുകള്‍ പിടിപ്പിച്ച ബാക്കി ഭാഗങ്ങളും. ഒപ്പം ഞൊറിവുകള്‍ വച്ച ഒരു ഷോളും ഉണ്ട്. ഇതിന് അനുയോജ്യമായ വലിയ ഡിസൈനര്‍ കമ്മലുകളും വലിയ മോതിരവും നൈസ അണിഞ്ഞിരിക്കുന്നു. 

മിക്കവാറും ടീ ഷര്‍ട്ട്, ട്രൗസേഴ്‌സ്, കൂര്‍ത്ത എന്നീ വേഷങ്ങളിലാണ് അധികവും നൈസയെ പുറത്ത് കാണാറ്. എന്നാല്‍ പതിവില്‍ നിന്ന് വിരുദ്ധമായി ഒരുങ്ങി, മനോഹരമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്ന നൈസയെ കാണുമ്പോള്‍ ഇനി സിനിമയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ആദ്യ സൂചനകളാണോ എന്ന സംശയവും ആരാധകര്‍ക്കുണ്ട്. എന്തായാലും നിരവധി പേരാണ് നൈസയുടെ ചിത്രങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.