Asianet News MalayalamAsianet News Malayalam

കശ്മീരിലെ മറുനാടൻ ബാർബർമാർ പേടിച്ചു സ്ഥലം വിട്ടു, നാട്ടിലെ മുടിവെട്ടുകാർക്കിത് കൊയ്ത്തുകാലം

മൂന്നുലക്ഷത്തിൽപരം പ്രൊഫഷണൽ ബാർബർമാരാണ് സംഘർഷ ഭീതി മൂലം കശ്മീർ താഴ്വര വിട്ട് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരിക്കുന്നത്.

kashmir, barbers from other states flee out of fear, good time for the local hair dressers
Author
Kashmir, First Published Aug 22, 2019, 6:27 PM IST

കശ്മീർ : വർഷങ്ങളായി കശ്മീരികൾ തങ്ങളുടെ തലകൾ വിശ്വസിച്ചേൽപ്പിച്ചിരുന്നത് ബിജ്‌നോറിൽ നിന്നും അവിടെ വന്നുകുടിയേറിയിരുന്ന ബാർബർമാരെയാണ്. എന്നാൽ, താഴ്‌വരയിൽ സംഘർഷം മുറുകിയതോടെ അവരിൽ പലരും തിരികെ ഉത്തർപ്രദേശിലേക്കുതന്നെ മടങ്ങിപ്പോയി. അതോടെ താഴ്വരയിലെ സലൂണുകളിൽ മിക്കതും അടച്ചുപൂട്ടി. വൃത്തിക്ക് മുടിവെട്ടാൻ അറിയുന്നവരെ കണ്ടുകിട്ടാതെയായി. ക്ഷൗരത്തിന് ഡിമാൻഡ് കൂടിയ സാഹചര്യത്തിൽ, തലമുറകളായി മുടിവെട്ടിയിരുന്നവരിൽ ചിലർ, അത് വേണ്ടെന്നുവെച്ച് മറ്റു തൊഴിലുകളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന തദ്ദേശീയർ, ഇപ്പോൾ പൂട്ടിയ പല സലൂണുകളും ഏറ്റെടുത്ത് വളരെ ലാഭകരമായി നടത്തിക്കൊണ്ടിരിക്കുകയാണ്. അവർക്ക് ഇത് അക്ഷരാർത്ഥത്തിൽ കൊയ്ത്തുകാലമാണ്.

കശ്മീർ ഹെയർഡ്രെസ്സെർസ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ബിജ്‌നോറുകാർ നടത്തിയിരുന്ന 20,000 -ൽ പരം സലൂണുകളാണ് ഓഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370  റദ്ദാക്കിയ ബിൽ വന്നശേഷം അടച്ചുപൂട്ടിയത്. താഴ്‌വരയിൽ സാഹചര്യം മോശമായ ശേഷം, വീടുകളിൽ ചെന്ന് മുടിവെട്ടിക്കൊടുക്കുന്ന ഗുലാം മുഹമ്മദ് ഹജാം ഇപ്പോൾ കൈവന്ന സൗഭാഗ്യത്തെ സന്തുഷ്ടനാണ്. എല്ലാം ഒന്ന് തണുത്തിട്ടുവേണം ഒരു കട വാടകയ്‌ക്കെടുത്ത് സലൂൺ തുറക്കാൻ എന്നാണ് അദ്ദേഹം പറയുന്നത്. 

" ഇവിടത്തെ പുതിയ തലമുറക്കാർക്കൊന്നും ഞങ്ങളെ വേണ്ടാതെയായിരുന്നു. എല്ലാവര്ക്കും ബിജ്‌നോറിൽ നിന്നുള്ള എക്സ്പേർട്ട് ഹെയർ ഡ്രെസ്സർമാർ വെട്ടിയാലേ ബോധിച്ചിരുന്നുള്ളൂ. എന്റെ കസ്റ്റമേഴ്സ് ഒക്കെ എന്നെപ്പോലെ തന്നെ വയസ്സന്മാർ മാത്രമായിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന ഈ ബാർബർമാരുടെ ഷോർട്ടേജ്, പുതു തലമുറയിലെ പിള്ളേരെ ഈ തൊഴിലിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചേക്കുമെന്ന് കരുതുന്നു.." അദ്ദേഹം പിടിഐയോട് പറഞ്ഞു. 

പലയിടത്തും മുടിവെട്ടാൻ ഒരു കടപോലും ഇല്ലാത്ത അവസ്ഥയുണ്ട്. അവിടെ പല കശ്മീരി യുവാക്കളും, മുടി  വല്ലാതെ വളർന്നു വരുമ്പോൾ കത്രികയെടുത്ത്  ഒരു കൈ നോക്കുക പോലും ചെയ്യുന്നുണ്ട്. സ്വന്തം മുടി അവനവനു വെട്ടാൻ പറ്റാത്തതുകൊണ്ട്  പരസ്പരം വെട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്. ട്രിമ്മർ ഒക്കെ ഉള്ളതുകൊണ്ട് മുടി പറ്റെ വെട്ടാൻ ബാർബറുടെ ആവശ്യമില്ലെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്. പലരും ഇപ്പോൾ ട്രിമ്മർ വാങ്ങി സ്വന്തം കുട്ടികളുടെ ഒക്കെ മുടി സ്വയമാണ് വെട്ടുന്നത്. അടുത്തൊന്നും സലൂൺ ഇല്ലാത്തതു തന്നെ പ്രധാന കാരണം. 

മൂന്നുലക്ഷത്തിൽ പരം പ്രൊഫഷണൽ ഹെയർ ഡ്രസ്സർമാരാണ് സംഘർഷ ഭീതി മൂലം കശ്മീർ താഴ്വര വിട്ട് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തിരിക്കുന്നത്.  അവർക്കുപകരം ഇപ്പോൾ സലൂൺ തുടങ്ങിയിരിക്കുന്ന സ്വദേശികളിൽ പലരും ഈ തൊഴിലിൽ അത്ര വിദഗ്ദ്ധരൊന്നുമല്ലെങ്കിലും കടകളിൽ നല്ല തിരക്കുള്ളതുകൊണ്ടും, വെട്ടിപ്പടിക്കാൻ മുടി തിങ്ങി നിറഞ്ഞ നിരവധി തലകൾ ഇപ്പോൾ കിട്ടുന്നതുകൊണ്ടും വളരെ പെട്ടെന്നുതന്നെ നല്ലൊരു ബാര്ബറാകാൻ കഴിയുമെന്നാണ് തുടക്കക്കാർ പോലും കരുതുന്നത്. 
 

Follow Us:
Download App:
  • android
  • ios